ചെകുത്താന്മാര്‍ക്കു വിജയമില്ല
ചെകുത്താന്മാര്‍ക്കു വിജയമില്ല
Sunday, August 31, 2014 11:55 PM IST
ലണ്ടന്‍: എയ്ഞ്ചല്‍ ഡി മരിയ എത്തിയിട്ടും മാഞ്ചസ്റര്‍ യുണൈറ്റഡിനു ജയമില്ല. മുന്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി ദുര്‍ബലരായ ബേണ്‍ലി സ്വന്തം സ്റേഡിയത്തില്‍ മികവ് കാട്ടി. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് സ്റോക് സിറ്റി അട്ടിമറിച്ചു. പ്രീമിയര്‍ ലീഗിലെ ആദ്യജയം മോഹിച്ചെത്തിയ മാഞ്ചസ്ററിനെതിരേ ബേണ്‍ലി തകര്‍പ്പന്‍ കളിയാണ് കാഴ്ചവച്ചത്. വന്‍തുകയ്ക്കു റയല്‍ മാഡ്രിഡില്‍നിന്നു മാഞ്ചസ്ററിലെത്തിയ ഡി മരിയയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ലൂയിസ് വാന്‍ ഗാല്‍ ടീമിനെ ഇറക്കിയത്.

എന്നാല്‍, ഡി മരിയയ്ക്കു മാഞ്ചസ്ററിനുവേണ്ടിയുള്ള ആദ്യമത്സരം അവിസ്മരണീയമാക്കാന്‍ സാധിച്ചില്ല. ഗോളടിക്കാന്‍ പാകത്തിനു വാന്‍ പേഴ്സിക്കും യുവാന്‍ മാട്ടയ്ക്കും പന്തെത്തിച്ചു നല്‍കാന്‍ അര്‍ജന്റൈന്‍ താരത്തിനായി. കോച്ചിന്റെ തന്ത്രം വിജയിക്കാത്തതിനെത്തുര്‍ന്ന് 68-ാം മിനിറ്റില്‍ ഡി മരിയയെ പിന്‍വലിച്ച് പകരം ആന്‍ഡേഴ്സണെ ഇറക്കി. ബേണ്‍ലിക്കെതിരെ റോബിന്‍ വാന്‍പേഴ്സി, വെയ്ന്‍ റൂണി എന്നിവര്‍ ഉള്‍പ്പെടുന്ന മികച്ച ടീമാണ് ഇറങ്ങിയത്. കരുത്തര്‍ക്കു മുന്നില്‍ തളരാതെ പിടിച്ചുനിന്ന ബേണ്‍ലി പലപ്പോഴും മാഞ്ചസ്ററിന്റെ ഗോള്‍മുഖം വിറപ്പിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ മാഞ്ചസ്ററിന്റെ ആഷ്ലി യംഗിന്റെ ഷോട്ട് ബേണ്‍ലി താരം ആഷ്ലി ബാര്‍നിന്റെ കൈയില്‍ തട്ടിയെങ്കിലും പെനാല്‍റ്റി കൊടുക്കാന്‍ റഫറി തയാറായില്ല.


ഈ സീസണില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് ഒരു ജയം പോലും നേടാനായിട്ടില്ല. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സ്വാന്‍സി സിറ്റിയോട് 2-1നും സണ്ടര്‍ലന്‍ഡുമായുള്ള രണ്ടാം മത്സരം 1-1ന് സമനിലയായപ്പോള്‍ കാപ്പിറ്റല്‍ വണ്ണില്‍ മൂന്നാംനിര ടീം എംകെ ഡോണ്‍സ് 4-0ന് നാണംകെടുത്തി.

അത്യന്തം ആവേശകരമായ മത്സരത്തിലാണ് സ്റോക് സിറ്റി മാഞ്ചസ്റര്‍ സിറ്റിയെ കെട്ടുകെട്ടിച്ചത്. 58-ാം മിനിറ്റില്‍ മാമെ ദിയൂഫ് നേടിയ സോളോ ഗോളാണ് സിറ്റിയെ മറിച്ചത്. സീസണില്‍ സിറ്റിയുടെ ആദ്യ പരാജയമാണിത്. മറ്റു മത്സരങ്ങളില്‍ സണ്ടന്‍ലന്‍ഡിനെ ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സും സ്വാന്‍സീ സിറ്റി വെസ്റ്ബ്രോമിനെ 3-0നും തകര്‍ത്തു. ന്യൂകാസില്‍- ക്രിസ്റല്‍ പാലസ് മത്സരം 3-3 സമനില യില്‍ കലാശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.