എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോർ: മന്ത്രി പി. തിലോത്തമൻ
എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോർ: മന്ത്രി പി. തിലോത്തമൻ
Saturday, September 24, 2016 10:56 AM IST
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 32 പഞ്ചായത്തുകളിൽകൂടി അടിയന്തരമായി മാവേലി സ്റ്റോറുകൾ തുടങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനായി സംസ്‌ഥാനത്തെ എല്ലാ റേഷൻ കടകളും കംപ്യൂട്ടർവത്കരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനൊപ്പം തന്നെ റേഷൻ കടകളുടെ കംപ്യൂട്ടർവത്കരണവും സാധ്യമാക്കും. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി എഫ്സിഐയിൽനിന്നു നേരിട്ട് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പുതുക്കിയ റേഷൻ കാർഡുകൾ മാർച്ചിൽ വിതരണം ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനു സംസ്‌ഥാന സർക്കാർ കേന്ദ്രത്തോട് ആറു മാസത്തെ സമയം ചോദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രിൽ മാസമാണ് സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കേണ്ടത്. അതിനു മുൻപായി റേഷൻ കാർഡ് വിതരണം ചെയ്യും.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനായി റേഷൻ കാർഡ് ഉപയോക്‌താക്കളുടെ പരിഗണനാ പട്ടികയും പരിഗണനേതര പട്ടികയും തയാറാക്കും. പട്ടികയുടെ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ പൂർണമായും ഒഴിവാക്കിയാണ് അന്തിമ പട്ടിക തയാറാക്കുക. പൊതുവിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കി കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്.


ഇടനിലക്കാരെ ഒഴിവാക്കി ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും നേരിട്ട് സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കും എത്തിക്കും. വിൽപ്പനക്കാരെ നേരിട്ട് സമീപിച്ച് അവരെ ടെൻഡറുകളിൽ പങ്കെടുപ്പിച്ചു കൊണ്ടു സാധനങ്ങൾ ശേഖരിക്കും. ആന്ധ്രയിലും മറ്റുമുള്ള മില്ലുടമകൾ താത്പര്യം അറിയിച്ചിട്ടുണ്ട്.

എഫ്സിഐയിൽ നിന്ന് ആവശ്യത്തിനു അരി ലഭിക്കാതിരുന്നതിനാൽ സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കായി ശേഖരിച്ചിരുന്ന അരി കുട്ടികൾക്ക് ഉത്സവകാലത്ത് നൽകേണ്ടിവന്നു. ഇത് സ്കൂളുകൾക്കു തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ശബരിമല തീർഥാടകരിൽ നിന്ന് ഹോട്ടലുകാർ കൂടുതൽ പണം ഈടാക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നു പത്തനംതിട്ട ജില്ലയിലെ ഹോട്ടൽ ഉടമകളുടെ യോഗം അടിയന്തരമായി വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലം ഓണം വിപണിയിൽ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഓണച്ചന്തകൾ എന്നിവയിൽനിന്ന് 176.86 കോടിയുടെ വിറ്റുവരവ് ഉണ്ടായി. നടപ്പു സാമ്പത്തിക വർഷം ഓഗസ്റ്റ് 31 വരെയുള്ള സപ്ലൈകോയുടെ ആകെ വില്പന 1,805 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.