സമ്പന്ന രാജ്യം: ഇന്ത്യ ഏഴാമത്
സമ്പന്ന രാജ്യം: ഇന്ത്യ ഏഴാമത്
Tuesday, August 23, 2016 11:10 AM IST
ന്യൂഡൽഹി: ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്. 5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി. പട്ടികയിൽ അമേരിക്കയാണ് ഒന്നാമത്. ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യക്കു പിന്നാലെ കാനഡ (4.7 ലക്ഷം കോടി ഡോളർ), ഓസ്ട്രേലിയ (4.5 ലക്ഷം കോടി ഡോളർ), ഇറ്റലി (4.4 ലക്ഷം കോടി ഡോളർ) എന്നീ രാജ്യങ്ങളാണുള്ളത്.

48.9 ലക്ഷം കോടി ഡോളറാണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ള അമേരിക്കയുടെ ആസ്തി. ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്‌ഥാനത്ത്. യഥാക്രമം 17.4 ലക്ഷം കോടി ഡോളറും 15.1 ലക്ഷം കോടി ഡോളറുമാണ് ഈ രാജ്യങ്ങളുടെ മൊത്തം ആസ്തി.

ആദ്യ പത്തിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ യുണൈറ്റഡ് കിംഗ്ഡം, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം നാല്, അഞ്ച്, ആറ് സ്‌ഥാനങ്ങളിലാണ്.

വ്യക്‌തികളുടെ മൊത്തം സ്വത്താണ് രാജ്യത്തിന്റെ ആസ്തിയായി കണക്കാക്കുന്നത്. ഭൂമി, പണം, ഓഹരികൾ, മറ്റു നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഫണ്ടുകൾ ഉൾപ്പെടുത്തിയിട്ടില്ല. ജനസംഖ്യ ഏറിയത് ജനങ്ങളുടെ ആളോഹരി വരുമാനവും ആസ്തിയും മെച്ചപ്പെടുത്തി. ഇതാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടാനുള്ള കാരണം. എന്നാൽ, ഓസ്ട്രേലിയയുടെ ആകെ ജനസംഖ്യ 2.2 കോടി ആണെന്നുള്ളത് ശ്രദ്ധേയമാണ്.


കഴിഞ്ഞ അഞ്ചു വർഷത്തിനു മുകളിലായി അതിവേഗം വളരുന്ന രാജ്യമാണ് ചൈന. ഓസ്ട്രേലിയയും ഇന്ത്യയും ശക്‌തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഇറ്റലിയെ മറികടന്നിട്ട് 12 മാസമേ ആയിട്ടുള്ളൂ എന്നാണ് ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ട്. 2016 ജൂൺ വരെയുള്ള കണക്കിലാണ് ഈ റാങ്കിംഗ് നടത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.