ഡോളർ ശക്‌തം, സ്വർണം താഴോട്ട്
ഡോളർ ശക്‌തം, സ്വർണം താഴോട്ട്
Tuesday, June 21, 2016 11:30 AM IST
മുംബൈ: ഡോളറിന് ഇന്നലെ 20 പൈസ കൂടുകയും ഓഹരിവിപണി സൂചികകൾ അല്പം താഴുകയും ചെയ്തു. എന്നാൽ സ്വർണത്തിനു വിലയിടിഞ്ഞു. ഡോളറിന്റെ വിനിമയനിരക്ക് ഇന്നലെ 67.50 രൂപയിലേക്കു കയറി. വിദേശത്തു ഡോളറിനുണ്ടായ ഉണർവാണ് കാരണം.

ഏഷ്യൻ ഓഹരി സൂചികകൾ ഇന്നലെ കയറിയെങ്കിലും ഇന്ത്യയുടെ സെൻസെക്സും നിഫ്റ്റിയും അല്പം താണു. സെൻസെക്സ് 54.14 പോയിന്റ് താണ് 26812.78 ലെത്തി. നിഫ്റ്റി 18.6 പോയിന്റ് താണ് 8219.9ൽ ക്ലോസ് ചെയ്തു. ഇന്നലെയും ആഭ്യന്തര ധനകാര്യ സ്‌ഥാപനങ്ങൾ വലിയ വാങ്ങലുകാരായി.

മുംബൈയിൽ സ്വർണം 10 ഗ്രാമിന് 90 രൂപ കുറഞ്ഞ് 29,785 രൂപയായി. എന്നാൽ വിദേശത്തു സ്വർണം കുത്തനെ താണു. ഒരൗൺസ് (31.1 ഗ്രാം) സ്വർണത്തിന് ന്യൂയോർക്കിൽ 20 ഡോളർ താണ് 1268 ഡോളറായി. 1.7 ശതമാനം താഴ്ചയാണിത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകില്ലെന്ന ധാരണ പ്രബലമായതാണു സ്വർണവില താഴാൻ കാരണം.


ബ്രിട്ടനിലെ പുതിയ സർവേകൾ യൂണിയനിൽ തുടരണമെന്ന പക്ഷത്തിനാണു ഭൂരിപക്ഷം പ്രവചിക്കുന്നത്. വ്യാഴാഴ്ചത്തെ വോട്ടിന്റെ ഫലം വെള്ളിയാഴ്ച രാവിലെ അറിയും.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു മാറാൻ തീരുമാനിച്ചാൽ ധനകാര്യ വിപണികൾക്കു വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡിന്റെ മേധാവി ജാനറ്റ് എലൻ ഇന്നലെ യുഎസ് കോൺഗ്രസിൽ മൊഴി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.