ചരക്ക് സേവന നികുതിയും വർക്ക് കോൺട്രാക്ടും
ചരക്ക് സേവന നികുതിയും വർക്ക് കോൺട്രാക്ടും
Sunday, October 16, 2016 10:29 AM IST
നികുതിലോകം / ബേബി ജോസഫ്(ചാർട്ടേഡ് അക്കൗണ്ടന്റ്)

ചരക്ക് സേവനനികുതി നിയമത്തിൽ വകുപ്പ് 2(107) ലാണ് വർക്ക് കോൺട്രാക്ടിനെ നിർവചിച്ചിരിക്കുന്നത്. അതനുസരിച്ച് മറ്റൊരാളുടെ കെട്ടിടനിർമാണം, കൺസ്ട്രക്ഷൻ വർക്കുകൾ, ഫാബ്രിക്കേഷൻ ജോലികൾ, ഇറക്ഷൻ ജോലികൾ, ഇൻസ്റ്റലേഷൻ, ഫിറ്റിംഗുകൾ, പരിഷ്കരണ ജോലികൾ, മോഡിഫിക്കേഷൻ, റിപ്പയർ ജോലികൾ, റിനവേഷൻ ജോലികൾ, കമ്മീഷനിംഗ് എന്നീ 11 തരം ജോലികൾ പ്രതിഫലം വാങ്ങി ചെയ്തുകൊള്ളാമെന്നുള്ള കരാറിനാണ് വർക്ക് കോൺട്രാക്ട് എന്നു പറയുന്നത്. അതനുസരിച്ച് കൃത്യമായും 11 തരം ജോലികൾ മാത്രമേ ഇവയിൽ ഉൾപ്പെടുത്താൻ സാധിക്കൂ. പ്രസ്തുത നിർവചനത്തിൽ ഇവയുടെ കൈമാറ്റത്തെപ്പറ്റി സൂചിപ്പിച്ചിട്ടില്ല. വർക്ക് കോൺട്രാക്ടിനെ സപ്ലൈ ഓഫ് സർവീസ് എന്ന ലേബലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വർക്ക് കോൺട്രാക്ട് സേവനമായിട്ടാണ് അവസാനം കണക്കാക്കപ്പെടുന്നത്. അതനുസരിച്ച് നികുതിയും ചുമത്തപ്പെടുന്നതാണ്.

ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ വകുപ്പ് 5(4) അനുസരിച്ച് സാധനങ്ങൾ സൈറ്റിൽതന്നെ നിർമിക്കുകയും ഇൻസ്റ്റലേഷൻ നടത്തുകയും ചെയ്യുകയാണെങ്കിൽ പ്രസ്തുത സൈറ്റ് ആയിരിക്കും’‘പ്ലേസ് ഓഫ് സപ്ലൈ’ ആയി കണക്കാക്കപ്പെടുന്നത്. അങ്ങനെ വരുമ്പോൾ സാധനം സപ്ലൈ ചെയ്ത സപ്ലെയറുടെ സ്‌ഥലത്തിനോ സാധനം സ്വീകരിച്ച സ്വീകർത്താവിന്റെ സ്‌ഥലത്തിനോ പ്രസക്‌തി ഉണ്ടായിരിക്കുന്നതല്ല. ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ വകുപ്പ് 6(4) അനുസരിച്ച് സ്‌ഥാവര സ്വത്തുക്കൾക്കു വേണ്ടി സേവനം സപ്ലൈ ചെയ്യുകയാണെങ്കിൽ പ്രസ്തുത സ്‌ഥാവര പ്രോപ്പർട്ടികളുടെ സ്‌ഥലമായിരിക്കും’’പ്ലേസ് ഓഫ് സപ്ലൈ’’ ആയി കണക്കാക്കപ്പെടുന്നത്.

ചരക്ക് സേവനനികുതിയിൽ വകുപ്പ് 12(2)ലാണ് സാധനമോ സേവനമോ സപ്ലൈ ചെയ്ത സമയത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്. അതനുസരിച്ച് താഴെപ്പറയുന്ന നാല് ഇടപാടുകളിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതായിരിക്കും സാധനമോ സേവനമോ സപ്ലൈ നടന്ന സമയമായി കണക്കാക്കുന്നത്.

1) സ്വീകർത്താവിനു ചരക്കുകൾ ലഭിച്ച തീയതി
2) സപ്ലയർ ചരക്കുകൾക്ക് ഇൻവോയ്സ് ചെയ്ത തീയതി
3) സപ്ലയറിന് പ്രസ്തുത സപ്ലൈയുടെ പണം ലഭിച്ച തീയതി
4) സ്വീകർത്താവ് അദ്ദേഹത്തിന്റെ കണക്കുപുസ്തകത്തിൽ ചരക്കോ സേവനമോ ലഭിച്ച തീയതിയായി എഴുതിയിരിക്കുന്നത്.

എന്നാൽ, തുടർച്ചയായ സപ്ലൈയുടെ സമയക്രമം നിശ്ചയിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്.
സപ്ലൈ ചെയ്ത സാധനങ്ങളുടെയോ സേവനങ്ങളുടെയോ പണം ലഭിക്കേണ്ട തീയതി കരാർ ഉടമ്പടിയിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത തീയതി ആണ് കണക്കിലെടുക്കുന്നത്. ഈ സാഹചര്യത്തിൽ ഇൻവോയ്സ് തയാറാക്കിയ തീയതിയും പണം യഥാർഥത്തിൽ ലഭിച്ച തീയതിയും കണക്കാക്കപ്പെടുന്നതല്ല. എന്നാൽ, പണം ലഭിക്കേണ്ട തീയതി കരാർ ഉടമ്പടിയിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ ഓരോ പ്രാവശ്യവും സപ്ലയർക്ക് പണം ലഭിക്കുന്ന തീയതിയോ ഇൻവോയ്സിന്റെ തീയതിയോ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും സപ്ലൈയുടെ തീയതിയായി കണക്കാക്കപ്പെടുന്നത്. ഒരിടപാട് പൂർത്തീകരിക്കുന്ന തീയതിയുമായി പണം നൽകുന്നതിനെ ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ കരാർ പൂർത്തിയാകുന്ന ദിവസമായിരിക്കും സപ്ലൈ നടന്ന ദിവസമായി കണക്കാക്കപ്പെടുന്നത്.

സിവിൽ കോൺട്രാക്ടും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും


ജിഎസ്ടി നികുതി നിയമത്തിലെ വകുപ്പ് 16(9) അനുസരിച്ച് താഴെപ്പറയുന്ന വർക്ക് കോൺട്രാക്ടുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതല്ല.

1) സ്‌ഥാവര സ്വത്തുക്കളുടെ നിർമാണപ്രവർത്തന സമയത്ത് പ്രിൻസിപ്പൽ വാങ്ങുന്ന ചരക്കുകളുടെയും ലഭിക്കുന്ന സേവനങ്ങളുടെയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ എടുക്കാവുന്നതല്ല. എന്നാൽ, പ്ലാന്റ് ആൻഡ് മെഷീനറിയുടെ ഇൻസ്റ്റലേഷന് ഇതു ബാധകമല്ല.

2) സ്‌ഥാവര സ്വത്തുക്കളുടെ നിർമാണ സമയത്ത് പ്രിൻസിപ്പൽ വാങ്ങുന്ന ചരക്കുകൾക്കും ലഭിക്കുന്ന സേവനങ്ങൾക്കുമുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പ്രോപ്പർട്ടി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലാ എങ്കിലും ലഭിക്കുന്നതല്ല. പ്രസ്തുത നിയമങ്ങൾ പ്ലാന്റ് ആൻഡ് മെഷീനറിയുടെ ഇൻസ്റ്റലേഷനു ബാധകമാകുന്നതല്ല.

ചരക്ക് സേവന നികുതി നിയമമനുസരിച്ച് ഈ നിയമം പ്രാബല്യത്തിൽ ആകുന്നതിനു മുമ്പുണ്ടാക്കിയ കരാറിനെ അടിസ്‌ഥാനപ്പെടുത്തി നിയമം പ്രാബല്യത്തിൽ വന്ന ശേഷം ചരക്കോ സേവനമോ സപ്ലൈ ചെയ്യുകയാണെങ്കിലും പുതിയ നിയമം ബാധകമാണ്. എന്നാൽ, പ്രസ്തുത നിയമം പ്രാബല്യത്തിൽ ആകുന്നതിനുമുമ്പ് നികുതികൾ പൂർണമായി അടയ്ക്കുകയും മുമ്പുണ്ടാക്കിയ കരാറിനെ അടിസ്‌ഥാനപ്പെടുത്തി ചരക്ക്/സേവനങ്ങളുടെ സപ്ലൈ നികുതി നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നടത്തുകയും അവയുടെ പ്രതിഫലം ഭാഗികമായി നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ലഭിക്കുകയും ചെയ്തുവെന്നു കരുതി ഇവയ്ക്ക് ചരക്ക് സേവന നികുതി നിയമം ബാധകമാകുന്നതല്ല. ഇതിനുമുമ്പ് ഉണ്ടായിരുന്ന നിയമമനുസരിച്ച് അടയ്ക്കേണ്ട മുഴുവൻ നികുതി തുകയും അടച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ചരക്ക് സേവന നികുതിയും ജോബ് വർക്കും

രജിസ്ട്രേഷൻ എടുത്തിട്ടുള്ളതും നികുതിക്ക് വിധേയമായ വ്യക്‌തിയുടെയോ സ്‌ഥാപനങ്ങളുടെയോ പക്കൽനിന്നും പ്രോസസിംഗിനായി സാധനങ്ങൾ കൊണ്ടുവന്ന് ചെയ്യുന്ന ജോലിക്കാണ് ചരക്ക് സേവന നികുതിയിൽ വകുപ്പ് 2(62)ൽ ജോബ് വർക്കായി നിർവചിച്ചിരിക്കുന്നത്. ഇവിടെ മറ്റൊരു വ്യക്‌തിയുടെ ചരക്ക് ആയിരിക്കണം പ്രോസസിംഗിനായി കൊണ്ടുവരുന്നത്. രജിസ്ട്രേഷൻ എടുക്കാത്ത പ്രസ്‌ഥാനങ്ങൾക്കും വ്യക്‌തികൾക്കും നികുതിക്കു വിധേയമല്ലാത്തവർക്കും ജോബ് വർക്കിനായി ചരക്ക് അയയ്ക്കാൻ സാധിക്കുന്നതല്ല. ജോബ് വർക്ക് ചെയ്യുന്ന വ്യക്‌തിയെ നികുതിദായകനായി കണക്കാക്കപ്പെടുന്നതും സാധാരണപോലെ തന്നെ ചരക്ക് സേവന നികുതി ബാധകമാക്കുന്നതുമാണ്. എന്നാൽ, ജോബ് വർക്കിന്റെ സാഹചര്യത്തിൽ 43എ വകുപ്പ് അനുസരിച്ച് കമ്മീഷണർക്ക് രജിസ്ട്രേഷനുള്ളതും നികുതിക്ക് വിധേയമായിട്ടുള്ളതുമായ വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും ചില ആനുകൂല്യങ്ങൾ അനുവദിക്കാവുന്നതാണ്. അതനുസരിച്ച് ജോബ് വർക്കറുടെ പക്കൽനിന്നും നികുതി ചുമത്തപ്പെടാതെ തന്നെ സാധനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിന് സാധിക്കുന്നതാണ്. അതുപോലെതന്നെ, ജോബ് വർക്കറുടെ പക്കൽനിന്നും പൂർത്തീകരിക്കപ്പെട്ട സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനും സാധിക്കുന്നതാണ്. പ്രസ്തുത ഇടപാടിന് പ്രിൻസിപ്പൽ ജോബ് വർക്കറുടെ സ്‌ഥലം കൂടി രജിസ്ട്രേഷൻ എടുക്കുന്ന സമയത്ത് പ്ലേസ് ഓഫ് ബിസിനസായി കാണിച്ചിരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.