ഇൻകെൽ ബിസിനസ് പാർക്കിലെ 80,000 ചതുരശ്ര അടി പാട്ടത്തിനു നൽകി
Monday, November 28, 2016 11:03 AM IST
കൊച്ചി: ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡി(ഇൻകെൽ)ന്റെ അങ്കമാലി ബിസിനസ് പാർക്കിലെ പുതുതായി നിർമിച്ച രണ്ടാമത്തെ ടവറിന്റ പകുതിയോളം ഗ്രീൻ ഇൻഡസ്ട്രീസ് വിഭാഗത്തിൽപ്പെട്ട സംരംഭകർ പാട്ടത്തിനെടുത്തു. 2.11 ലക്ഷം ചതുരശ്ര അടി ആകെ വിസ്തീർണമുള്ള ടവറിൽ 80,000 ചതുരശ്ര അടിയും ദീർഘകാല പാട്ടത്തിനു നൽകിയതായി ഇൻകെൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. പൊതു–സ്വകാര്യ പങ്കാളിത്ത സ്‌ഥാപനമായ ഇൻകെലിന് ടവർ രണ്ടിലുള്ളത് റെഡി ടു ഒക്കുപ്പൈ ബിസിനസ് സ്പേസാണ്.

ബിസിനസ് പാർക്കിൽ യൂണിറ്റ് ആരംഭിക്കുന്നതിനായി വസ്ത്ര വ്യവസായം, ഇലക്ട്രോണിക്സ്, വിദ്യാഭ്യാസം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ നിക്ഷേപകരാണ് ഇവിടെ എത്തുന്നതെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ബിൽറ്റ്–അപ് സ്പേസും മറ്റു സൗകര്യങ്ങളുമാണ് നിക്ഷേപകരെ ഇവിടേക്ക് ആകർഷിച്ചതെന്ന് ഇൻകെൽ എംഡി ടി. ബാലകൃഷ്ണൻ പറഞ്ഞു. ആഗോള കമ്പനികൾ പോലും ബിസിനസ് പാർക്കിൽ നിക്ഷേപിക്കാൻ അതീവ താത്പര്യം കാട്ടുന്നുണ്ട്.

അങ്കമാലി ബിസിനസ് പാർക്കിനു പുറമേ, മലപ്പുറത്ത് 168 ഏക്കറിലുള്ള എജ്യൂക്കേഷണൽ എസ്എംഇ (ചെറുകിട ഇടത്തരം സംരംഭങ്ങൾ) പാർക്കായ ഇൻകെൽ ഗ്രീൻസ്, തിരുവനന്തപുരത്തെ രണ്ടു ലക്ഷം ചതുരശ്ര അടിയിലുള്ള ഇൻക്സ് ട്രേഡ് സെന്റർ എന്നിവയും കമ്പനിയുടേതായുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.