സോളാർ റിക്ഷകൾ നിരത്തിലേക്ക്
സോളാർ റിക്ഷകൾ നിരത്തിലേക്ക്
Tuesday, August 16, 2016 11:47 AM IST
കൊച്ചി: പൂർണമായും സൗരോർജത്തിന്റെ സഹായത്തോടെ ഓടുന്ന സോളാർ ഇ–റിക്ഷകൾ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. ലൈഫ് വേ സോളാർ പ്രൈവറ്റ് ലിമിറ്റഡ് ആണു സോളാർ റിക്ഷകൾ വിപണിയിലെത്തിക്കുന്നത്. ആറ് മണിക്കൂർ സൗരോർജത്തിലോ ഗ്രിഡിൽനിന്നോ ബാറ്ററി ചാർജ് ചെയ്താൽ 80 കിലോമീറ്റർ ഓടാൻ സാധിക്കുമെന്നു കമ്പനി മാനേജിംഗ് ഡയറക്ടർ ജോർജുകുട്ടി കരിയാനപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു.

എറണാകുളം കലൂരിലുള്ള കമ്പനി ഓഫീസിനു മുന്നിൽ സോളാർ റിക്ഷകൾ ചാർജ് ചെയ്യുന്നതിനായി സോളാർ ചാർജിംഗ് സ്റ്റേഷൻ സ്‌ഥാപിച്ചിട്ടുണ്ട്. കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ നഗരത്തിൽ സ്‌ഥാപിക്കും. നല്ല വെയിലുള്ള സമയമാണെങ്കിൽ ഓടുമ്പോൾതന്നെ സോളാർ റിക്ഷകൾ തനിയെ ചാർജാകും. 1.25 ലക്ഷമാണു സോളാർ ഇ–റിക്ഷയുടെ വില. മണിക്കൂറിൽ 30 കിലോമീറ്ററാണു വേഗതയെന്നതിനാൽ സ്ത്രീകൾക്കു സ്വയം തൊഴിലുപാധിയായി ഇവയെ സ്വീകരിക്കാൻ സൗകര്യപ്രദമാണ്.


ഇ–റിക്ഷകൾ കേരളത്തിലെ നിരത്തുകളിൽ ഉപയോഗിക്കുന്നതിന് അനുമതി ചോദിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കാർബൺ മോണോക്സൈഡ് വാതകം പുറപ്പെടുവിക്കാതെ നിശബ്ദമായി പ്രവർത്തിക്കുന്ന സോളാർ റിക്ഷകൾ പ്രകൃതിസംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്നു വിലയിരുത്തപ്പെടുന്നു. സോളാർ കറവയന്ത്രം, പോൾട്രി ഇങ്കുബേറ്റർ എന്നിവ ഇതിനുമുമ്പ് ലൈഫ് വേ സോളാർ അവതരിപ്പിച്ചിട്ടുള്ള സംരംഭങ്ങളാണ്. പത്രസമ്മേളനത്തിൽ ക്രിസ്റ്റോ ജോർജ്, മാത്യു എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.