പാലുത്പാദനത്തിൽ മുമ്പിൽ, പക്ഷേ...
പാലുത്പാദനത്തിൽ മുമ്പിൽ, പക്ഷേ...
Thursday, July 21, 2016 11:05 AM IST
ന്യൂഡൽഹി: രാജ്യത്ത് ധവളവിപ്ലവത്തിനു തുടക്കം കുറിച്ച സംസ്‌ഥാനമാണ് ഗുജറാത്ത്. പാലുത്പാദനത്തിൽ ഏറ്റവും മുന്നിലും ഗുജറാത്ത് തന്നെ. എന്നാൽ, സംസ്‌ഥാനത്ത് പാലിന്റെ പ്രതിശീർഷ ലഭ്യതയിൽ നാലാം സ്‌ഥാനത്താണ്. കേന്ദ്ര കൃഷി മന്ത്രി സുദർശൻ ഭഗത് ലോക്സഭയിൽ അറിയിച്ചതാണ് ഈ കാര്യം. പഞ്ചാബാണ് പാലുപയോഗത്തിൽ ഏറ്റവും മുന്നിൽ. ഇവിടെ ഒരാൾക്ക് പ്രതിദിനം ശരാശരി 1,032 ഗ്രാം പാൽ ലഭിക്കുമ്പോൾ ഗുജറാത്തിൽ ഇത് 545 ഗ്രാം മാത്രമാണ്. ഹരിയാനയിൽ 877 ഗ്രാമും രാജസ്‌ഥാനിൽ 704 ഗ്രാമുമാണ് ഓരോ വ്യക്‌തിക്കും ശരാശരി ലഭിക്കുന്ന പാലിന്റെ അളവ്.

2015–16 ധനകാര്യവർഷം രാജ്യത്തെ മൊത്തം പാലുത്പാദനം 15.55 കോടി ടൺ ആണ്. രാജ്യത്തെ പ്രതിശീർഷ ലഭ്യത 337 ഗ്രാമും.


രാജ്യത്തെ പ്രമുഖ 18 പാലുത്പാദക സംസ്‌ഥാനങ്ങൾക്കായി 2,242 കോടി രൂപയുടെ പാക്കേജിന് നാഷണൽ ഡെയറി പ്ലാൻ അംഗികാരം നല്കിയിട്ടുണ്ട്. മാത്രമല്ല രണ്ടു മുതൽ പത്തു പശുക്കൾ വരെയുള്ള ചെറുകിട യൂണിറ്റ് തുടങ്ങുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) 25 ശതമാനം സബ്സിഡി ജനറൽ വിഭാഗത്തിൽപ്പെട്ട ക്ഷീരകർകർക്കും 33.33 ശതമാനം സബ്സിഡി എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട ക്ഷീരകർഷകർക്കും നല്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

സങ്കരയിനത്തിൽപ്പെട്ടതോ തദ്ദേശീയ ഇനത്തിൽപ്പെട്ടതോ ആയ പശുക്കളെയോ എരുമകളെയോ ഇത്തരത്തിൽ വളർത്താം. ഈ വർഷംതന്നെ ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.