കൊച്ചി റിഫൈനറിയെ പരിസ്‌ഥിതിസൗഹൃദമാക്കും: പ്രധാൻ
കൊച്ചി റിഫൈനറിയെ പരിസ്‌ഥിതിസൗഹൃദമാക്കും: പ്രധാൻ
Friday, September 23, 2016 11:10 AM IST
കൊച്ചി: ജൈവമാലിന്യങ്ങളിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൊച്ചി റിഫൈനറിയെ ഹരിത റിഫൈനറി ആക്കി മാറ്റാനാണു തീരുമാനമെന്നു കേന്ദ്ര പെട്രോളിയം സഹമന്ത്രി ധർമേന്ദ്ര പ്രധാൻ. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ 50–ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഉപയോഗം നാൾക്കുനാൾ വർധിക്കുകയാണ്. രാജ്യത്തെ എല്ലാ മേഖലകളും വളരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആറു മുതൽ എട്ടു ശതമാനം വരെ ശരാശരി പ്രതിവർഷ വളർച്ചയുണ്ടായിരുന്നത് കഴിഞ്ഞവർഷം 11 ശതമാനമായി ഉയർന്നു.

റിഫൈനറികളെല്ലാം പരിസ്‌ഥിതി സൗഹൃദമാക്കണം. മാലിന്യത്തിൽനിന്നുപോലും ഊർജം ഉത്പാദിപ്പിക്കാൻ കഴിയും. ഇതിനായി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവുമുണ്ടാകും. ബിപിസിഎൽ കൊച്ചിയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്റർ ഊർജരംഗത്തിനു ഗുണകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൊച്ചിയിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽനിന്നു മംഗലാപുരത്തേക്കുള്ള പൈപ്പിടൽ ജോലികൾ സംസ്‌ഥാന സർക്കാരുമായി സഹകരിച്ചു വേഗത്തിൽ പൂർത്തിയാക്കും. വാഹനഗതാഗതത്തിനായി സിഎൻജി ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്‌ഥാന ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.


ബിപിസിഎൽ കമ്പനി ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസിനെ (എച്ച്ഒസി) ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണമെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. എച്ച്ഒസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ 50 വർഷത്തെ നേട്ടങ്ങൾ വിവരിക്കുന്ന കോഫീ ടേബിൾ ബുക്ക് ധർമേന്ദ്ര പ്രധാൻ പ്രകാശനം ചെയ്തു. റിഫൈനറിയുടെ ചരിത്രവും പ്രവർത്തനങ്ങളും വ്യക്‌തമാക്കുന്ന ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു. രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പി.ജെ. കുര്യൻ, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, ഹൈബി ഈഡൻ, എം. സ്വരാജ്, മുൻ എംപി പി. രാജീവ്, ബിപിസിഎൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എസ്. വരദരാജൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.