രാജനെ പുകച്ചു പുറത്താക്കി
രാജനെ പുകച്ചു പുറത്താക്കി
Saturday, June 18, 2016 11:16 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഡോ.രഘുറാം രാജനെ പുകച്ചു പുറത്തുചാടിച്ചതാണെന്നു മുൻ ധനമന്ത്രി പി.ചിദംബരം. ചിദംബരത്തിന്റെ കാലത്താണ് രാജനെ ഗവർണറാക്കിയത്.

രാജനെതിരേ സുബ്രഹ്മണ്യൻസ്വാമിയെക്കൊണ്ട് ദുരുദ്ദേശ്യപരമായി ആക്ഷേപങ്ങൾ ഉന്നയിപ്പിച്ച് സൂത്രത്തിൽ ഒഴിവാക്കുകയാണ് ചെയ്തതെന്നു ചിദംബരം കുറ്റപ്പെടുത്തി.

തമിഴ് ബ്രാഹ്മണനായ രാജന്റെ പിതാവ് 1953–ലെ സിവിൽസർവീസ് പരീക്ഷയിൽ റാങ്കിനുടമയായ ജി.ഗോവിന്ദരാജൻ എന്ന ഐപിഎസ് ഓഫീസറാണ്. ഇന്ത്യയുടെ ചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ തുടക്കത്തിൽ ആദ്യമേധാവി ആർ.എൻ. കാവോയുടെ സെക്രട്ടറിയായിരുന്നു ഗോവിന്ദരാജൻ. പല രാജ്യങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചതിനാൽ രാജന്റെ സ്കൂൾ വിദ്യാഭ്യാസം പല രാജ്യങ്ങളിലായിരുന്നു.

യുപിഎ സർക്കാർ നിയമിച്ച രാജനെ നല്ല അധ്യാപകൻ എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിരുന്നു. എന്നാൽ രാജനെപ്പറ്റി നല്ലതു പറയാൻ ധനമന്ത്രി അരുൺ ജയ്റ്റ്ലി ഒരിക്കലും തയാറായിട്ടില്ല. ഗവൺമെന്റും വ്യവസായികളും ആഗ്രഹിച്ചതുപോലെ പലിശ കുറയ്ക്കാത്തതാണ് ഒരു കാരണം.

വികസനത്തിനു തടസമാണ് അസഹിഷ്ണുതയെന്നു രാജൻ പറഞ്ഞത് ഗവൺമെന്റിലെ പലർക്കും ആർഎസ്എസിനും ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് ഇന്ത്യ വലിയ വളർച്ച നേടിയെന്ന അവകാശവാദത്തെ പൊട്ടക്കണ്ണന്മാർക്കിടയിൽ ഒറ്റക്കണ്ണൻ രാജാവാകുന്നതുപോലെയാണെന്നു പറഞ്ഞതും രാജനെ അപ്രിയനാക്കി. മുൻനിര വ്യവസായികൾ ഡോ.രാജനു കാലാവധി നീട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടും അതു ചെയ്യാത്തതിന് ഈ പശ്ചാത്തലമുണ്ട്. 1992 മുതൽ എല്ലാ ഗവർണർമാർക്കും അഞ്ചുവർഷ കാലാവധി കിട്ടിയിട്ടുള്ളതാണ്. സി.രംഗരാജൻ, ഡോ.ബിമൽ ജലാൽ, ഡോ.വൈ.വി. റെഡ്ഡി, ഡി. സുബ്ബറാവു എന്നിവരാണ് അക്കാലത്തെ ഗവർണർമാർ. ഡോ. രാജൻ റിസർവ് ബാങ്കിന്റെ 23–ാമത്തെ ഗവർണറാണ്.


ഇപ്പോൾ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം അടക്കം ഗവർണറുടെ കസേരയിൽ നോട്ടമിട്ടിട്ടുള്ള പലരുണ്ട്.


<ആ>രഘുറാം രാജൻ

ജനനം: 1963 ഫെബ്രുവരി 3 (ഭോപ്പാൽ)

പിതാവ്: ആർ.ഗോവിന്ദരാജൻ ഐപിഎസ്.

വിദ്യാഭ്യാസം: ഐഐടി ഡൽഹി (ഇലക്ട്രിക്കൽ എൻജിനിയറിംഗ്), ഐഐഎം അഹമ്മദാബാദ് (എംബിഎ), മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി– സ്ലോവാൻ സ്കൂൾ ഓഫ് ബിസിനസ് (പിഎച്ച്ഡി).

പദവി: യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ് പ്രഫസർ (1991–), ചീഫ് ഇക്കണോമിസ്റ്റ് ഐഎംഎഫ് (2003–06), പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവ് (2008), ധനമന്ത്രിയുടെ ചീഫ് ഇക്കണോമിക് അഡ്വൈസർ (2012–13), റിസർവ് ബാങ്ക് ഗവർണർ (2013–).

അവാർഡുകൾ: ഫിഷർ ബ്ലാക്ക് പ്രൈസ് (2003), ഫിനാൻഷ്യൽ ടൈംസ് അവാർഡ് (2010), ഇൻഫോസിസ് പ്രൈസ് (2011), ഡോയിഷ് ബാങ്ക് പ്രൈസ് (2013).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.