തത്സമയ, സുരക്ഷിത ബാങ്കിടപാടുകൾക്കു ചില്ലർ ആപ്പുമായി ഫെഡറൽ ബാങ്ക്
തത്സമയ, സുരക്ഷിത ബാങ്കിടപാടുകൾക്കു ചില്ലർ ആപ്പുമായി ഫെഡറൽ ബാങ്ക്
Thursday, August 18, 2016 11:42 AM IST
കൊച്ചി: കറൻസിരഹിത ഇടപാടുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് പ്രമുഖ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ചില്ലറുമായി കൈകോർക്കുന്നു. തത്സമയ പണം കൈമാറ്റം, ബില്ലടയ്ക്കൽ, ഫോൺ റീചാർജ്, ഇ–കൊമേഴ്സ് ഇടപാടുകൾ തുടങ്ങിയവ സാധ്യമാക്കുന്ന സുരക്ഷിതമായ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനാണു ചില്ലർ. ഉപഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ടുമായി നേരിട്ടു ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവർത്തനം. ബാങ്ക് നൽകുന്ന സുരക്ഷിതമായ പിൻ നമ്പറിലൂടെയാണ് ഇതു സാധ്യമാകുന്നത്.

പല ബാങ്കുകളെ കൂട്ടിയിണക്കുന്ന ഇന്ത്യയിലെ ഏക ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ ആയതുകൊണ്ടു ചില്ലറിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി ഒരേസമയം ഇടപാടുകൾ നടത്താൻ കഴിയും. എല്ലാ ബാങ്കിംഗ് സേവനങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്‌താവിനു ലഭ്യമാകും. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണം കൈമാറ്റം കൂടുതൽ വേഗത്തിലും സുരക്ഷിതമായും തത്സമയം നടക്കും. എസ്എംഎസുകളുടെ ആവശ്യവും വരുന്നില്ല. ഈ സൗകര്യം ഫെഡറൽ ബാങ്ക് ഉപഭോക്‌താക്കൾക്കും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.


മറ്റ് ബാങ്കുകളിലേക്കു പണം കൈമാറുന്നതിന് ഇപ്പോൾ എടുക്കുന്ന സമയദൈർഘ്യം ചില്ലർ വഴിയുള്ള ഇടപാടുകളിൽ ഇല്ലാതാകും. ഇടപാടുകൾക്കു പൂർണസുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു. ലളിതമായ ഉപയോഗക്രമമുള്ള ഈ ആപ് ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഒഎസ്് പ്ലാറ്റ്ഫോമുകളിൽ ലഭിക്കും. കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിലൂടെ ബാങ്കിംഗ് സേവനങ്ങളിൽ മാതൃകാപരമായ മാറ്റമുണ്ടാകുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നു ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് വിഭാഗം മേധാവി കെ.എ. ബാബു പറഞ്ഞു.

പണമിടപാടുകളിലെ കുത്തക കറൻസി സമ്പ്രദായങ്ങൾ മറികടന്ന് ഇന്ത്യയിലെ ബാങ്കിംഗ്, സാമ്പത്തിക സേവന രംഗങ്ങളിൽ പൊളിച്ചെഴുത്തു നടത്തുകയാണു ചില്ലറിന്റെ ലക്ഷ്യമെന്നും അതിനുള്ള ചുവടുവയ്പാണു ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തമെന്നും ചില്ലർ സിഇഒയും ഇന്ത്യയിലെ പ്രമുഖ കാമ്പസ് സ്റ്റാർട്ടപ്പായ മോബ്മി വയർലെസിന്റെ സ്‌ഥാപകരിലൊരാളുമായ സോണി ജോയ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.