ബാങ്കുകളിലെ അധികനിക്ഷേപം മുഴുവൻ കരുതൽ പണമാക്കി
ബാങ്കുകളിലെ അധികനിക്ഷേപം മുഴുവൻ കരുതൽ പണമാക്കി
Sunday, November 27, 2016 10:23 AM IST
മുംബൈ: ബാങ്കുകളിൽ അസാധാരണമായി നിക്ഷേപം വർധിച്ച സാഹചര്യത്തിൽ അധികം ലഭിച്ച തുകയത്രയും കരുതൽപണമായി സൂക്ഷിക്കാൻ റിസർവ് ബാങ്കിന്റെ നിർദേശം. സെപ്റ്റംബർ 16 മുതൽ നവംബർ 11 വരെ ലഭിച്ച അധിക നിക്ഷേപങ്ങളാണ് ഇങ്ങനെ മാറ്റുന്നത്.

അസാധാരണ നടപടിയാണിത്. ബാങ്കുകൾക്ക് നിർദേശിച്ചിട്ടുള്ള കരുതൽപണ അനുപാതം (സിആർആർ) നാലു ശതമാനമാണ്. ബാങ്കിലെ കാലാവധി നിക്ഷേപങ്ങളുടെയും സേവിംഗ്സ്/കറന്റ് നിക്ഷേപങ്ങളുടെയും നാലു ശതമാനം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതാണ്. ആ തുകയ്ക്ക് പലിശയില്ല. നടപടി താത്കാലികമാണെന്നും ഡിസംബർ ഒമ്പതിനു പുനപരിശോധിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

ഇപ്പോഴത്തെ നിർദേശം കറൻസി റദ്ദാക്കലിന് ഒന്നര മാസം മുൻപ് മുതലുള്ള നിക്ഷേപങ്ങൾക്കു ബാധകമാണ്. നവംബർ എട്ടിനാണ് കറൻസി റദ്ദാക്കൽ. ഒൻപതിന് അവധിയായിരുന്നു. റദ്ദാക്കലിനുശേഷം 10, 11 തീയതികളിൽ അടച്ച തുക അത്ര ഭീമമൊന്നുമല്ല. കഴിഞ്ഞ വെള്ളിയാഴ്ചവരെ ആറുലക്ഷം കോടി രൂപയാണ് ബാങ്കുകളിൽ എത്തിയത്.

ഇപ്പോൾ പറഞ്ഞിട്ടുള്ളത് സെപ്റ്റംബർ 16 മുതൽ നവംബർ 11 വരെയുള്ള അധികനിക്ഷേപമത്രയും റിസർവ് ബാങ്കിൽ അടയ്ക്കാനാണ്. സെപ്റ്റംബർ 16ന് 100.55 ലക്ഷം കോടിരൂപയായിരുന്നു ബാങ്കുകളിലെ മൊത്തനിക്ഷേപം. നവംബർ 11ന് അത് 103.85 ലക്ഷം കോടിരൂപയായി. 3.3 ലക്ഷം കോടിരൂപയാണ് അധികനിക്ഷേപം. ഇത്രയും റിസർവ് ബാങ്കിൽ അടയ്ക്കണം.


ഈ തുകയ്ക്ക് ബാങ്ക് കുറഞ്ഞത് നാലു ശതമാനം വാർഷിക പലിശ നൽകേണ്ടതുണ്ട്. സിആർആർ ആകുമ്പോൾ പലിശ കിട്ടില്ല. ബാങ്കുകൾക്ക് നൂറുകണക്കിന് കോടി രൂപ നഷ്ടംവരും.

നവംബർ 11നു ശേഷമുള്ള അധികനിക്ഷേപത്തെപ്പറ്റി റിസർവ് ബാങ്ക് ഒന്നും പറഞ്ഞിട്ടില്ല. 11നു ശേഷം അഞ്ചു ലക്ഷം കോടിയോളം രൂപ ബാങ്കുകളിൽ എത്തി.

സിആർആർ ആക്കി നിക്ഷേപം മാറ്റുന്നത് ബാങ്കിംഗിൽ മൊത്തമുള്ള അമിതപണലഭ്യത എന്ന പ്രശ്നം പരിഹരിക്കും. അമിത പണലഭ്യത ഹ്രസ്വകാല പലിശനിരക്കുകളെ വല്ലാതെ ഉലയ്ക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഇപ്പോഴത്തെ നടപടി.

ഇതിനിടെ അധികമാരും ശ്രദ്ധിക്കാത്ത ഒരുകാര്യം സെപ്റ്റംബർ മാസത്തിൽ ഉണ്ടായി. സെപ്റ്റംബർ 16നും 30നുമിടയിൽ 4.21 ലക്ഷം കോടിരൂപ ബാങ്കുകളിൽ അധികനിക്ഷേപമായി എത്തി. അതിൽ രണ്ടര ലക്ഷം കോടിയോളം രൂപ അടുത്ത രണ്ടാഴ്ചകൊണ്ട് പിൻവലിച്ചു. ഇത്രവലിയ നിക്ഷേപവർധനയും തുടർന്നുള്ള പിൻവലിക്കലും ശ്രദ്ധേയമാണ്. റിസർവ് ബാങ്ക് സെപ്റ്റംബർ പകുതി മുതലുള്ള തുകയത്രയും സിആർആർ ആക്കാൻ പറഞ്ഞത് ഈ അസാധാരണ വർധന കണക്കിലെടുത്താണോ എന്നു വ്യക്‌തമല്ല. കറൻസി റദ്ദാക്കലിന്റെ പ്രത്യാഘാതം ഒഴിവാക്കാനാണെങ്കിൽ നവംബറിലെ മാത്രം അധികനിക്ഷേപം കരുതൽ പണമാക്കിയാൽ മതിയാകുമായിരുന്നു. ബാങ്കുകളിൽ ആറുലക്ഷം കോടിയിലധികം രൂപയുടെ അധികനിക്ഷേപം എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.