ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടം: ലാന്‍ഡ് പൂളിംഗ് ചട്ടവുമായി ബന്ധപ്പെട്ട് ശില്പശാല നടത്തി
Saturday, November 23, 2024 11:30 PM IST
കൊച്ചി: സംസ്ഥാന ലാന്‍ഡ് പൂളിംഗ് ചട്ടവുമായി ബന്ധപ്പെട്ട് ജിസിഡിഎയും ഇന്‍ഫോപാര്‍ക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ നടന്നു.
ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎയുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിനു മുന്നോടിയായാണ് ശില്പശാല. ഇന്‍ഫോ പാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു. ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, പി.വി. ശ്രീനിജന് എംഎല്‍എ, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ജിസിഡിഎ സീനിയര്‍ ടൗണ്‍ പ്ലാനര്‍ എം.എം. ഷീബ, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലയില്‍ 300 ഏക്കറിലാകും ഇന്‍ഫോ പാര്‍ക്ക് മൂന്നാം ഘട്ട പദ്ധതി നിര്‍മിക്കുന്നത്. ലാന്‍ഡ് പൂളിംഗ് വഴിയാകും സ്ഥലം കണ്ടെത്തുക. ഇതില്‍ 100 ഏക്കര്‍ ഐടി പാര്‍ക്കിനായി മാത്രം വിനിയോഗിക്കും.
ശേഷിക്കുന്ന സ്ഥലത്ത് പാര്പ്പിടസൗകര്യങ്ങള്, വാണിജ്യ സ്ഥാപനങ്ങള്‍, കായിക-സാംസ്കാരിക സംവിധാനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഉണ്ടാകും. 12,000 കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം ഐടി തൊഴിലവസരവുമാണ് സര്‍ക്കാര്‍ ഇവിടെ ലക്ഷ്യമിടുന്നത്.
നിലവില്‍ 120 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം അനുവദിച്ചുകിട്ടാന്‍ കാത്തിരിക്കുന്നത്.