ഫെഡ് മൊബൈൽ ഉപയോക്‌താക്കൾക്കായി റഫർ എ ഫ്രണ്ട്’പദ്ധതി
ഫെഡ് മൊബൈൽ ഉപയോക്‌താക്കൾക്കായി റഫർ എ ഫ്രണ്ട്’പദ്ധതി
Friday, August 19, 2016 11:38 AM IST
കൊച്ചി: സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഫെഡറൽ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഫെഡ് മൊബൈൽ നിർദേശിക്കുന്ന ഇടപാടുകാർക്ക് ബാങ്ക് റിവാർഡ് നൽകുന്നു. ഫെഡ് മൊബൈൽ ആപ്ലിക്കേഷന്റെ ഹോം പേജിൽ ‘റഫർ എ ഫ്രണ്ട്’ എന്നതിൽ ക്ലിക് ചെയ്ത് ആപ്പിന്റെ ലിങ്ക് ഷെയർ ചെയ്യാമെന്നു ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

വാട്സാപ്പ്, മെയിൽ, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ കൈമാറാൻ കഴിയുന്നതിനാൽ ഇടപാടുകാർക്ക് പണം നഷ്‌ടപ്പെടില്ല. ഇത്തരത്തിൽ ഒരാൾ നിർദേശിക്കുന്ന വ്യക്‌തി ആപ് ഡൗൺലോഡ് ചെയ്ത് ആദ്യത്തെ ഇടപാടു നടത്തിയാലുടൻ നിർദേശിച്ച വ്യക്‌തിക്ക് 50 രൂപ ലഭിക്കും. ഒരാൾക്ക് എത്ര പേരെ വേണമെങ്കിലും നിർദേശിക്കാനും 250 രൂപ വരെ റിവാർഡ് നേടാനും അവസരമുണ്ട്.


ഇടപാടുകാർക്ക് ഏറെ സൗകര്യപ്രദമായി മൊബൈലിലൂടെ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ഫെഡ് മൊബൈൽ സഹായിക്കും. പണം കൈമാറ്റം, റീചാർജ് തുടങ്ങിയവ കൂടാതെ വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, ഗ്യാസ്, ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട്, സംഭാവനകൾ തുടങ്ങിയവയ്ക്കും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണമടയ്ക്കാം. ഭാവിയിൽ നൽകേണ്ട അടവുകൾ ഷെഡ്യൂൾ ചെയ്യാനും സൗകര്യമുണ്ട്.

മൊബൈൽ ഫോണുകളുടെ പെട്ടെന്നുള്ള വളർച്ചയും ഉപയോഗത്തിലെ വർധനയും മറ്റെല്ലാ ഉപകരണങ്ങളെയും നിഷ്പ്രഭമാക്കുന്നതാണെന്നും ഫെഡറൽ ഓൺ എവരി മൊബൈൽ എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.