ധോണി എഡിഷൻ ആൾട്ടോയുമായി മാരുതി
ധോണി എഡിഷൻ ആൾട്ടോയുമായി മാരുതി
Sunday, September 25, 2016 11:17 AM IST
ന്യൂഡൽഹി: മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ ആൾട്ടോയുടെ കെ10, 800 എന്നീ മോഡലുകളുടെ സ്പെഷൻ എഡിഷൻ കാറുകൾ പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ പേര് നല്കിയിരിക്കുന്ന ആൾട്ടോ 800, ആൾട്ടോ കെ10 മോഡലുകൾ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ മാരുതി സുസുകി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.എസ്. കാൽസിയും ധോണിയും ചേർന്ന് പ്രകാശനം ചെയ്തു.

ധോണിയും മാരുതിയുമായുള്ള ബന്ധം അറിയപ്പെടാത്ത ഒന്നാണ്. നേതൃപാടവം കൊണ്ടും കഠിനാധ്വാനംകൊണ്ടും ഉന്നതിയുടെ പ്രതീകമായ വ്യക്‌തിയാണ് ധോണി. ഇതേ സവിശേഷതയാണ് ആൾട്ടോയുടേതും. ജനപ്രീതികൊണ്ട് വാഹനങ്ങളിലെ ഉന്നതിയുടെ പ്രതീകമാവാൻ ആൾട്ടോയ്ക്കുമായിട്ടുണ്ടെന്നും കാൽസി പറഞ്ഞു. എം.എസ്. ധോണിയുമായുള്ള ബന്ധം ആൾട്ടോയെന്ന വാഹനത്തെ ഇനിയും ഉയർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ധോണിയുടെ താത്പര്യത്തിന് രൂപകല്പന ചെയ്ത ഏഴ് എന്ന നമ്പർ ആലേഖനം ചെയ്ത സീറ്റ് കവറുകളും ധോണിയുടെ ഒപ്പ് പതിഞ്ഞ ഗ്രാഫിക്സുമാണ് സ്പെഷൽ എഡിഷന്റെ പ്രത്യേകത. ഇവയ്ക്കു പുറമേ ഉയർന്ന നിലവാരമുള്ള മ്യൂസിക് സിസ്റ്റവും റിവേഴ്സ് പാർക്കിംഗ് സെൻസറുമുൾപ്പെടെയാണ് ആൾട്ടോ നിരത്തിലെത്തുന്നത്. ബ്ലാക്ക്–സിൽവർ, റെഡ്–ബ്ലൂ എന്നീ കോമ്പിനേഷനുകളിലാണ് ഇന്റീരിയറിന്റെ രൂപകല്പന.

ആൾട്ടോ 800 എൽഎക്സ്ഐ, കെ10 എൽഎക്സ്ഐ, വിഎക്സ്ഐ എന്നീ സ്പെഷൻ എഡിഷൻ മോഡലുകൾക്ക് സാധാരണ വിലയേക്കാൾ 12,777 രൂപ മുതൽ 16,777 രൂപ വരെയാണ് കൂടുതൽ. ഒക്ടോബർ ആദ്യവാരം മുതൽ സ്പെഷൽ എഡിഷൻ ആൾട്ടോ വിപണിയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.