മേരി കോമിനെ പ്രശംസിച്ചു ബോളിവുഡ് താരങ്ങള്‍
മേരി കോമിനെ പ്രശംസിച്ചു ബോളിവുഡ് താരങ്ങള്‍
Thursday, October 2, 2014 11:08 PM IST
മുംബൈ: ഇഞ്ചിയോണില്‍ സ്വര്‍ണമണിഞ്ഞ മേരി കോമിനു ആശംസകളുമായി സിനിമാലോകവും. മേരിയുടെ ജീവിതകഥ അഭ്രപാളിയിലേക്കു പകര്‍ത്തിയപ്പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രിയങ്ക ചോപ്രയാണു ഫേസ്ബുക്കിലൂടെ ആദ്യം അഭിനന്ദനമറിയിച്ചത്.

അതേ, മേരി കോം സ്വര്‍ണം നേടിയിരിക്കുന്നു. ഇതിനെ നമുക്കു സ്ത്രീശക്തിയെന്നു വിളിക്കാം. രാജ്യത്തിന് അഭിമാനിക്കാം. മേരീ... നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. യഥാര്‍ഥ ജേതാവാണ് നിങ്ങള്‍-പ്രിയങ്ക തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 15 ലക്ഷം പേരാണ് ഇതു ലൈക്ക് ചെയ്തത്.

ബിഗ് ബി അമിതാഭ് ബച്ചനും മേരിയുടെ വിജയത്തെ ട്വിറ്ററിലൂടെ പുകഴ്ത്തി. എന്തൊരു നേട്ടമാണിത്. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം മേരിയുടെ വിജയത്തിനു തൊട്ടുപിന്നാലെ ട്വിറ്റ് ചെയ്തത്. ഇന്ത്യയുടെ അഭിമാനം വീണ്ടുമുയര്‍ത്തിയ മേരിക്ക് അഭിനന്ദനങ്ങള്‍. ഉജ്വല നേട്ടമാണിത്- ഷാഹിദ് കപൂറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.


മേരി കോമിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി കഴിഞ്ഞമാസം അഞ്ചിനു പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് മേരി കോമിനെ അവതരിപ്പിച്ചിരിക്കുന്നത്. 15 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം 28 ദിവസംകൊണ്ട് നേടിയത് 65 കോടി രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.