രാജന്റെ പിൻഗാമി: നാലുപേരുടെ ചുരുക്കപ്പട്ടിക ആയി
രാജന്റെ പിൻഗാമി: നാലുപേരുടെ ചുരുക്കപ്പട്ടിക ആയി
Monday, June 27, 2016 11:18 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഡോ.രഘുറാം രാജന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം വേഗത്തിലായി. ഒരു ഡസനോളം പേരെ പരിഗണിച്ച് നാലു പേരുള്ള ചുരുക്കപ്പട്ടിക തയാറാക്കി.

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. ഊർജിത് പട്ടേൽ, മുൻ ഡെപ്യൂട്ടി ഗവർണർമാരായ രാകേഷ് മോഹൻ, സുബീർ ഗോകർണ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ എന്നിവരാണു ചുരുക്കപ്പട്ടികയിലുള്ളത്.

നേരത്തേ പരിഗണനയിലുണ്ടായിരുന്ന ബ്രിക്സ് ബാങ്ക് തലവൻ കെ.വി. കാമത്ത്, മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പാർഥസാരഥി ഹോം, മുൻ ധനകാര്യ സെക്രട്ടറി വിജയ് കേൽക്കർ, മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് അശോക് ചൗള, ധനശാസ്ത്രജ്‌ഞൻ ആർ. വൈദ്യനാഥൻ, സെബി ചെയർമാൻ യു.കെ. സിൻഹ തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു എന്നാണു മാധ്യമറിപ്പോർട്ടുകൾ. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, ധനകാര്യ സെക്രട്ടറി ശക്‌തികാന്തദാസ് എന്നിവരും ഒഴിവാക്കപ്പെട്ടു. ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമിയുടെ ആക്രമണമാണ് ഈ രണ്ടു പേർക്കും വിനയായത്.

റിസർവ് ബാങ്കിൽ മൂന്നുവർഷമായി പണനയം കൈകാര്യം ചെയ്യുന്ന ഊർജിത് പട്ടേൽ, രഘുറാം രാജന്റെ വലംകൈയായാണ് അറിയപ്പെടുന്നത്. പണപ്പെരുപ്പ നിയന്ത്രണം പണനയത്തിന്റെ ലക്ഷ്യമാക്കി മാറ്റുന്നതിൽ പട്ടേലിന്റെ പങ്ക് വലുതാണ്. പണവിപണിയിൽ കർക്കശക്കാരനാണ് എന്ന പേരും 52 വയസുള്ള പട്ടേലിനുണ്ട്.


എസ്ബിഐ മേധാവിയായ അരുന്ധതിയുടെ കാലാവധി ഈ വർഷം അവസാനിക്കുകയാണ്. റിസർവ് ബാങ്ക് ഗവർണർ ആക്കിയില്ലെങ്കിൽ ഈ അറുപതുകാരിക്ക് എസ്ബിഐയിൽ ഒന്നോ രണ്ടോ വർഷം കൂടി നൽകിയേക്കാം. എന്നും ബാങ്കിംഗിൽ മാത്രമായിരുന്നു ഇവർ എന്നതു നയരൂപീകരണ പദവിയിൽ എത്താൻ തടസമാകാം.

രണ്ടു തവണ(2002–04, 2005–09)യായി ആറുവർഷത്തിലേറെ പണനയ രൂപീകരണത്തിന്റെ ചുമതലവഹിച്ചിട്ടുള്ളയാളാണു മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹൻ. ബാങ്കിലെ മറ്റു നിർണായക വകുപ്പുകളും മോഹൻ കൈകാര്യം ചെയ്തിട്ടുണ്ട്. റിസർവ് ബാങ്കിൽനിന്നു രാജിവച്ചശേഷം അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. ഇലക്ട്രിക്കൽ എൻജിനിയറായ ഇദ്ദേഹം യേൽ, പ്രിൻസ്ടൺ യൂണിവേഴ്സിറ്റികളിൽനിന്ന് ധനശാസ്ത്രത്തിൽ ബിരുദവും മാസ്റ്റേഴ്സും ഡോക്ടറേറ്റും നേടി.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ധനശാസ്ത്രജ്‌ഞനായി പ്രവർത്തിച്ചിട്ടുള്ള സുബീർ ഗോകർണ 2009–13ൽ റിസർവ് ബാങ്കിലെ പണനയ വിഭാഗം കൈകാര്യം ചെയ്ത ഡെപ്യൂട്ടി ഗവർണറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.