എച്ച്ഒസി അടച്ചുപൂട്ടാൻ ഒരുങ്ങുന്നു; തൊഴിലാളികൾ ആശങ്കയിൽ
എച്ച്ഒസി അടച്ചുപൂട്ടാൻ ഒരുങ്ങുന്നു; തൊഴിലാളികൾ ആശങ്കയിൽ
Monday, July 25, 2016 10:27 AM IST
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിന്റെ (എച്ച്ഒസി) കൊച്ചി യൂണിറ്റ് അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനം. കമ്പനി നഷ്‌ടത്തിലായതിനെത്തുടർന്നു കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് സെക്രട്ടറിയുടെ നിർദേശാനുസരണം വ്യവസായ പുനരുദ്ധാരണ സമിതിയായ ബിഐഎഫ്ആർ ആണ് അടച്ചുപൂട്ടാൻ നിലപാടെടുത്തിരിക്കുന്നത്. ഇതേത്തുടർന്നു കമ്പനിയിലെ അഞ്ഞൂറോളം തൊഴിലാളികൾ ആശങ്കയിലാണ്.

എച്ച്ഒസിക്കു കൊച്ചിയിലും മഹാരാഷ്ട്രയിലെ രാസായനിയിലുമാണ് പ്ലാന്റുകളുള്ളത്. 1987ൽ പ്രവർത്തനമാരംഭിച്ച കൊച്ചി യൂണിറ്റ് ലാഭകരമായി പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്‌ഥാപനമായിരുന്നു. 1,100 കോടിയോളം രൂപ നഷ്‌ടത്തിലാണ് എച്ച്ഒസി പ്രവർത്തിക്കുന്നതെങ്കിലും കൊച്ചിയിലെ പ്ലാന്റിൽനിന്നു ലാഭം ലഭിക്കുന്നുണ്ട്. 543 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. എന്നാൽ, ഇവിടെനിന്നു ലഭിക്കുന്ന ലാഭം മുഴുവൻ മഹാരാഷ്ട്രയിലെ യൂണിറ്റിന്റെ നഷ്‌ടം നികത്താൻ ഉപയോഗിക്കുകയാണ്.

ഇതുമൂലം കൊച്ചിയിലെ പ്ലാന്റും നഷ്‌ടത്തിൽ പ്രവർത്തിക്കേണ്ട സാഹചര്യമാണ്. തൊഴിലാളികൾക്കു നൽകാനുള്ള ശമ്പളം കുടിശികയുൾപ്പെടെയുള്ളതു കൊടുക്കാനാകുന്നില്ല. കൂടാതെ, അസംസ്കൃത വസ്തുക്കൾ നല്കുന്ന ബിപിസിഎലിന് 100 കോടി രൂപ കൊടുക്കാനുണ്ട്. കുടിശിക വർധിച്ചപ്പോൾ ബിപിസിഎൽ അസംസ്കൃത വസ്തുകൾ നൽകുന്നതും നിർത്തിയിരുന്നു. ഇതേത്തുടർന്ന് കമ്പനി നിർത്തേണ്ട സാഹചര്യമുണ്ടായപ്പോൾ പുറത്തുനിന്നു വിവിധ കമ്പനികൾക്കായി ഓർഡർ എടുത്ത് ഉത്പന്നങ്ങൾ നിർമിച്ചുകൊടുക്കാനുള്ള നീക്കവും എച്ച്ഒസി നടത്തിയിരുന്നു. ഇത്തരത്തിലെല്ലാം കൊച്ചിയിലെ യൂണിറ്റ് ഒരുവിധം ലാഭത്തിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണു കമ്പനി പൂട്ടാനുള്ള തീരുമാനം.

കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന ഉന്നതതല യോഗം എച്ച്ഒസിയുടെ പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ചു സർക്കാരിനു നൽകേണ്ട 440 കോടിയോളം രൂപ ഓഹരി മൂലധനമാക്കി മാറ്റാനും മഹാരാഷ്ട്രയിലെ എച്ച്ഒസിയുടെ 160 ഏക്കർ സ്‌ഥലം കോൺകോർ, ബിപിസിഎൽ എന്നീ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കു പാട്ടത്തിനു നൽകി 412 കോടി രൂപ സമാഹരിക്കുന്നതിനും തീരുമാനമെടുത്തു. ഈ തീരുമാനം കാബിനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കേയാണ് ഇത്തരമൊരു നിലപാടു സ്വീകരിച്ചത്.


സേവ് എച്ച്ഒസിഎൽ ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു തവണ മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതീവ ഗൗരവമായ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്നും കമ്പനി പൂട്ടേണ്ട സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകിയതായി യൂണിയൻ നേതാക്കൾ പറഞ്ഞു. കൂടാതെ, ഇന്നലെ കേരളത്തിലെ എംപിമാർ ഡൽഹിയിൽ വകുപ്പുമന്ത്രി അനന്തകുമാറിനെ നേരിൽക്കണ്ട് നിവേദനം നൽകി.

അഞ്ഞൂറോളം സ്‌ഥിരം ജീവനക്കാരും ആയിരത്തോളം പേർ പരോക്ഷമായും എച്ച്ഒസിയെ ആശ്രയിച്ച് കഴിയുന്നുണ്ട്. 40,000 ടൺ ഫിനോളും 24,000 ടൺ അസറ്റോണുമാണ് കൊച്ചി യൂണിറ്റിലെ വാർഷിക ഉത്പാദനം. ഇന്ത്യയിൽ രണ്ടര ലക്ഷം ടണ്ണോളം ആഭ്യന്തര ഡിമാൻഡുള്ള ഫിനോൾ കേവലം 60,000 ടൺ മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്.
13 മാസമായി തൊഴിലാളികൾക്കു ശമ്പളം ലഭിച്ചിട്ടില്ല. ഇതേത്തുടർന്ന് മഹാരാഷ്ട്ര യൂണിറ്റിലെ അഞ്ചു പേർ ജീവനൊടുക്കി. സർക്കാർ നിലപാടു മാറ്റിയതിനെതിരേ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ‘സേവ് എച്ച്ഒസി’ സംയുക്‌ത സമരസമിതി. ഇതിന്റെ ഭാഗമായി ഇന്നലെ പ്രതിഷേധ പ്രകടനം നടത്തുകയും കമ്പനി ഗേറ്റിൽ സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. ഓഗസ്റ്റ് 20ന് ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ഇരുമ്പനത്ത് ദേശീയപാത ഉപരോധിക്കും. ഇതിനു മുന്നോടിയായി ഇന്നു മുതൽ കമ്പനി ഗേറ്റിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും സേവ് എച്ച്ഒസി സംയുക്‌ത സമരസമിതി കൺവീനർ കെ.എസ്. പ്രകാശൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.