കമ്പോളങ്ങൾ ജാഗ്രതയിൽ
കമ്പോളങ്ങൾ ജാഗ്രതയിൽ
Wednesday, June 22, 2016 11:21 AM IST
മുംബൈ/ന്യൂഡൽഹി/ലണ്ടൻ: ബ്രെക്സിറ്റ് (ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നത്) ആശങ്കയിൽ കമ്പോളങ്ങളും കമ്പോളനിയന്താക്കളും. ഇന്നലെ ഇന്ത്യൻ ഓഹരികൾ അല്പം താണു, രൂപ അല്പം കയറി.

സെൻസെക്സ് 47.13 പോയിന്റ് താണ് 26,765.65ലും നിഫ്റ്റി 16.2 പോയിന്റ് താണ് 8,203.7ലും ക്ലോസ്ചെയ്തു. ബ്രിട്ടനിൽ ബിസിനസുള്ള കമ്പനികൾക്കു വില ഗണ്യമായി ഇടിഞ്ഞു. എന്നാൽ, യൂറോപ്പിലും ബ്രിട്ടനിലും ഓഹരികൾ രണ്ടു ദിവസമായി കയറ്റത്തിലാണ്.

ബ്രിട്ടൻ വിട്ടുപോകുന്ന സാഹചര്യമുണ്ടായാൽ ധനകാര്യവിപണിയിലെ ഏതു സാഹചര്യവും നേരിടാൻ കരുതലുണ്ടെന്നു റിസർവ് ബാങ്കും സെബി(സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യും ധനമന്ത്രാലയവും വ്യക്‌തമാക്കി. ബ്രിട്ടീഷ് കറൻസി പൗണ്ടിനും യൂറോപ്യൻ കറൻസി യൂറോയ്ക്കും തകർച്ചയുണ്ടാകുമോ എന്നാണു ഭീതി. ഏതായാലും മുൻദിവസങ്ങളിലെ ആശങ്ക ഈയാഴ്ച കറൻസി വിപണികളിൽ ഇല്ല. പൗണ്ടും യൂറോയും കയറി, ഡോളർ താണു. രൂപയുമായുള്ള ഡോളറിന്റെ വിനിമയനിരക്ക് കാര്യമായ മാറ്റമില്ലാതെ 67.485ൽ ക്ലോസ്ചെയ്തു.


കറൻസി വിപണിയിലും ഡെറിവേറ്റീവ് വിപണിയിലും തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ടെന്നു റിസർവ് ബാങ്ക് പറഞ്ഞു. 36,000 കോടി ഡോളർ വിദേശനാണ്യശേഖരം രാജ്യത്തിനുണ്ട്.

യൂറോപ്യൻ വിപണികളിൽ സ്വർണവില ഇന്നലെ കുറഞ്ഞു, ക്രൂഡ് ഓയിൽ അൽപം കയറി. ബ്രിട്ടൻ വിട്ടുപോകില്ല എന്ന വിശ്വാസമാണ് വിപണി ഇടപാടുകാർക്കുള്ളതെന്ന് ഇതു തെളിയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.