സൈബർ അക്രമികളുടെ പുതിയ ലക്ഷ്യം എടിഎമ്മുകൾ!
സൈബർ അക്രമികളുടെ പുതിയ ലക്ഷ്യം എടിഎമ്മുകൾ!
Monday, November 28, 2016 11:03 AM IST
ന്യൂഡൽഹി: വലിയ തുകകളുടെ കറൻസികൾ റദ്ദാക്കി. പണമെടുക്കാൻ ആളുകൾ എടിഎമ്മുകളിൽ കയറിയിറങ്ങുന്നു. ഏഷ്യ–പസഫിക് റീജണിൽ സൈബർ അക്രമികൾ എടിഎമ്മുകൾ ലക്ഷ്യമിടുന്നതായി പുതിയ റിപ്പോർട്ടുകൾ. 2017ൽ എടിഎം കേന്ദ്രീകരിച്ചുള്ള സൈബർ ആക്രമണങ്ങളുടെ എണ്ണം വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സൈബർ ആക്രമണങ്ങൾ ഇന്ത്യയെ ഏറ്റവുമധികം ബാധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അവികസിത രാജ്യങ്ങളിലെ എടിഎമ്മുകൾ പ്രവർത്തിക്കുന്നത് പഴയ എടിഎം സോഫ്റ്റ്വെയർ ഉപയോഗിച്ചും വിൻഡോസ് എക്സ്പിയിലുമാണ്. അതുകൊണ്ടുതന്നെ സൈബർ അക്രമികൾക്ക് നെറ്റ്വർക്കിനുള്ളിൽ അനായാസം കടന്നുകൂടി തട്ടിപ്പുകൾ നടത്താനാകുമെന്ന് അമേരിക്കൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ഫയർ ഐ പറയുന്നു.

അടുത്തിടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ചില പ്രമുഖ ഇന്ത്യൻ ബാങ്കുകൾ ഡെബിറ്റ് കാർഡ് പ്രവർത്തനങ്ങൾ ബ്ലോക്ക് ചെയ്തിരുന്നു. ഇന്ത്യൻ ഫിനാൻഷൽ രംഗത്തെ ഏറ്റവും വലിയ ഡാറ്റാ ചോർത്തലായാണ് ഇത് വിലയിരുത്തപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ എടിഎം വിവരങ്ങളാണു ചോർന്നത്. ഇതേത്തുടർന്ന് എസ്ബിഐ ആറു ലക്ഷം ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്തു.


ഈ വർഷത്തെ ഏറ്റവും വലിയ മാൽവെയർ ആക്രമണങ്ങൾ നേരിടേണ്ടി വന്നത് ജപ്പാനും ബംഗ്ലാദേശിനുമാണ്. ഇതിനു പിന്നാലെ ഇന്ത്യയിലെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയത് ഭീതിയുണർത്തുന്നുണ്ട്.

2017ൽ ഒരുപക്ഷേ മതാധിഷ്ഠിത സ്‌ഥാപനങ്ങളെയും സൈബർ പോരാളികൾ ആക്രമിച്ചേക്കാമെന്ന സൂചനയും ഫയർ ഐ നല്കുന്നുണ്ട്. ഏഷ്യാ–പസഫിക് റീജണിൽ ഏറ്റവുമധികം സെബർ ആക്രമണങ്ങൾ ചൈനയിൽനിന്നാണ്.

അടുത്തിടെ കൊബാൾട്ട് എന്ന ഹാക്കർ ഗ്രൂപ്പ് യൂറോപ്പിലെ എടിഎമ്മുകളിൽ കടന്നുകൂടിയിരുന്നു. ഇതേത്തുടർന്ന് മെഷീനുകളിൽനിന്ന് വലിയ തോതിൽ പണം നഷ്‌ടപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.