കൊച്ചി മെട്രോ: ഫ്രഞ്ച് സംഘം ഇന്നെത്തും
കൊച്ചി മെട്രോ: ഫ്രഞ്ച് സംഘം ഇന്നെത്തും
Wednesday, July 27, 2016 11:23 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനായി ഫ്രഞ്ച് സംഘം ഇന്നു കൊച്ചിയിലെത്തും. പദ്ധതിക്കായി സാമ്പത്തിക സഹായം ചെയ്യുന്ന ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എഎഫ്ഡിയിലെ നഗരഗതാഗത വിദഗ്ധ പ്രിസേലെ ഡി കൊണാക്ക്, റീജണൽ ഡയറക്ടർ നിക്കോളാസ് ഫൊർനാഷ്, ഏഷ്യ വിഭാഗത്തിലെ ജിയോഗ്രാഫിക്കൽ കോ–ഓർഡിനേറ്റർ മറൈൻ കാർഷെ, പ്രോജക്ട് കോ–ഓർഡിനേറ്റർ ജൂലിയറ്റ് ലെ പനെ എന്നിവരാണു കൊച്ചിയിലെത്തുക.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് അടക്കമുള്ളവരുമായി സംഘം ചർച്ച നടത്തും. പദ്ധതി പ്രദേശത്തു സന്ദർശനം നടത്തുകയും ചെയ്യും. കളമശേരി സ്റ്റേഷൻ, ഇടപ്പള്ളി, കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർദിഷ്ട രണ്ടാംഘട്ട പാത കടന്നുപോകുന്ന ഇടങ്ങൾ, വൈറ്റില മൊബിലിറ്റി ഹബ്, പനമ്പിള്ളി നഗർ വാക്ക് വേ തുടങ്ങി സ്‌ഥലങ്ങളാണു സന്ദർശിക്കുക.

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിനു 1500ൽപരം കോടി രൂപയാണ് എഎഫ്ഡി സാമ്പത്തിക സഹായം നൽകുന്നത്. ഇതിൽ പകുതിയിലേറെ തുക കൈമാറികഴിഞ്ഞു. ശേഷിക്കുന്നത് ഒരു വർഷത്തിനകം കൈമാറും. ഇതുവരെ നൽകിയ വായ്പത്തുക ഏതുതരത്തിൽ വിനിയോഗിച്ചുവെന്നതു സംബന്ധിച്ചു വിശദമായ പരിശോധന ഇന്നിവിടെ എത്തുന്ന സംഘം നടത്തും.


കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിൽ കാക്കനാട്ടേക്കുള്ള എക്സ്റ്റൻഷനായി 850 കോടി രൂപയും നടപ്പാതകളുടെയും പ്രധാന ജംഗ്ഷനുകളുടെയും വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു 100 കോടി രൂപയും നൽകാനുള്ള സന്നദ്ധത എഎഫ്ഡി അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി സംബന്ധിച്ച കാര്യങ്ങളും സംഘം ചർച്ച നടത്തും. ഇന്നു രാവിലെ പദ്ധതിപ്രദേശത്തെ സന്ദർശനം നടത്തിയ ശേഷം വൈകുന്നേരം നാലിനു കെഎംആർഎൽ ആസ്‌ഥാനത്ത് എത്തിയാകും വിശദമായ ചർച്ച നടത്തുക.

പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പാത നീട്ടുന്ന കാക്കനാട്ടേക്കുള്ള നിർദിഷ്ട പാത കടന്നുപോകുന്ന പ്രദേശത്തും സംഘം സന്ദർശനം നടത്തും. സംയോജിത ഗതാഗത പദ്ധതി സംബന്ധിച്ചു സംഘടിപ്പിക്കുന്ന കെഎംആർഎൽ ശില്പശാലയിലും എഎഫ്ഡി സംഘം പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.