സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി പ്രൊഫൗണ്ടിസ് സ്‌ഥാപകർ
Thursday, August 25, 2016 11:43 AM IST
കൊച്ചി: പ്രൊഫൗണ്ടിസ് ലാബ് സ്‌ഥാപകരായ അർജുൻ ആർ. പിള്ള, ജോഫിൻ ജോസഫ് എന്നിവർ സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി എത്തുന്നു. സിലിക്കൺ വാലിയിലെ സ്‌ഥാപകനേതാക്കളുടെ പാത പിന്തുടർന്നാണ് അറിവു പങ്കിടുന്നതിനും പരസ്പര സഹകരണത്തിനുമായി പുതുസംരംഭകരെ സഹായിക്കാൻ ഇവരെത്തുന്നത്. സംരംഭകസമൂഹം അറിവു പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇത് കൂടുതൽ വിജയങ്ങൾക്ക് തുടക്കംകുറിക്കുകയും വിജയിച്ചവർ വീണ്ടും അറിവു പങ്കുവയ്ക്കുന്നതിലൂടെ വിജയകരമായ സംരംഭങ്ങളുടെ ഒരു തുടർച്ചയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പ് അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

കോളജിലിരിക്കെത്തന്നെ ഒരു ആഗോളവ്യവസായം രൂപീകരിക്കുന്നതിനായി ഇപ്പോൾ ലഭ്യമായ അത്ഭുതകരമായ അവസരങ്ങൾ വിനിയോഗിക്കാൻ ഇന്ത്യയിലെ വിദ്യാർഥിസമൂഹത്തിന് പ്രചോദനമാണ് പ്രൊഫൗണ്ടിസിന്റെ വിജയമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇന്ത്യയിലെവിടെയുമുള്ളവരെ എങ്ങനെ ഒരു സംരംഭം തുടങ്ങാമെന്ന് പഠിപ്പിക്കാനാവും.


പുതിയ സംരംഭകർക്ക് പ്രചോദനത്തിനായി മാതൃകകൾ ആവശ്യമാണ്. നീന്തൽ പരിശീലകന് നീന്തൽ അറിയേണ്ടതുപോലെതന്നെ, ഒരു സ്റ്റാർട്ടപ്പ് മെന്റർക്ക് സ്റ്റാർട്ടപ്പ് തുടങ്ങിയ അനുഭവം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്പന്ന സംരംഭക അനുഭവപരിചയമുള്ള മെന്റർമാർ രാജ്യത്ത് വളരെ കുറവാണെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചീഫ് മെന്റർ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഡിജിറ്റൽ പതിപ്പായ എസ്വികോ വഴി ഈ അറിവുകൾ ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.