പർച്ചേസ് ടാക്സ്: വാണിജ്യനികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
പർച്ചേസ് ടാക്സ്: വാണിജ്യനികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
Friday, October 21, 2016 12:08 PM IST
കൊച്ചി: സാങ്കേതിക പിഴവിന്റെ പേരിൽ സ്വർണവ്യാപാരികളുടെ മേൽ ചുമത്തപ്പെട്ട പർച്ചേസ് ടാക്സ് മുൻകാല പ്രാബല്യത്തോടെ പിരിച്ചെടുക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ രക്ഷാധികാരിയും മുൻപ്രസിഡന്റുമായ ബി. ഗിരിരാജൻ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. തികച്ചും അന്യായമായ പർച്ചേസ് ടാക്സ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാണിജ്യനികുതി വകുപ്പ് റിട്ട. ജോയിന്റ് കമ്മീഷണർ അഡ്വ. ടി. അബ്ദുൾ അസീസ് ഹൈക്കോടതിയിൽ ഹാജരായി.

ഹൈക്കോടതി ഉത്തരവിനെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്‌ഥാന കൗൺസിൽ സ്വാഗതം ചെയ്തു. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്‌ഥാനത്തിൽ പർച്ചേസ് ടാക്സ് പിൻവലിക്കാനുള്ള തീരുമാനം നിയമസഭ പാസാക്കണമെന്ന് സംസ്‌ഥാന കൗൺസിൽ സർക്കാരിനോടഭ്യർഥിച്ചു. കേരളത്തിലെ സ്വർണവ്യാപാരികൾക്കുവേണ്ടി സംഘടന കേസിൽ കക്ഷി ചേരും. ഡിസംബർ 3,4 തീയതികളിൽ കൊല്ലത്തു നടക്കുന്ന സംസ്‌ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം 30ന് രാവിലെ 11ന് കൊല്ലം പ്രസ് ക്ലബിൽ ചേരാൻ യോഗം തീരുമാനിച്ചു. സംസ്‌ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബി. ഗിരിരാജൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ എസ്. അബ്ദുൾ നാസർ, വർക്കിംഗ് പ്രസിഡന്റ് റോയി പാലത്തറ, ഭാരവാഹികളായ സി.വി. കൃഷ്ണദാസ്, അസീസ് കണ്ണൂർ, സത്താർ വാലേൽ, സുരേന്ദ്ര റാവു, എൻ.വി. പ്രകാശൻ, കണ്ണൻ ശരവണ, എസ്. അബ്ദുൾ റഷീദ്, ബി. പ്രേമാനന്ദ്, നവാസ് പുത്തൻവീട്, ഏബ്രഹാം മൂഴിയിൽ, ഹാഷിം കോന്നി, ബിന്ദു മാധവ്, ജോണി മൂത്തേടൻ, സുൽഫിക്കർ മയൂരി, റിയാസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.