ഫ്ളിപ്കാർട്ട് ഇന്ത്യയിൽ വാൾമാർട്ട് 100 കോടി ഡോളർ നിക്ഷേപിക്കും
ഫ്ളിപ്കാർട്ട് ഇന്ത്യയിൽ വാൾമാർട്ട് 100 കോടി ഡോളർ നിക്ഷേപിക്കും
Wednesday, September 28, 2016 11:30 AM IST
മുംബൈ: ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ ഫ്ളിപ്കാർട്ട്–ആമസോൺ മത്സരം കടുക്കുന്ന സാഹചര്യത്തിൽ ഫ്ളിപ്കാർട്ടിനു പിന്തുണയുമായി വാൾമാർട്ട്. ഫ്ളിപ്കാർട്ട് ഇന്ത്യയിൽ 6,870 കോടി രൂപ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച അവസാനവട്ട ചർച്ചകളിലാണ് ഇരു കമ്പനികളുമെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ വ്യാപാര ശൃംഖലയായ വാൾ മാർട്ട് ഫ്ളിപ്കാർട്ട് ഇന്ത്യയിൽ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയേക്കും. എന്നാൽ, ഇതു സംബന്ധിച്ച് ധാരണയായിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര ശൃംഖലയെന്ന ഖ്യാതിയുണ്ടായിരുന്ന ഫ്ളിപ്കാർട്ടിന് വലിയ വെല്ലുവിളിയാണ് അടുത്തകാലത്ത് ആമസോൺ ഉയർത്തിയിരിക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കാനും കൂടുതൽ ഉപഭോക്‌താക്കളെ കമ്പനിയിലേക്ക് അടുപ്പിക്കാനും കമ്പനി 300 കോടി ഡോളർ ചെലവിടുമെന്ന് ആമസോൺ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജെഫ് ബെസോസ് പറഞ്ഞിരുന്നു.


വാൾമാർട്ടിന്റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. ഫ്ളിപ്കാർട്ടിന് കൂടുതൽ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാൾമാർട്ടിന് ഇന്ത്യൻ വിപണിയിൽ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.

അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഓൺലൈൻ വിപണിക്ക് ഏറ്റവും വേരൊട്ടമുള്ളത് ഇന്ത്യയിലായതിനാൽ വാൾമാർട്ട് ഇവിടെ വേരോട്ടം കാത്തിരിക്കുകയാണ്. മുമ്പ് ഭാരതി ഗ്രൂപ്പുമായി ചേർന്ന് വാൾ മാർട്ട് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് വിജയമായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.