ഹാലെപ് പുറത്ത്, ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍
ഹാലെപ് പുറത്ത്, ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍
Sunday, August 31, 2014 11:58 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ വന്‍ അട്ടിമറികള്‍. രണ്ടാം സീഡ് റുമേനിയയുടെ സിമോണ ഹാലെപ്, ആറാം സീഡ് ജര്‍മനിയുടെ എയ്ഞ്ചലിക് കെര്‍ബര്‍ എന്നിവര്‍ പുറത്തായി. ഇവര്‍ക്കൊപ്പം മുന്‍ ചാമ്പ്യന്‍ അമേരിക്കയുടെ വീനസ് വില്യംസിനും ഇറ്റലിയുടെ റോബെര്‍ട്ട വിന്‍സിക്കും പ്രീക്വാര്‍ട്ടര്‍ കാണാനായില്ല. എന്നാല്‍ റ്ഷ്യയുടെ മരിയ ഷറപ്പോവ, സെര്‍ബിയയുടെ യെലേന യാനോവിച്ച്, സാറാ എറാനി എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം സീഡ് സിമോണ ഹാലെപിനെ നേരിട്ട സെറ്റുകള്‍ക്ക് (7-6, 6-2) ക്രൊയേഷ്യയുടെ മിര്‍യാന ലൂചിചാണ് കീഴടക്കിയത്. ആറാം സീഡ് എയ്ഞ്ചലിക് കെര്‍ബറെ സ്വിസ് കൌമാര താരം ബെലിന്‍ഡ ബെന്‍സിച് 6-1, 7-5ന് തകര്‍ത്തു. പതിമൂന്നാം സീഡ് ഇറ്റലിയുടെ സാറാ എറാനി മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ 6-0, 0-6, 7-6ന് കീഴടക്കി. ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെ ചൈനയുടെ സീഡ് ചെയ്യപ്പെടാത്ത ഷീ പെംഗ് 6-4, 6-3ന് തോല്പിച്ചു.

മരിയ ഷറപ്പോവ ജര്‍മനിയുടെ സാബിന്‍ ലിസിസികിയെ 6-2, 6-4ന് മറികടന്നു. യെലേന യാങ്കോവിച്ച് സ്വീഡന്റെ ജോഹാന്ന ലാര്‍സണെ 6-1, 6-0ന് പരാജയപ്പെടുത്തി. ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കി ജര്‍മനിയുടെ ആന്ദ്രെ പെറ്റ്കോവിച്ചിനെ 6-3, 6-2 തോല്പിച്ചു. ലൂസി സഫര്‍കോവ ഫ്രാന്‍സിന്റെ അലീസ് കോര്‍ണെയെ 6-3, 6-7, 6-4ന് മറികടന്നു.

ഫെഡറര്‍, ഫെറര്‍ മൂന്നാം റൌണ്ടില്‍

പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ രണ്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ അമേരിക്കയുടെ സാമുവല്‍ ഗ്രോത്തിനെ 6-4, 6-4, 6-4ന് പരാജയപ്പെടുത്തി. ഫെഡററുടെ പിറന്നാളായിരുന്നു ഇന്നലെ. സ്പെയിന്റെ ഡേവിഡ് ഫെറര്‍ വാക്ക് ഓവറിലൂടെ മൂന്നാം റൌണ്ടിലെത്തി. ഓസ്ട്രേലിയയുടെ ബെര്‍നാര്‍ഡ് ടോമിക് ആയിരുന്നു എതിരാളി. ചെക് റിപ്പ ബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ച് സ്ളോവാക്യയുടെ മാര്‍ട്ടിന്‍ ക്ളിസാനെ അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ (6-3, 4-6, 6-2, 3-6, 6-3) കീഴടക്കി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് ഇസ്രായേലിന്റെ ദുദി സെലയെ 6-1, 6-2, 6-2ന് തോല്‍പ്പിച്ചു. സീഡ് ചെയ്യപ്പെടാത്ത ഓസ്ട്രിയയുടെ ഡോമിനിക് തിയം പതിനൊന്നാം സീഡ് ലാറ്റ്വിയയുടെ ഏര്‍ണസ്റ് ഗുല്‍ബിസിനെ അഞ്ച് സെറ്റുകള്‍ക്ക് (4-6, 3-6, 6-4, 6-3, 6-3)ന് കീഴടക്കി. ഫ്രാന്‍സിന്റെ ആഡ്രിയാന്‍ മനാരിനോ പതിനഞ്ചാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ 6-3, 6-4, 6-1ന് തോല്പിച്ചു.


പെയ്സ് സഖ്യം പ്രീക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്‍മാരായ ലിയാന്‍ഡര്‍ പെയ്സ്-റഡെക് സ്റെപാനക് സഖ്യം പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം റൌണ്ടില്‍ ഇന്തോ-ചെക് സഖ്യം ചൈനീസ് തായ്പേയുടെ യെന്‍ സണ്‍ ലു ചെക് റിപ്പബ്ളിക്കിന്റെ യിരി വെസ്ളി കൂട്ടുകെട്ടിനെ 7-6, 6-3ന് തോല്പിച്ചു. ആദ്യ സെറ്റില്‍ ഇരു കൂട്ടരും ഒരേ പോലെ മുന്നേറ്റം നടത്തി. എന്നാല്‍ രണ്ടാം സെറ്റില്‍ പെയ്സ് സഖ്യം വ്യക്തമായ ആധിപത്യത്തോടെ സെറ്റും മത്സരവും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.