വിപണിയുടെ ശ്രദ്ധ കേന്ദ്രബാങ്കിലേക്ക്
വിപണിയുടെ ശ്രദ്ധ കേന്ദ്രബാങ്കിലേക്ക്
Sunday, December 4, 2016 11:21 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: വിപണിയുടെ എല്ലാ ശ്രദ്ധയും കേന്ദ്രബാങ്കിലേക്കു തിരിയുകയാണ്. ബുധനാഴ്ചയാണ് റിസർവ് ബാങ്കിന്റെ വായ്പാ അവലോകനം. സാമ്പത്തിക രംഗത്തെ പുത്തൻ പരിഷ്കാരങ്ങൾ കണക്കിലെടുത്താൽ ബാങ്കിംഗ് മേഖലയ്ക്കു കൂടി ഊർജം പകരുന്ന പ്രഖ്യാപനങ്ങൾ ആർബിഐയിൽനിന്നു പ്രതീക്ഷിക്കാം.

ഈ വാരവും പ്രമുഖ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരാം. നിഫ്റ്റി 8,070–8,244 പോയിന്റിൽ സഞ്ചരിച്ച ശേഷം വാരാന്ത്യം 27 പോയിന്റ് നഷ്ടത്തിൽ 8,086ലാണ്. ഇന്ന് നിഫ്റ്റിക്ക് 8,060–8,050 പോയിന്റ് ഏറെ നിർണായകമാണ്. ഈ സപ്പോർട്ട് കാത്തുസൂക്ഷിച്ചാൽ 8,196–8,307ലേക്ക് ഹ്രസ്വകാലയളവിൽ വിപണി മുന്നേറാം. ഈ പ്രതിരോധമേഖല മറികടക്കാനായാൽ 8,370 വരെ ഉയരാം. ഈ വാരം വിപണിയുടെ താങ്ങ് 8,022–7,959ലാണ്. ഇത് നഷ്ടപ്പെട്ടാൽ 7,848 വരെ പരീക്ഷണം തുടരാം. നിഫ്റ്റിയുടെ മറ്റു സാങ്കേതികവശങ്ങൾ പരിശോധിച്ചാൽ പാരാബോളിക്ക് എസ്എആർ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഒരു പുൾ ബാക്ക് റാലിക്കുള്ള ഒരുക്കത്തിലുമാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ ബോട്ടാണ്. അതേസമയം ആർഎസ്ഐ 14 ന്യൂട്ടറൽ റേഞ്ചിലും.

ബോംബെ സെൻസെക്സ് 26,270 റേഞ്ചിൽനിന്ന് നിത്യേന ഉയർന്ന് 26,721 വരെ എത്തിയ ശേഷം വാരാന്ത്യം 26,231 പോയിന്റിലാണ്. ഈവാരം ആദ്യ സപ്പോർട്ടായ 26,037ൽ പിടിച്ചു നിൽക്കാനായാൽ 26,573–26,915 പോയിന്റിനെ ലക്ഷ്യമാക്കി മുന്നേറാനാവും. എന്നാൽ, ആദ്യ താങ്ങിൽ കാലിടറിയാൽ സൂചിക 25,843–25,501 ലേക്കു വരുംദിനങ്ങളിൽ തളരാം.

വിദേശ ധനകാര്യസ്‌ഥാപനങ്ങൾ കഴിഞ്ഞ 17 ദിവസത്തിനിടെ ഇന്ത്യയിൽനിന്ന് 18,800 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. പോയവാരം 3,179 കോടി രൂപയുടെ ബാധ്യതകളാണ് അവർ വിറ്റത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 419 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ കൈവെടിഞ്ഞു.


ഫോറെക്സ് മാർക്കറ്റിൽ രൂപ പ്രതിസന്ധികളെ മറികടന്ന് കരുത്തു കാണിച്ചു. 68.47ൽനിന്ന് 68.76ലേക്ക് ഇടിഞ്ഞ രൂപയുടെ മൂല്യം വാരാന്ത്യം 68.03ലാണ്. കേന്ദ്ര ബാങ്ക് വൻതോതിൽ ഡോളർ വില്പനയ്ക്കിറക്കിയത് രൂപയ്ക്കു നേട്ടമായി.

നീണ്ട ഇടവേളയ്ക്കു ശേഷം ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ ഒപ്പെക്ക് തീരുമാനിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ 12 ശതമാനം നേട്ടവുമായി ബാരലിന് 51.68 ഡോളറായി. 2011ന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടം. 2008ന് ശേഷം ആദ്യമായാണ് ഒപ്പെക്ക് അംഗരാജ്യങ്ങളും എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് രാജ്യങ്ങളും സംയുക്‌തമായി ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ യോജിപ്പിൽ എത്തുന്നത്. ഈ വാരം 52 ഡോളറിലെ പ്രതിരോധം വിപണി മറികടന്നാൽ 54–57 ഡോളർ വരെ മുന്നേറാൻ എണ്ണ മാർക്കറ്റിനാവും. മാസത്തിന്റെ രണ്ടാം പകുതിയിൽ ക്രിസ്മസ്–ന്യൂ ഇയർ അവധികൾക്കായി ഫണ്ടുകൾ രംഗം വിടുന്നത് നിക്ഷേപതാത്പര്യം ചുരുങ്ങാൻ ഇടയാക്കുന്നത് കണക്കിലെടുത്താൽ 50–46 ഡോളറിൽ താങ്ങു പ്രതീക്ഷിക്കാം.

ജനുവരി മുതൽ പ്രതിദിന എണ്ണ ഉത്പാദനത്തിൽ മൂന്ന് ശതമാനം കുറവ് വരുത്താൻ തീരുമാനം. നിത്യേന 1.2 കോടി ബാരൽ എണ്ണയുടെ കുറവ്. ഒപ്പെക്കിന്റെ പ്രതിദിന എണ്ണ ഉത്പാദനം 3.25 കോടി ബാരലാണ്. ഒപ്പെക്കിൽ അംഗമല്ലാത്ത റഷ്യ ഉൾപ്പെടെയുള്ള മറ്റ് ഉത്പാദക രാജ്യങ്ങൾ വെള്ളിയാഴ്ച യോഗം ചേരും. ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ റഷ്യ മൂന്നു ലക്ഷം ബാരലിന്റെ കുറവ് അടുത്ത വർഷം വരുത്താനുള്ള തയാറെടുപ്പിലാണ്.

ഏഷ്യൻ–യൂറോപ്യൻ മാർക്കറ്റുകൾ പലതും നഷ്ടത്തിലാണ്. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക നഷ്ടത്തിലാണെങ്കിലും എസ് ആൻഡ് പി, നാസ്ഡാക് സൂചികകൾ മികവു നിലനിർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.