ആദായനികുതി അടയ്ക്കാത്തവരെ കാത്തിരിക്കുന്നത് ഊരാക്കുടുക്ക്
ആദായനികുതി അടയ്ക്കാത്തവരെ കാത്തിരിക്കുന്നത് ഊരാക്കുടുക്ക്
Tuesday, June 21, 2016 11:30 AM IST
ന്യൂഡൽഹി: രാജ്യത്ത് ആദായനികുതി ബോധപൂർവം അടയ്ക്കാത്തവർക്കെതിരേ കർശന നടപടിയുമായി ആദായനികുതി വകുപ്പ്. നികുതി അടയ്ക്കാത്തവരുടെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ബ്ലോക്ക് ചെയ്യുകയും എൽപിജി സബ്സിഡി കാൻസൽ ചെയ്യുകയും ചെയ്യും. കൂടാതെ അത്തരക്കാർക്ക് യാതൊരു വിധത്തിലുമുള്ള വായ്പ ലഭിക്കാതിരിക്കാനുള്ള നടപടിയും സ്വീകരിക്കും. പുതിയ നടപടികൾ ഈ ധനകാര്യവർഷംതന്നെ നടപ്പിലാക്കാനാണ് സാധ്യത. വൻതോതിലുള്ള നികുതിവെട്ടിപ്പ് ഒഴിവാക്കാനാണ് ഈ നടപടി.

പാൻ കാർഡ് ബ്ലോക്ക് ചെയ്യാനും വായ്പകൾ തടഞ്ഞുവയ്ക്കാനുമാണ് ആദായനികുതി വകുപ്പ് മുമ്പോട്ടുവച്ച തീരുമാനമെങ്കിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്ന എൽപിജി സബ്സിഡികൂടി റദ്ദാക്കാൻ ധനമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. നികുതിവെട്ടിപ്പ് നടത്തുന്നവർക്ക് യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങൾ സർക്കാരിൽനിന്നു നല്കാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടി. പാൻ റദ്ദാക്കിയാൽ അത് ആവശ്യമായി വരുന്ന ഏതിടപാടും നടപ്പാക്കാൻ കഴിയില്ല.


നികുതി അടയ്ക്കാത്തവരുടെ വിവരങ്ങൾ രാജ്യത്തെ എല്ലാ നികുതി ഓഫീസുകളിലേക്കും അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ 20 കോടിയിലധികം കുടിശിക വരുത്തുന്നവരുടെ പേരുകൾ ആദായനികുതി വകുപ്പ് വെളിപ്പെടുത്തിത്തുടങ്ങിയിരുന്നു.

ഈ വർഷം മുതൽ ഒരു കോടിയിലധികം കുടിശിക വരുത്തുന്നവരുടെയും പേരുകൾ വെളിപ്പെടുത്താൻ ഐടി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.