മുക്കന്നൂരിനെ സ്മാർട്ട് ടൗൺഷിപ്പാക്കാൻ ഫെഡറൽ ബാങ്ക്
മുക്കന്നൂരിനെ സ്മാർട്ട് ടൗൺഷിപ്പാക്കാൻ ഫെഡറൽ ബാങ്ക്
Monday, October 17, 2016 11:56 AM IST
കൊച്ചി: ഫെഡറൽ ബാങ്ക് സ്‌ഥാപകനായ കെ.പി. ഹോർമിസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ ജന്മനാടായ മൂക്കന്നൂരിൽ ഇന്നു തുടങ്ങും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലുടനീളം ഒട്ടേറെ സിഎസ്ആർ പദ്ധതികൾക്കാണു ബാങ്ക് രൂപം നല്കിയിട്ടുള്ളതെന്നു ഫെഡറൽ ബാങ്ക് സിഎസ്ആർ ഹെഡ് രാജു ഹോർമിസ്, എച്ച്ആർ ഹെഡ് തമ്പി കുര്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മൂക്കന്നൂരിനെ ദത്തെടുത്തു സ്മാർട്ട് ടൗൺഷിപ്പാക്കി മാറ്റുന്ന പദ്ധതി ഈ വർഷം നടപ്പാക്കും. ഫെഡറൽ ബാങ്ക് ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ഇടപാടുകാർ തുടങ്ങിയവരിൽനിന്നു സന്നദ്ധരായവർ തങ്ങളുടെ കണ്ണുകളും മറ്റവയവങ്ങളും മരണാനന്തരം ദാനം ചെയ്യുന്നതിനു സമ്മതപത്രം നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

എറണാകുളം സോണൽ ഹെഡും ഡിജിഎമ്മുമായ എൻ.വി. സണ്ണിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കെ.പി. ഹോർമിസ് (1917–1988)



കുളങ്ങര പൗലോസ് ഹോർമിസ് എന്ന കെ.പി. ഹോർമിസ് 1917 ഒക്ടോബർ 18നാണ് എറണാകുളം ജില്ലയിലെ മൂക്കന്നൂരിൽ ജനിച്ചത്. കർഷകകുടുംബത്തിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും തിരുച്ചിറപ്പള്ളിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.


അഭിഭാഷകവൃത്തിയിൽ സംതൃപ്തനാകാതിരുന്ന ഹോർമിസ് 1945ൽ, പ്രവർത്തനരഹിതമായ തിരുവിതാംകൂർ ഫെഡറൽ ബാങ്കിന്റെ ഓഹരി 5,000 രൂപയ്ക്കു വാങ്ങി ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തു. തിരുവല്ലയ്ക്കടുത്തു നെടുമ്പുറം ആസ്‌ഥാനമായിരുന്ന ബാങ്ക് അദ്ദേഹം ആലുവയിലേക്കു മാറ്റി. 1947ലാണ് ബാങ്ക് ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് എന്ന പേരു സ്വീകരിച്ചത്. ദീർഘവീക്ഷണത്തോടെ കെ.പി. ഹോർമിസ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾകൊണ്ടും അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നം കൊണ്ടും 1973ൽ കേരളത്തിനു പുറത്തു ശാഖകൾ തുടങ്ങാൻ ബാങ്കിനു സാധിച്ചു. അതേ വർഷംതന്നെ ഭാരതസർക്കാരിൽനിന്നു വിദേശനാണ്യ വ്യവഹാരത്തിനുള്ള അനുമതിയും ലഭിച്ചു. ഒരു ശാഖ മാത്രമുണ്ടായിരുന്ന ചെറിയൊരു ബാങ്കിനെ, ചെയർമാൻ സ്‌ഥാനത്തുനിന്നു വിരമിച്ച് 1979 ആയപ്പോഴേക്കും ഇന്ത്യയിലൊട്ടാകെ 285 ശാഖകളുള്ള വലിയൊരു ബാങ്കിംഗ് സ്‌ഥാപനമാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു. 1988 ജനുവരി 26ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.