ബോഷ് ഡിഎൻഎ ഗ്രാൻഡ് ചലഞ്ച് മത്സരത്തിനു തുടക്കം
ബോഷ് ഡിഎൻഎ ഗ്രാൻഡ് ചലഞ്ച് മത്സരത്തിനു തുടക്കം
Thursday, October 20, 2016 11:45 AM IST
കൊച്ചി: ഇലക്ട്രോണിക് സ്റ്റാർട്ടപ്പുകൾക്കുവേണ്ടി കൊച്ചിയിൽ നടത്തുന്ന ബോഷ് ഡിഎൻഎ ഗ്രാൻഡ് ചലഞ്ച് മത്സരത്തിനു തുടക്കമായി. കൊച്ചിയുടെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരമാകുന്ന പദ്ധതിയുൾപ്പെടെ അഞ്ച് ഇനങ്ങളിലാണു മത്സരം. ബോഷ് സീനിയർ വൈസ്പ്രസിഡന്റ് ആർ.കെ ഷിനോയി, ഐഐഐടി ഡയറക്ടർ എം.എസ് രാജശ്രീ എന്നിവർ ചേർന്നു മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങളിലെ മാലിന്യ സംസ്കരണവും ഇരുചക്ര പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാനുള്ള പദ്ധതികളാണു മത്സരാർഥികൾക്കായി നൽകിയിരിക്കുന്നത്. പൈപ്പ് പൊട്ടൽ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്. 18 മാസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ ഇലക്ട്രോണിക് ഉത്പന്ന രൂപകല്പന, വികസനം എന്നിവയിൽ യുവസംരംഭകർ മാറ്റുരയ്ക്കും.

സ്റ്റാർട്ടപ് രംഗത്തു കേരളം ഇന്ത്യക്കുതന്നെ മാതൃകയാണെന്നു ചടങ്ങിൽ പങ്കെടുത്ത എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള പറഞ്ഞു. ട്രായിയുടെ കണക്കനുസരിച്ച് 38 ശതമാനം കേരളീയർക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്. അതിൽ തന്നെ 60 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്‌ഥാനത്തിന് ഇത്തരം മത്സരങ്ങൾ മുതൽകൂട്ടാണെന്നും കളക്ടർ പറഞ്ഞു.


നൂതന കണ്ടുപിടിത്തങ്ങളുടെ ലോകത്തേക്കു യുവാക്കളെ സ്വാഗതം ചെയ്യുന്നുവെന്നു ആർ.കെ ഷിനോയി പറഞ്ഞു. നവീനമായ ആശയങ്ങൾക്ക് എന്നും മുൻഗണന കൊടുക്കുന്ന സ്‌ഥാപനമാണു ബോഷെന്നും ആഗോളതലത്തിൽ ഇന്നോവേഷന് മാത്രമായി 600 കോടി യൂറോയാണ് ബോഷ് വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മത്സരാർഥികൾ ഓൺലൈനായി വേണം രജിസ്റ്റർ ചെയ്യാൻ. ഒറ്റയ്ക്കോ മൂന്നുപേരിൽ കൂടാത്ത ടീമായോ മത്സരത്തിൽ പങ്കെടുക്കാം. തങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന പ്രൊജക്ടിന്റെ ആദ്യ ആശയം നവംബർ 30നുള്ളിൽ നല്കണം. അതിനുശേഷം മൂന്നു മാസം കൊണ്ടാണ് പ്രോജക്ടിന്റെ മാതൃക ഉണ്ടാക്കേണ്ടത്. വിജയികൾക്ക് ഒരു ലക്ഷം രൂപയാണു സമ്മാനത്തുക. മത്സരാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌ഥലത്തിരുന്നു പ്രവർത്തിക്കാം. മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്നതിന് സൗജന്യമായാണു സൗകര്യമൊരുക്കുന്നത്. മാതൃക അംഗീകരിച്ചു കഴിഞ്ഞാൽ അതിന്റെ വാണിജ്യപരമായ ഉത്പാദനം നടത്തുന്നതിനും സൗകര്യമൊരുക്കും. വിദ്യാർഥികൾക്കു മത്സരത്തിൽ പങ്കെടുക്കാനായി https://goo.gl/forms/ xhI55h7UC9zWTWDI2 ൽ നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.