ഇന്ത്യയിലേക്ക് കിയാ മോട്ടോഴ്സ് എത്തും
ഇന്ത്യയിലേക്ക് കിയാ മോട്ടോഴ്സ് എത്തും
Saturday, July 23, 2016 11:09 AM IST
സീയൂൾ: ദക്ഷിണകൊറിയൻ കമ്പനിയായ കിയാ മോട്ടോഴ്സ് കോർപ് ഇന്ത്യയിൽ ആദ്യ നിർമാണ പ്ലാന്റ് തുടങ്ങാനായി സ്‌ഥലമെടുക്കാനെത്തും. സ്‌ഥലമെടുപ്പ് അടുത്ത മാസം നടക്കുമെന്നാണു സൂചന. വാഹനവില്പനയിൽ രാജ്യത്തു രണ്ടാം സ്‌ഥാനത്തുള്ള ഹ്യുണ്ടായി മോട്ടോർ കോർപുമായി സഹകരിച്ചാകും കിയയുടെ ഇന്ത്യയിലെ പ്രവർത്തനം. നിശ്ചിത ഫാക്ടറിയുടെ പ്രവർത്തനം 2019ൽ തുടങ്ങാനും പ്രതിവർഷം മൂന്നു ലക്ഷം കിയ വാഹനങ്ങൾ പുറത്തിറക്കാനുമാണു പദ്ധതി. കഴിഞ്ഞ വർഷം 30.5 ലക്ഷം കാറുകളാണ് കിയ മോട്ടോഴ്സ് ആഗോളവ്യാപകമായി വിറ്റഴിച്ചത്.

2020 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർ മാർക്കറ്റായി ഇന്ത്യ മാറുമെന്നാണു വിലയിരുത്തൽ. ഇപ്പോൾ അഞ്ചാം സ്‌ഥാനത്താണ് ഇന്ത്യ. 2015ൽ വാർഷിക കാർ വില്പന 50 ലക്ഷത്തോടുത്തു. നേരത്തേ 27 ലക്ഷമായിരുന്നു.

ഇന്ത്യയിലേക്ക് കിയ എത്തുമെന്നതിൽ തീരുമാനമായെങ്കിലും ഏതു മോഡലായിരിക്കും നിർമിക്കുകയെന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റിൽ പരിഗണനയിലിരിക്കുന്ന സ്‌ഥലങ്ങൾ സന്ദർശിച്ച് സെപ്റ്റംബറിൽ പ്ലാന്റിന്റെ നിർമാണ പ്രഖ്യാപനമുണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങൾ നല്കുന്ന സൂചന. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. എങ്കിലും ഹ്യുണ്ടായിയുടെ പ്ലാന്റുകളുള്ള തമിഴ്നാടിനോട് ഏറ്റവും അടുത്ത അന്ധ്രപ്രദേശിനാണ് സാധ്യത കൂടുതൽ.


ആഗോള കാർ വില്പനയിൽ 57 ശതമാനം കൈപ്പിടിയിലുള്ള കിയ ഇന്ത്യയിലെത്തുന്നത് മാരുതിക്കു ഭീഷണിയാകുമോ എന്നു സംശയം ഉയരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്നത് ചെറുകാറുകളാണ്. ഹ്യുണ്ടായി ഏറ്റവുമധികം ഇറക്കുന്നത് വില കുറഞ്ഞ മോഡലുകളുമാണ്. ഇന്ത്യൻ വിപണി പിടിച്ചടക്കാൻ എന്തു മാർഗമായിരിക്കും കിയ സ്വീകരിക്കുകയെന്ന് വ്യവസായലോകം ഉറ്റുനോക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.