ഇ–കളക്ഷനു സ്പൈസ് ഡിജിറ്റലുമായി ഫെഡറൽ ബാങ്ക് പങ്കാളിത്തം
ഇ–കളക്ഷനു സ്പൈസ് ഡിജിറ്റലുമായി ഫെഡറൽ ബാങ്ക് പങ്കാളിത്തം
Wednesday, November 30, 2016 1:16 PM IST
കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഇ– കളക്ഷൻ സൗകര്യംവഴി പണം കൈകാര്യം ചെയ്യുന്നതിനായി സ്പൈസ് ഡിജിറ്റലുമായി ബാങ്ക് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതനുസരിച്ച് സ്പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തിൽപരം ചെറുകിട ഔട്ട്ലെറ്റുകൾക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ അടയ്ക്കാം.

തങ്ങളുടെ റണ്ണിംഗ് പരിധി പൂർത്തിയാക്കുന്ന ഔട്ട്ലെറ്റുകൾക്ക് ഇടപാടുകാർക്കു ബുദ്ധിമുട്ടുണ്ടാക്കാത്തവിധത്തിൽ സേവനം തുടരാൻ അപ്പപ്പോൾ ഇതിലൂടെ അവസരമുണ്ടാകും.

മൊബൈൽ മൂല്യവർധിത സേവനങ്ങൾ (എംവിഎഎസ്), മൊബൈൽ ആപ്ലിക്കേഷനുകൾ, ഇന്റർനെറ്റ് ഉത്പന്നങ്ങളും സേവനങ്ങളും തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരാണ് സ്പൈസ് ഡിജിറ്റൽ ലിമിറ്റഡ്.


കഴിഞ്ഞ 14 വർഷക്കാലമായി മൊബൈൽ റേഡിയോ, മിർച്ചി ഓൺ മൊബൈൽ (റേഡിയോ മിർച്ചി), കോൾ സമയത്തെ തൽസമയ സംഗീതം, മതകേന്ദ്രങ്ങളിൽ നിന്നുള്ള തൽസമയ വിവരകൈമാറ്റം തുടങ്ങിയ നൂതനങ്ങളായ ഉത്പന്നങ്ങളും സേവനങ്ങളും കമ്പനി ലഭ്യമാക്കിവരുന്നുണ്ട്.

ഫെഡറൽ ബാങ്ക് ഇതുവരെ ഏർപ്പെട്ടിട്ടുള്ള ഇ കളക്ഷൻ സൗകര്യങ്ങളിൽ വലുപ്പത്തിൽ രണ്ടാമത്തേതാണ് സ്പൈസ് ഡിജിറ്റലുമായുള്ളതെന്ന് ബാങ്കിന്റെ സിഒഒ ശാലിനി വാര്യർ പറഞ്ഞു.
ഇത്തരത്തിൽ കൂടുതൽ കോർപറേറ്റ് പങ്കാളിത്തങ്ങളും സഹകരണവും സ്‌ഥാപിക്കുന്നതിനായി ഡൽഹിയിലും മറ്റും ബാങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അവർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.