ഏവിയേഷൻ നിയമങ്ങൾ കർക്കശമാക്കിയേക്കും
ഏവിയേഷൻ നിയമങ്ങൾ കർക്കശമാക്കിയേക്കും
Monday, October 24, 2016 11:39 AM IST
മുംബൈ: കൂടുതൽ അധികാരം നല്കിയാൽ നിയമങ്ങൾ കർക്കശമാക്കാൻ ഏവിയേഷൻ റെഗുലേറ്റർ. വ്യോമയാന സുരക്ഷാ നിയമങ്ങൾ തെറ്റിച്ചാൽ വിമാനക്കമ്പനികൾക്കും പൈലറ്റുമാർക്കുമെതിരേ കർശന നടപടി സ്വീകരിക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) തീരുമാനം. വൻ തുക പിഴയായി ഈടാക്കും. സസ്പെൻഷനും അനുമതി റദ്ദാക്കലും മാത്രമാണ് ഡിജിസിഎ ഇപ്പോൾ ചെയ്യുന്നത്. വ്യോമയാന നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗധരി അറിയിച്ചു.

പരുക്കമായ ലാൻഡിംഗ്, വ്യോമയാന നിയമങ്ങളുടെ ലംഘനം, പൈലറ്റുമാരുടെ പിഴവ് എന്നിവയ്ക്ക് പിഴ ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇപ്പോൾ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള പിഴവുകൾക്ക് വിശ്രമം നല്കിയശേഷം ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്.

ഇപ്പോഴുള്ള നിയമങ്ങളനുസരിച്ച് ഡിജിസിഎയ്ക്ക് പിഴ ഈടാക്കാൻ കഴിയില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വ്യോമയാന മന്ത്രാലയം പുതിയ നിയമങ്ങളുടെ കരട് അവതരിപ്പിക്കും. പിഴത്തുക ഒരു കോടി രൂപ വരെയായി ഉയർത്താനാണ് തീരുമാനം. ഫെഡറൽ ഏവിയേഷൻ അഥോറിറ്റിയുടെ നിയമങ്ങൾക്കൊപ്പം ഡിജിസിഎ നിയമങ്ങളും ഉയർത്താനാണ് ശ്രമിക്കുന്നത്.


ഈ വർഷം 270 ലംഘനങ്ങൾ

മുംബൈ: ഈ വർഷം ഇതുവരെ 270 ജീവനക്കാർ നിയമലംഘനം നടത്തിയതായാണ് ഡിജിസിഎ റിപ്പോർട്ട്. ഇതിൽ ഏറിയപങ്കും പൈലറ്റുമാരാണ്. ഇതിൽ 150 പേർ ഇപ്പോൾ സസ്പെൻഷനിലാണ്. ജൂണിൽ എയർ പെഗാസസിന്റെ അഞ്ചു പൈലറ്റുമാരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. വിമാനം പറക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതാണ് സസ്പെൻഷന് കാരണം. പൈലറ്റുമാരുൾപ്പെടെ ജെറ്റ് എയർവേയ്സിന്റെ 44 ജീവനക്കാർക്കെതിരേ എൻഫോഴ്സ്മെന്റ് നടപടികൾ ഉണ്ടായി. ജൂൺ അവസാനം വരെ ഇൻഡിഗോയിലെ 25ഉം എയർ ഇന്ത്യയിലെ 22ഉം സ്പൈസ്ജെറ്റിലെ 15ഉം ഗോ എയറിലെ എട്ടും വിസ്താരയിലെ നാലും എയർ ഏഷ്യയിലെ രണ്ടും ജീവനക്കാർക്കെതിരേയും ആദായനികുതിവകുപ്പിന്റെ നടപടിയുണ്ടായിട്ടുണ്ട്.

ആദ്യതവണ താക്കീതും രണ്ടാം തവണ താത്കാലിക നിയന്ത്രണവും മൂന്നാം തവണ സസ്പെൻഷനുമാണ് നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ നല്കാറുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.