അമ്പതിന്റെ നിറവിൽ കൊച്ചി റിഫൈനറി
അമ്പതിന്റെ നിറവിൽ കൊച്ചി റിഫൈനറി
Thursday, September 22, 2016 11:07 AM IST
കൊച്ചി: ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് ഇന്ന് അമ്പതാം പിറന്നാൾ. 1966 സെപ്റ്റംബർ 23ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു റിഫൈനറി കമ്മീഷൻ ചെയ്തത്. കേരളത്തിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായ റിഫൈനറി, നവീന ഭാരതത്തിന്റെ പ്രതീകമാണെന്നാണ് ഉദ്ഘാടനവേളയിൽ ഇന്ദിരാഗാന്ധി പറഞ്ഞത്. ഇത് അർഥവത്താക്കുന്ന രീതിയിലാണു റിഫൈനറിയിലുണ്ടായ പുരോഗതിയും ഇപ്പോൾ നടക്കുന്ന വികസനപ്രവർത്തനങ്ങളും.

റിഫൈനറിയിൽ ഇപ്പോൾ നടക്കുന്ന കേരളത്തിന്റെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ സംയോജിത റിഫൈനറി പദ്ധതി (ഐആർഇപി) അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണു റിഫൈനറിയുടെ സുവർണ ജൂബിലിയെത്തിയിരിക്കുന്നത്. 16,500 കോടി രൂപ ചെലവിലാണു റിഫൈനറിയിൽ ഐആർഇപി പദ്ധതി പൂർത്തീകരിക്കുന്നത്. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണായി വർധിക്കും.

റിഫൈനറി കമ്മീഷൻ ചെയ്യുന്ന സമയത്തു 2.5 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരിക്കനാണു ശേഷിയുണ്ടായിരുന്നത്. 2009ൽ ശേഷി വർധിപ്പിച്ചതോടെ നിലവിലെ മൊത്തം ശുദ്ധീകരണശേഷി 9.5 ദശലക്ഷം ടണ്ണായി ഉയർന്നു. ഐആർഇപി കമ്മീഷൻ ചെയ്യുന്നതോടെ ഉന്നതനിലവാരമുള്ള യൂറോ നാല്, യൂറോ അഞ്ച് മാനദണ്ഡപ്രകാരമുള്ള വാഹന ഇന്ധനം ഉത്പാദിപ്പിക്കാനാവും. ഇതിനായി 10 ദശലക്ഷം ടൺ ശേഷിയുള്ള അത്യാധുനിക ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റാണു പുതുതായി ഒരുക്കുന്നത്.


പദ്ധതിയുടെ ഭാഗമായ ഡിലേയ്ഡ് കോക്കർ യൂണിറ്റിലെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ക്രൂഡ് ഓയിലിൽനിന്നു പരമാവധി ഉത്പന്നങ്ങളുണ്ടാക്കാൻ കഴിയും. ഈ യൂണിറ്റിൽ ഡീസൽ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നമായ പെറ്റ് കോക്ക് ഉപയോഗിച്ചു വൈദ്യുതി ഉത്പാദനിപ്പിക്കാനുള്ള പദ്ധതി കേരള സർക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ 4588 കോടി മുടക്കി പ്രതിവർഷം അഞ്ച് ലക്ഷം ടൺ പ്രൊപ്പലീൻ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2018ൽ പൂർത്തിയാകും.

സുവർണ ജൂബിലിയോടനുബന്ധിച്ച് ഇന്നു രാവിലെ 11.30ന് കൊച്ചിൻ റിഫൈനറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധർമേന്ദ്ര പ്രധാൻ, രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, ജോസ് കെ. മാണി, എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, അനൂപ് ജേക്കബ്, എം. സ്വരാജ്, ബിപിസിഎൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എസ്. വരദരാജൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.