മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല വായ്പാ റേറ്റിംഗ് ഉയർന്നു
മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല വായ്പാ റേറ്റിംഗ് ഉയർന്നു
Thursday, August 18, 2016 11:42 AM IST
കൊച്ചി: പ്രമുഖ വായ്പാ റേറ്റിംഗ് ഏജൻസിയായ ഐസിആർഎ, മൂത്തൂറ്റ് ഫിനാൻസിന്റെ ഒരുവർഷത്തിനുമേലുള്ള ദീർഘകാല വായ്പാ റേറ്റിംഗ് “എഎ മൈനസ്/സ്റ്റേബിൾ’ എന്നതിൽനിന്ന് “എഎ/സ്റ്റേബിൾ’ ആയി ഉയർത്തി. ഹ്രസ്വകാല വായ്പാ റേറ്റിംഗ് ഒരു വർഷത്തിൽ താഴെയുള്ളവയ്ക്കു മാത്രമാണ്.

ഐസിആർഎ റേറ്റിംഗ് പ്രകാരം “എഎ’ എന്നത് സാമ്പത്തികബാധ്യതയുള്ള സേവനങ്ങൾക്ക് ഉയർന്ന നിലവാരത്തിൽ ഉറപ്പും സരുക്ഷിതത്വവും നൽകുന്നു എന്നതിന്റെ സൂചനയാണ്. അത്തരം ഇടപാടുകൾക്കു റിസ്ക് കുറവായിരിക്കും. ഇതിന്റെ കൂടെ ഐസിആർഎ ചേർക്കുന്ന പ്ലസ് അല്ലെങ്കിൽ മൈനസ് ചിഹ്നം അവയുടെ ഓരോ വിഭാഗത്തിലെയും സ്‌ഥിതി വ്യക്‌തമാക്കുന്നു.

ഹ്രസ്വകാല വായ്പാ നിരക്കിന്റെ റേറ്റിംഗിൽ മുത്തൂറ്റിന് നിലവിൽ ഉയർന്ന നിലവാരമുണ്ട്. ഐസിആർഎ “എ1+’ റേറ്റിംഗാണ് ഇതിനുള്ളത്. ഈ റേറ്റിംഗിലുള്ള ഇടപാടുകൾക്ക് ഉയർന്ന സുരക്ഷിതത്വം ഉറപ്പുനൽകുന്നു. ഇതിനു ക്രെഡിറ്റ് റിസ്ക് കുറവാണ്. സ്വർണവായ്പയിൽ കൃത്യമായി പലിശ ശേഖരിക്കുന്നതിനാൽ വായ്പാ റിസ്ക് കുറയുന്നതായും അത് റേറ്റിംഗ് മെച്ചപ്പെടുത്തുന്നതിനു സഹായകമായതായും മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ പറഞ്ഞു.


രാജ്യത്തുടനീളമുള്ള 4,294 ബ്രാഞ്ചുകൾ, കാര്യക്ഷമമായ ഓഡിറ്റ് സിസ്റ്റംസ്, പൊതു ഓഹരിയിലൂടെ ഫണ്ട് ഉയർത്താനുള്ള സംവിധാനം, ശക്‌തമായ കാപ്പിറ്റൽ, ലാഭകരമായ സൂചനകൾ തുടങ്ങിയവയെല്ലാം റേറ്റിംഗിനു ബാധകമായെന്നും അദ്ദേഹം പറഞ്ഞു. എഎ റേറ്റിംഗോടെ പുതിയ ക്രെഡിറ്റ് റേറ്റഡ് കമ്പനികളോടൊപ്പമായെന്നും ധനകാര്യ സ്‌ഥാപനങ്ങളിൽനിന്നു മികച്ച നിരക്കുകൾ ലഭിക്കുകവഴി വായ്പാനിരക്കിൽ ഇളവു നൽകാനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജോർജ് അലക്സാണ്ടർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.