സർക്കാരിന്റെ ഡിജിറ്റൽ പണമിടപാടിലേക്ക് ഐആർസിടിസിയും
സർക്കാരിന്റെ ഡിജിറ്റൽ പണമിടപാടിലേക്ക് ഐആർസിടിസിയും
Saturday, November 26, 2016 1:41 PM IST
ന്യൂഡൽഹി: കറൻസി വിനിയോഗം ചുരുക്കി ഡിജിറ്റൽ ഇടപാടുകളിലേക്ക് രാജ്യത്തെ തിരിക്കുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പുതിയ നീക്കങ്ങളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). ഐആർസിടിസിയുടെ സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യാനാണ് തീരുമാനം. ഇ–കാറ്ററിംഗ്, ഇ–ടിക്കറ്റിംഗ്, ടൂറിസം വിഭാഗം എന്നിവ ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിനുള്ള ആർജവത്തോടെയുള്ള നിലപാടാണ് ഐആർസിടിസി എടുത്തിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. മനോച്ച പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ച് ഐആർസിടിസി അടുത്തിടെ ആരംഭിച്ച ഇ–കാറ്ററിംഗ് സംവിധാനമായ ഫുഡ് ഓൺ ട്രാക്കിന് യാത്രക്കാരിൽനിന്നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


യാത്രക്കാർക്ക് അവർക്ക് ആവശ്യമായ ഭക്ഷണം ഓൺലൈൻ ആയി വാങ്ങാം എന്നതാണ് ഫുഡ് ഓൺ ട്രാക്കിന്റെ പ്രത്യേകത. പണമടയ്ക്കാൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ മൊബിക്വിക്ക്, പേടിഎം പോലുള്ള ഇ–വാലറ്റുകളോ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ പ്രതിമാസം ശരാശരി 1.8 കോടി ഇടപാടുകൾ നടക്കുന്ന ഏഷ്യ–പസഫിക് റീജണലിലെ ഏറ്റവും വലിയ ഇ–കൊമേഴ്സ് വെബ്സൈറ്റാണ് ഐആർസിടിസി. രാജ്യത്തെ ടിക്കറ്റ് ബുക്കിംഗുകളിൽ 54 ശതമാനവും ഇപ്പോൾ ഇ–ടിക്കറ്റിംഗ് വഴിയാണ് നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.