സ്രോതസിൽ നികുതി: രണ്ടാമത്തെ ത്രൈമാസ റിട്ടേൺ 31നു മുമ്പ്
സ്രോതസിൽ നികുതി: രണ്ടാമത്തെ ത്രൈമാസ റിട്ടേൺ 31നു മുമ്പ്
Sunday, October 23, 2016 11:08 AM IST
നികുതിലോകം / ബേബി ജോസഫ്(ചാർട്ടേഡ് അക്കൗണ്ടന്റ്)

സ്രോതസിൽ പിടിച്ച നികുതി യഥാസമയത്തു തന്നെ അടയ്ക്കുകയും റിട്ടേൺ യഥാക്രമം സമർപ്പിക്കുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതിവകുപ്പിൽനിന്നു യഥാസമയം ലഭിക്കുകയുള്ളൂ. നികുതി പിടിച്ച വ്യക്‌തി റിട്ടേൺ സമർപ്പണത്തിനു വീഴ്ച വരുത്തിയാൽ നികുതിദായകന് അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിക്കുകയില്ല. 2016 ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30വരെയുള്ള കാലയളവിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ സമർപ്പിക്കേണ്ടത് 2016 ഒക്ടോബർ 31നു മുമ്പാണ്. മുൻകാലങ്ങളിൽ ഈ തീയതി ഒക്ടോബർ 15 ആയിരുന്നു. ഇപ്പോൾ ഗവൺമെന്റ് ഡിഡക്ടേഴ്സിനും അല്ലാത്തവർക്കും ഒക്ടോബർ 31 വരെ സമയം ദീർഘിപ്പിച്ചു നല്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ഗവൺമെന്റ് ഡിഡക്ടേഴ്സിനു മാത്രമായിരുന്നു ഒക്ടോബർ 31 വരെ സമയം ലഭിച്ചിരുന്നത്. ഒക്ടോബർ 31നു ശേഷം ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് പ്രതിദിനം 200 രൂപ വീതം പിഴ ചുമത്തും. പ്രസ്തുത പിഴ തുക പരമാവധി നികുതി തുകയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതായത്, അടച്ച നികുതിത്തുകയേക്കാൾ കൂടുതലായി പിഴ ചുമത്തപ്പെടുന്നതല്ല.

താഴെപ്പറയുന്ന റിട്ടേൺ ഫോമുകളാണ് വിവിധ തരത്തിലുള്ള നികുതികൾ സ്രോതസിൽനിന്നു പിടിക്കുമ്പോൾ ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ടത്. ശമ്പളത്തിൽനിന്നുള്ള നികുതിക്ക് ഫോം നമ്പർ 24 ക്യുവും ശമ്പളം ഒഴികെ റെസിഡന്റ്സിനു കൊടുക്കുന്ന മറ്റു വരുമാനങ്ങൾക്ക് ഫോം നമ്പർ 26 ക്യുവും ആണ് ഉപയോഗിക്കേണ്ടത്. നോൺ റസിഡന്റ് ആയിട്ടുള്ളവർക്ക് എല്ലാ വരുമാനങ്ങൾക്കും ഫോം നമ്പർ 27 ക്യുവിൽ ആണ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്.

സാമ്പത്തിക വർഷം 2016–17ലെ ടിഡിഎസ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധികൾ താഴെ പറയുന്നു.

സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലായെങ്കിൽ നികുതി ഉദ്യോഗസ്‌ഥന് സാഹചര്യങ്ങൾക്കനുസരിച്ച് 10,000 രൂപ മുതൽ 1,00,000 രൂപ വരെയുള്ള തുക പിഴയായി ചുമത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ, താഴെ പറയുന്ന നിബന്ധനകൾ അനുസരിച്ചിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ പിഴ ചുമത്താറില്ല.

1) പിടിച്ച നികുതി തുക ഗവൺമെന്റിൽ അടച്ചിട്ടുണ്ടെങ്കിൽ

2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും അടച്ചിട്ടുണ്ടെങ്കിൽ

3) റിട്ടേൺ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ.

ഈ മൂന്നു നിബന്ധനകളും ഒരുപോലെ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് നികുതി ഉദ്യോഗസ്‌ഥൻ പിഴ ചുമത്താതിരിക്കുന്നത്. എന്നാൽ, റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഒരു വർഷത്തിൽ കൂടുതൽ കാലതാമസം ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകംടാക്സ് കമ്മീഷണർ മുമ്പാകെ പിഴത്തുക കാൻസൽ ചെയ്തു തരുന്നതിനുവേണ്ടി പരാതി നൽകാവുന്നതും തക്കതായ കാരണങ്ങളുണ്ടെങ്കിൽ പിഴത്തുക ഇല്ലാതാക്കി തരുന്നതുമാണ്.

നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്വമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നുള്ളതും അതിനുള്ള സർട്ടിഫിക്കറ്റുകൾ യഥാകാലം നൽകിയെന്നുള്ളതും ഉറപ്പു വരുത്തേണ്ടത്. ശമ്പളക്കാരന്റെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ച് 15 ദിവസത്തിനകം അല്ലെങ്കിൽ മെയ് 31നകം സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണ് നികുതി നിയമത്തിൽ വ്യവസ്‌ഥ ചെയ്തിരിക്കുന്നത്. ശമ്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റുകൾ ഫോം നമ്പർ 16ലാണ് നല്കേണ്ടത്. ഇവ വെബ്സൈറ്റിൽനിന്നു യഥാസമയം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ശമ്പളക്കാർ അല്ലാത്തവർക്ക് സർട്ടിഫിക്കറ്റുകൾ ഫോം നമ്പർ 16 എയിലാണ് നൽകേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. സ്രോതസിൽനിന്നും കളക്ട് ചെയ്യുന്ന നികുതികൾക്ക് ഫോം നമ്പർ 27 ഡിയിലാണ് സർട്ടിഫിക്കറ്റ് നല്കേണ്ടത്.


50 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്ക് സ്രോതസിൽ ഒരു ശതമാനം നികുതി

ആദായനികുതി നിയമം 194 ഐഎ അനുസരിച്ച് ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ ഏതൊരു വസ്തു വില്ക്കുമ്പോഴും വില്പനവില 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിൽനിന്ന് ഒരു ശതമാനം നികുതി സ്രോതസിൽ പിടിച്ച് ഗവൺമെന്റിൽ അടയ്ക്കേണ്ടതാണ്. ഇത് 2013 ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലുണ്ട്. ഈ നിയമം അനുസരിച്ച് വസ്തു വിൽക്കുമ്പോൾ ലഭിക്കുന്ന തുക നികുതി ഒഴിവുള്ള പദ്ധതികളിൽ നിക്ഷേപിച്ചാലും സ്രോതസിലുള്ള ഒരു ശതമാനം നികുതി അടയ്ക്കേണ്ടതാണ്. സ്രോതസിൽ പിടിച്ച നികുതി അടുത്ത മാസം ഏഴാം തീയതിക്കു മുമ്പ് ഗവൺമെന്റിൽ അടച്ചിരിക്കണം. ഇതിന് ഫോം നമ്പർ 26 ക്യുബി ആണ് ഉപയോഗിക്കേണ്ടത്. പണം അടച്ചതിനു ശേഷം വസ്തു വാങ്ങുന്ന വ്യക്‌തിക്ക് ഫോം നമ്പർ 16 ബി യിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

വില്പനവില 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ ആകെയുള്ള വില്പനവിലയുടെ ഒരു ശതമാനമാണ് നികുതിയായി പിടിക്കേണ്ടത്. ഉദാഹരണമായി വില്പന വില 60 ലക്ഷം രൂപയാണെങ്കിൽ നികുതി തുക 60,000 രൂപയായിരിക്കും. അല്ലാതെ വില്പനവിലയിൽനിന്ന് 50 ലക്ഷം രൂപ കിഴിച്ച് ബാക്കി വരുന്ന തുകയായ 10 ലക്ഷം രൂപയുടെ ഒരു ശതമാനം വരുന്ന 10,000 രൂപ അല്ല നികുതിയായി അടയ്ക്കേണ്ടത്. വില്പന വില തവണകളായിട്ടാണ് നല്കുന്നതെങ്കിലും ആകെ വില്പനവില 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ ഓരോ തവണ നല്കുന്ന തുകയുടെയും ഒരു ശതമാനം വീതം നികുതിയായി അടയ്ക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് വസ്തു വാങ്ങുകയാണെങ്കിൽ ഓരോരുത്തരുടെയും പങ്ക് 50 ലക്ഷം രൂപയിൽ താഴെയാണെങ്കിലും ആകെ വില്പനവില 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ സ്രോതസിലുള്ള നികുതി നിർബന്ധമായും അടയ്ക്കണം. അതുപോലെതന്നെ ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് വസ്തു വിൽക്കുകയാണെങ്കിൽ വില്പനവില 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം നികുതി അടയ്ക്കേണ്ടതുണ്ട്. പ്രവാസിയുടെ ഉടമസ്‌ഥതയിലുള്ള വസ്തുവാണ് വാങ്ങുന്നതെങ്കിൽ നികുതി നിരക്ക് ഒരു ശതമാനം അല്ല പ്രത്യേക നിയമമാണ് അവർക്കു ബാധകമായിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.