ആഗോളഭീതിയിൽ കമ്പോളങ്ങൾ
ആഗോളഭീതിയിൽ കമ്പോളങ്ങൾ
Thursday, October 13, 2016 11:22 AM IST
മുംബൈ: ആഗോളഭീതി വീണ്ടും ഇന്ത്യൻ കമ്പോളങ്ങളിലും. ചൈനയുടെ കയറ്റുമതി വേണ്ടത്ര കൂടിയില്ല; അമേരിക്കയിൽ തൊഴിൽവളർച്ച മോശമാകാത്തതിനാൽ അവിടെ പലിശ കൂട്ടും. ഈ രണ്ടു ധാരണകളുടെ വെളിച്ചത്തിൽ ഇന്ത്യൻ ഓഹരികൾക്ക് ഇന്നലെ ഒന്നര ശതമാനം വിലയിടിഞ്ഞു. ഡോളറിനു 42 പൈസ കയറി.

ആഗോളഭീതിയുടെ ഫലം നിക്ഷേപകസമൂഹത്തിന് ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായി എന്നതാണ്.

ബിഎസ്ഇ സെൻസെക്സ് 439 പോയിന്റ് താണ് 27,643.11ൽ ക്ലോസ് ചെയ്തു. മൂന്നു മാസത്തിനിടയിലെ ഏറ്റവും താണ നില. നിഫ്റ്റി 135.45 പോയിന്റ് താണ് 8,573.35ലെത്തി. രണ്ടു സൂചികകളും 1.56 ശതമാനം താണു. ഇനിയും താഴോട്ടു പോകാവുന്ന നിലയിലാണു കമ്പോളം.

ചൈനയുടെ സെപ്റ്റംബറിലെ കയറ്റുമതി തലേക്കൊല്ലം സെപ്റ്റംബറിനെ അപേക്ഷിച്ചു 10 ശതമാനം കുറഞ്ഞു. ഇറക്കുമതിയിൽ 1.9 ശതമാനം കുറവുമുണ്ടായി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടന കുറേക്കാലത്തെ ക്ഷീണത്തിൽനിന്നു കരകയറി എന്ന കണക്കുകൂട്ടൽ തെറ്റിയെന്നാണ് ഈ കണക്കുകൾ കാണിച്ചത്.

അമേരിക്കൻ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗരേഖകൾ പുറത്തുവന്നപ്പോൾ നേരിയ വ്യത്യാസത്തിലാണു പലിശ കൂട്ടേണ്ട എന്നു തീരുമാനിച്ചത് എന്നറിവായി. സമ്പദ്ഘടന മെച്ചപ്പെടുന്നുവെന്നു കൂടുതൽ തെളിവുലഭിച്ചാൽ പലിശ കൂട്ടും എന്നുറപ്പാണെന്നായി അതിന്റെ വ്യാഖ്യാനം. പുതിയ കണക്കുകൾ തൊഴിൽ വർധന മോശമല്ലെന്നു കാണിച്ചു. ഇതോടെ ഡിസംബറിൽ ഫെഡ് പലിശ കൂട്ടുമെന്നായി വിലയിരുത്തൽ. ഫെഡ് പലിശ കൂട്ടിയാൽ ഇന്ത്യയിൽനിന്നു കുറേയേറെ നിക്ഷേപങ്ങൾ അമേരിക്കയിലേക്കു മടങ്ങും. ഇതു കണക്കാക്കിയാണ് ഓഹരികൾക്കു വില താണത്.


നിക്ഷേപം പിൻവലിക്കുമെന്ന ഭീതി ഡോളറിനു വില കയറ്റി. ഡോളർ 66.94 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. രണ്ടു ദിവസംകൊണ്ട് ഡോളറിന് 50 പൈസ കയറി. ഡോളറിന് ഇനിയും വില കൂടുമെന്നാണു സൂചന.

ടാറ്റാ കൺസൾട്ടൻസി സർവീസസി(ടിസിഎസ്) ന്റെ രണ്ടാംപാദ റിസൽട്ട് മോശമാകുമെന്ന ഭീതിയിൽ നിക്ഷേപകർ ആ ഓഹരിയെ താഴ്ത്തി. ടിസിഎസ് ഓഹരിവില 2.17 ശതമാനം താണു 2,328.5 രൂപയായി.

എന്നാൽ, റിസൽട്ട് വൈകുന്നേരം വന്നപ്പോൾ ടിസിഎസ് പ്രകടനം മോശമല്ലെന്നു മനസിലായി. അറ്റാദായം രൂപയിൽ 8.4 ശതമാനം വർധിച്ച് 6,586 കോടിയായി. മൊത്തം വരവ് എട്ടു ശതമാനം കൂടി 29,284 കോടി രൂപയായി. ഡോളർ നിരക്കിൽ വരവ് വർധന പ്രതീക്ഷയിലും കുറവായി എന്നതാണ് എടുത്തുപറയാവുന്ന ന്യൂനത. എന്നാൽ, ലാഭമാർജിനുകൾ നോക്കുമ്പോൾ ടിസിഎസ് പ്രകടനം മെച്ചപ്പെട്ടു.

മൂന്നു മാസക്കാലയളവിൽ കമ്പനി 9,440 പേരെക്കൂടി ജോലിക്കെടുത്തതോടെ മൊത്തം ജീവനക്കാരുടെ സംഖ്യ 3.71 ലക്ഷമായി.

മൂന്നും നാലും പാദങ്ങളിൽ കമ്പനി കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി സിഇഒ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതുകൊണ്ടു വലിയ ആഘാതം പ്രതീക്ഷിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.