സാംസംഗ് ഗാലക്സി നോട്ട് 7; തുക മടക്കിനല്കും, അല്ലെങ്കിൽ മറ്റു മോഡലുകൾ
സാംസംഗ് ഗാലക്സി നോട്ട് 7; തുക മടക്കിനല്കും, അല്ലെങ്കിൽ മറ്റു മോഡലുകൾ
Thursday, October 13, 2016 11:22 AM IST
സീയൂൾ: ഗാലക്സി നോട്ട് 7 ഫോണുകൾ വാങ്ങിയവർക്ക് മുഴുവൻ തുകയും മടക്കി നല്കുമെന്ന് കമ്പനി. പണമായി വേണ്ടാത്തവർക്ക് സാംസംഗിന്റെ മറ്റു സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കാം. ഉപയോക്‌താക്കൾക്ക് നഷ്‌ടപരിഹാരമായി ഗിഫ്റ്റ് കാർഡും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. പണം തിരിച്ചു വാങ്ങുന്നവർക്ക് 30,000 ദക്ഷിണകൊറിയൻ വോണും (26 ഡോളർ), വേറെ സാംസംഗ് ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് 70,000 ദക്ഷിണകൊറിയൻ വോണുമാണ് ഗിഫ്റ്റ് കാർഡായി നല്കുക. ഉപയോക്‌താക്കൾക്കുണ്ടായ ബുദ്ധിമുട്ടിനാണ് നഷ്‌ടപരിഹാരമെന്ന് കമ്പനി അറിയിച്ചു.

നോട്ട് 7 പൂർണമായി നിർത്തിയെന്ന പ്രഖ്യാപനം വന്ന മൂന്നു ദിവസത്തിനിടെ സാംസംഗിന്റെ ഓഹരി 10 ശതമാനം താഴെ പോയി. മാർക്കറ്റ് വിലയിൽനിന്നും 2,300 കോടി ഡോളറാണ് (1,53,881 കോടി രൂപ) നിക്ഷേപകർക്കുണ്ടായ നഷ്‌ടം. ഇന്നലെ മാത്രം 1.4 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ മൂന്നാം പാദ അറ്റാദായം മൂന്നിലൊന്നായി കുറഞ്ഞെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തകർച്ച ചെറുതല്ല

ദക്ഷിണകൊറിയയുടെ ജിഡിപിയിൽ 17 ശതമാനമാണ് സാംസംഗിന്റെ പങ്ക്. സാംസംഗിനേറ്റ തിരിച്ചടി രാജ്യത്തിന്റെ മൊത്തം വളർച്ചയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. 2017ൽ 2.9 ശതമാനം വളർച്ച കണക്കായിരുന്നത് ദക്ഷിണ കൊറിയൻ കേന്ദ്രബാങ്ക് 2.8 ശതമാനമായി കുറച്ചു.


ആപ്പിളിനു പ്രതീക്ഷ

നോട്ട് 7 ഫോണുകൾ പൂർണമായും നിർത്തിയതോടെ ആപ്പിളിന്റെ ഐഫോൺ 7, 7പ്ലസ് മോഡലുകൾ എത്തുന്നതും കാത്തിരിക്കുകയാണ് ദക്ഷിണകൊറിയ. ലോകമെമ്പാടും വിപണിയിലെത്തിത്തുടങ്ങിയെങ്കിലും പുതിയ ഐഫോണുകൾ ദക്ഷിണകൊറിയയിലെത്തുന്നത് ഈ മാസം 21നാണ്. നോട്ട് 7 ഫോണുകൾ മാറി വാങ്ങുന്നവർക്ക് ഐഫോണുകൾ കൂടുതൽ പ്രതീക്ഷ നല്കുന്നുണ്ട്.

ഫോൺ മടക്കിനല്കാൻ പ്രത്യേക കിറ്റ്

അമേരിക്കയിൽ ഉപയോക്‌താക്കൾ ഫോണുകൾ മടക്കിനല്കിത്തുടങ്ങി. ഇതിന് പ്രത്യേക പായ്ക്കിംഗ് കിറ്റും തയാറായിട്ടുണ്ട്. സുരക്ഷയ്ക്കായി പ്രത്യേക കൈയുറൾ ഉൾപ്പെടെയുള്ള ഫയർപ്രൂഫ് പാക്കേജാണിത്. അമേരിക്കൻ പോസ്റ്റൽ സർവീസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സാംസംഗ് റിട്ടേൺ കിറ്റ് തയാറാക്കിയത്.

ബ്രിട്ടന്റെ റോയൽ മെയിൽ ഗാലക്സി നോട്ട് 7ന്റെ പോസ്റ്റൽ വിതരണം നിരോധിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.