നിരക്ക് വർധന: സ്വകാര്യ ടെലികോം കന്പനികളിൽ കൊഴിഞ്ഞുപോക്കു തുടരുന്നു
Saturday, November 23, 2024 11:30 PM IST
ഡൽഹി: നിരക്ക് വർധിപ്പിച്ചതു മുതൽ ഇന്ത്യൻ ടെലികോം മേഖലയിൽ ആരംഭിച്ച കൂടുമാറ്റം സെപ്റ്റംബറിലും തുടരുന്നതായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ. ഈ വർഷം ജൂലൈയിൽ ഇന്ത്യൻ ടെലികോം കന്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു.
ട്രായിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം മാസവും കന്പനികൾക്ക് ഉപയോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതേസമയം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഉയർന്നു. നേരത്തേ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ പുറത്തുവന്നപ്പോഴും ഇതേ ട്രെൻഡ് തന്നെയായിരുന്നു.
ട്രായിയുടെ റിപ്പോർട്ട് പ്രകാരം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മാത്രമാണ് പുതിയതായി സെപ്റ്റംബറിൽ വയർലെസ് ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ ഏകദേശം 8.4 ലക്ഷം വരിക്കാരെ ബിഎസ്എൻഎൽ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സെപ്റ്റംബറിൽ ജിയോയ്ക്ക് 79 ലക്ഷം വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വോഡഫോണ്‍ ഐഡിയയ്ക്ക് 15 ലക്ഷം ഉപോഭോക്താക്കളെ നഷ്ടമായി. എയർടെലിന് 14 ലക്ഷം ഉപയോക്താക്കളാണ് കുറഞ്ഞത്.
സ്വകാര്യ കന്പനികളെ മറികടന്ന് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎലിന് കരുത്തായത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്.
വരിക്കാരുടെ എണ്ണത്തിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടെലികോം വിപണിയിൽ ഒന്നാമൻ ഇപ്പോഴും ജിയോ തന്നെയാണ്. സെപ്റ്റംബറിൽ ജിയോ 40.20% (ഓഗസ്റ്റിൽ 40.53%) വിപണിവിഹിതവുമായി ഏറ്റവും വലിയ മൊബൈൽ ഓപറേറ്ററായി തുടർന്നു, എയർടെൽ 33.24% (ഓഗസ്റ്റിൽ 33.07%), വോഡഫോണ്‍ ഐഡിയ 18.41% (ഓഗസ്റ്റിൽ 18.39%). ബിഎസ്എൻഎൽ 7.98% (ഓഗസ്റ്റിൽ 7.84%) വിപണി വിഹിതം നേടി.