ബാഴ്സയെ പിഎസ്ജി കീഴടക്കി
ബാഴ്സയെ പിഎസ്ജി കീഴടക്കി
Thursday, October 2, 2014 11:23 PM IST
പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് എഫില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ ഫ്രഞ്ച് സൂപ്പര്‍ ക്ളബ് പിഎസ്ജി തങ്ങളുടെ തട്ടകത്തില്‍വച്ചു കീഴടക്കി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

മത്സരത്തില്‍ ഇറങ്ങിയ ബാഴ്സലോണയുടെ ചാവി ഹെര്‍ണാണ്ടസ് ഏറ്റവും അധികം ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ച താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി. റൌള്‍ ഗോണ്‍സാലസിന്റെ 142 മത്സരം എന്ന റിക്കാര്‍ഡ് ചാവി 143ആക്കി. എന്നാല്‍, ചാവിയുടെ സന്തോഷ ദിനം ബാഴ്സയുടെ ദുഃഖമായി. ഡേവിഡ് ലൂയിസ് (10), വരാത്തി (26), മുതുഡി (54) എന്നിവരാണ് പിഎസ്ജിക്കായി ഗോള്‍ നേടിയത്. ബാഴ്സയ്ക്കുവേണ്ടി ലയണല്‍ മെസി (11), നെയ്മര്‍ (56) എന്നിവര്‍ ഗോള്‍ മടക്കി. സൂപ്പര്‍ താരങ്ങളായ സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച്, തിയാഗൊ സില്‍വ എന്നിവരില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് പിഎസ്ജിക്ക് നാലു പോയിന്റായി. ബാഴ്സയ്ക്ക് മൂന്നു പോയിന്റേയുള്ളൂ.


ഗ്രൂപ്പ് ഇയില്‍ ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്ക് ജയം നേടിയപ്പോള്‍ മാഞ്ചസ്റര്‍ സിറ്റിയും എഎസ് റോമയും സമനിലയില്‍ പിരിഞ്ഞു. എവേ മത്സരത്തില്‍ സിഎസ്കെഎ മോസ്കോയെയാണ് ബയേണ്‍ 1-0നു കീഴടക്കിയത്. 22-ാം മിനിറ്റില്‍ തോമസ് മ്യൂളറാണ് ജര്‍മന്‍ ടീമിന്റെ ജയംകുറിച്ച ഗോള്‍ സ്വന്തമാക്കിയത്. സിറ്റിയുടെ തട്ടകത്തില്‍ ഫ്രാന്‍സെസ്കോ ടോട്ടിയുടെ (23) ഗോളാണ് റോമയ്ക്കു സമനില സമ്മാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.