കാർഷികവിളകൾക്കു കുതിപ്പിന്റെ വാരം, സ്വർണത്തിനു ചാഞ്ചാട്ടം
കാർഷികവിളകൾക്കു കുതിപ്പിന്റെ വാരം, സ്വർണത്തിനു ചാഞ്ചാട്ടം
Sunday, November 27, 2016 10:23 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കുരുമുളകിന്റെ തിരിച്ചുവരവ് കർഷകർക്ക് ആവേശമായി, തെക്കൻ കേരളത്തിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. സുഗന്ധറാണി ഹൈറേഞ്ചിന്റെ രോമാഞ്ചമായി, കിലോ 1,520 രൂപ. ടോക്കോമിലെ മികവ് ഇന്ത്യൻ റബറിനും നേട്ടമായി. വെളിച്ചെണ്ണ വില അഞ്ചക്കത്തിൽ. സ്വർണത്തിന്റെ വിലയിടിവ് വിവാഹ പാർട്ടികൾ ഉത്സവമാക്കി.

കുരുമുളക്

തെക്കൻ കേരളത്തിലെ കുരുമുളക് ഉത്പാദകരുടെ പ്രതീക്ഷകൾക്കു നിറം പകർന്ന് ഉത്പന്നവില ഉയർന്നു. നാലാഴ്ചകളിലെ വിലത്തകർച്ചയ്ക്കുശേഷം കറുത്ത പൊന്ന് വീണ്ടും തിളങ്ങിയത് കർഷകരുടെ വിശ്വാസം ഇരട്ടിപ്പിച്ചു. തെക്കൻ കേരളത്തിൽ മൂപ്പു കുറഞ്ഞ കുരുമുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു.

ക്രിസ്മസ്–ന്യൂ ഇയർ ആവശ്യങ്ങൾ മുൻനിർത്തി ഉത്തരേന്ത്യക്കാർ വിപണിയിലേക്കു ശ്രദ്ധതിരിച്ചത് അൺ ഗാർബിൾഡ് മുളകുവില ക്വിന്റലിന് 1,300 രൂപ ഉയർത്തി. ഗാർബിൾഡ് കുരുമുളക് 69,500ലാണ്. വിദേശത്തുനിന്ന് ആവശ്യക്കാരില്ല. ഇന്തോനേഷ്യയും, വിയറ്റ്നാമും ബ്രസീലും വിലക്കുറവുമായി രംഗത്തുണ്ട്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 10,875–11,125 ഡോളറാണ്.

ജനുവരി–ഓഗസ്റ്റ് കാലയളവിൽ കൊച്ചി തുറമുഖംവഴിയുള്ള കുരുമുളക് കയറ്റുമതി 8,700 ടണ്ണിൽ ഒതുങ്ങി. തൊട്ട് മുൻ വർഷം ഇത് 16,000 ടണ്ണിനു മുകളിലായിരുന്നു.

ഏലം

ക്രിസ്മസ്–പുതുവത്സര ഡിമാൻഡ് മുന്നിൽകണ്ട് ഏലക്ക ശേഖരിക്കാൻ വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ മത്സരിച്ചു. വാങ്ങൽ താത്പര്യത്തിൽ വണ്ടൻമേട്ടിൽ ശനിയാഴ്ച ഏലക്ക വില കിലോ 1,520 രൂപയിലെത്തി. വാരത്തിന്റെ തുടക്കത്തിൽ വില 1,390 രൂപയായിരുന്നു. പോയവാരം വിവിധ ലേലങ്ങളിലായി ഏകദേശം 400 ടണ്ണിന്റെ ഇടപാടുകൾ നടന്നു. മഴ ചുരുങ്ങിയത് കണക്കിലെടുത്താൽ ജനുവരിക്ക് ശേഷം ഉത്പാദനം കുറയാനിടയുണ്ട്.

മഞ്ഞൾ

മഞ്ഞളിന് ആഭ്യന്തര–വിദേശ വിപണികളിൽനിന്ന് പുതിയ അന്വേഷണങ്ങൾ ചുരുങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും വിപണികളിൽ ഇടപാടുകൾ കുറഞ്ഞെങ്കിലും വില സ്റ്റെഡിയാണ്. കൊച്ചിയിൽ വിവിധയിനം മഞ്ഞൾ 9,400–9,600 രൂപയിലാണ്.


ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകൾ ചെറിയ അളവിൽ ഉയർന്നു. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഉത്പാദകർ ചരക്ക് ഇറക്കുന്നില്ല. ജാതിക്ക തൊണ്ടൻ 220–245 രൂപ, പരിപ്പ് 425–450, ജാതിപത്രി 500–875 രൂപ.

നാളികേരം

കൊപ്രാക്ഷാമം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടെ വെളിച്ചെണ്ണവില പതിനായിരം കടന്നു. കൊപ്രയുടെ ലഭ്യത പെട്ടെന്ന് കുറഞ്ഞത് ക് മില്ലുകാർ സ്റ്റോക്കുള്ള എണ്ണയ്ക്കു കൂടിയവില ആവശ്യപ്പെട്ടു. രൂപയുടെ മൂല്യത്തകർച്ച വിവിധ പാചക എണ്ണകളുടെ ഇറക്കുമതിച്ചെലവ് ഉയർത്തി. കൊച്ചിയിൽ വെളിച്ചെണ്ണ 10,100ലും കൊപ്ര 6,815ലുമാണ്.

റബർ

ടോക്കോമിൽ റബർ ഒന്നര വർഷത്തെ ഏറ്റവും ആകർഷകമായ റേഞ്ചിൽ എത്തി. റബർവില പതിനാലു ശതമാനം പ്രതിവാര നേട്ടത്തിലാണ്. ജാപ്പനീസ് യെന്നിന്റെ കാലിടറിയതാണ് നിക്ഷേപകരെ റബറിലേക്കടുപ്പിച്ചത്. ഒപ്പം ചൈനയിൽ റബറിനു പുതുവർഷത്തിൽ ആവശ്യം വർധിക്കുമെന്ന വിലയിരുത്തലുകളും നേട്ടമായി. 2015 ജൂണിനുശേഷം ആദ്യമായി ടോക്കോമിൽ റബർ കിലോ 241 യെൻ വരെ കയറി. രാജ്യാന്തര വിപണിയിലെ ഉണർവ് കണ്ട് ഇന്ത്യൻ ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില 12,400ൽനിന്ന് 13,000 വരെ ഉയർത്തി. അഞ്ചാം ഗ്രേഡിന് 700 രൂപ വർധിച്ച് 12,700 രൂപയായി.

സ്വർണം

സ്വർണവില താഴ്ന്നത് വിവാഹ പാർട്ടികളെ ആഭരണകേന്ദ്രങ്ങളിലേക്ക് അടുപ്പിച്ചു. 22,400ൽനിന്ന് പവൻ 21,840 രൂപ വരെ താഴ്ന്നെങ്കിലും ശനിയാഴ്ച നിരക്ക് 21,920ലാണ്. ഒരു ഗ്രാമിന്റെ വില 2,740 രൂപ. ഔൺസിന് 1,207 ഡോളറിൽനിന്ന് 1,174 ഡോളർ വരെ താഴ്ന്നശേഷം വാരാന്ത്യം ന്യൂയോർക്കിൽ സ്വർണം 1,183 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.