ഭവനനിർമാണം: ആദായനികുതിയിൽ വൻ കിഴിവുകൾ
ഭവനനിർമാണം: ആദായനികുതിയിൽ വൻ കിഴിവുകൾ
Sunday, May 29, 2016 11:20 AM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

എല്ലാവർക്കും സ്വന്തം ഭവനം എന്ന സർക്കാർ പോളിസി സാക്ഷാത്കരിക്കുന്നതിനു ഭവനം സ്വന്തമാക്കുന്നവർക്ക് ആദായനികുതി നിയമത്തിൽ ആനുകൂല്യങ്ങൾ നല്കുന്നുണ്ട്. അവയെപ്പറ്റി താഴെ വിശദീകരിക്കുന്നു.

1) ഭവനവായ്പയുടെ തിരിച്ചടവ്

ബാങ്കിൽനിന്നും ധനകാര്യസ്‌ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടുപണിയുന്നതിനോ വാങ്ങുന്നതിനോ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ ആദായനികുതി നിയമം 80 സി അനുസരിച്ച് ഒന്നരലക്ഷം രൂപ വരെ ആദായത്തിൽനിന്നു കിഴിവായി അനുവദിക്കുന്നുണ്ട്. ഈ കിഴിവ് ലഭിക്കണമെങ്കിൽ വീടിന്റെ നിർമാണം പൂർത്തിയാക്കുകയും കൈവശാവകാശം നേടുകയും ചെയ്യണം. പൂർത്തിയാക്കാത്ത ഭവനത്തിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ ഈ ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കാനും പാടില്ല. നിർമാണം പൂർത്തിയായതിനു ശേഷം അഞ്ചു വർഷത്തിനിപ്പുറം ഈ ഭവനം വില്പന നടത്തുകയാണെങ്കിൽ ലഭിച്ച ആനുകൂല്യങ്ങൾക്ക് ആ വർഷം നികുതി അടയ്ക്കേണ്ടി വരും. എന്നാൽ, അഞ്ചു വർഷത്തിനുമുമ്പ് ഭവനവായ്പ മുഴുവനും തിരിച്ചടച്ചുവെന്നു കരുതി ലഭിച്ച നികുതി ആനുകൂല്യങ്ങൾ ഒന്നും റിവേഴ്സ് ചെയ്യേണ്ടതില്ല.

2) സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും

ഭവനവായ്പയുടെ തിരിച്ചടവിനു മാത്രമല്ല ആദായനികുതിനിയമം 80 സി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. ഭവനത്തിന്റെ രജിസ്ട്രേഷനുവേണ്ടി ചെലവാക്കുന്ന പണത്തിനും കിഴിവ് ലഭിക്കും. എന്നാൽ, ആകെ കിഴിവുതുക ഒന്നര ലക്ഷം രൂപയിൽ ലിമിറ്റ് ചെയ്തിരിക്കുന്നു. നിർമാണം പൂർത്തിയാക്കി ഭവനം കൈവശം എടുത്തെങ്കിൽ മാത്രമാണ് ഈ ആനുകൂല്യവും ലഭിക്കുന്നത്. മാർച്ച് 31നു മാത്രമാണ് ഭവനം കൈവശം ആക്കുന്നതെങ്കിലും മേൽ ആനുകൂല്യം ആ വർഷം ലഭിക്കുന്നതാണ്.

3) ഭവനവായ്പയുടെ പലിശയ്ക്കുള്ള ആനുകൂല്യങ്ങൾ

വീടു നിർമാണത്തിനോ വാങ്ങുന്നതിനോ പുതുക്കിപ്പണിയുന്നതിനോ എടുത്തിട്ടുള്ള വായ്പയുടെ പലിശയ്ക്ക് ആദായനികുതി നിയമം 24 ബി അനുസരിച്ച് രണ്ടു ലക്ഷം രൂപ വരെ കിഴിവു ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാവുകയും ഭവനം കൈവശപ്പെടുത്തുകയും ചെയ്തിരിക്കണം. ഭവനം സ്വന്തം താമസത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നതെങ്കിലാണ് പലിശയ്ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, ഭവനം വാടകയ്ക്ക് കൊടുക്കാനാണെങ്കിൽ മുഴുവൻ പലിശയും ചെലവായി അംഗീകരിക്കുന്നതാണ്. ആ സമയം വാടകയിൽനിന്നു ലഭിക്കുന്ന വരുമാനം മൊത്തവരുമാനത്തിൽ ഉൾപ്പെടുത്തണം. എന്നാൽ, വായ്പ എടുത്തതിനു ശേഷം വീടുപണി മൂന്നു വർഷത്തിനകം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഈ ആനുകൂല്യം 30,000 രൂപയായി ചുരുക്കേണ്ടി വരും. 2016ലെ ബജറ്റിൽ ഈ കാലയളവ് മൂന്നു വർഷം എന്നത് അഞ്ചു വർഷമാക്കി നീട്ടിയിട്ടുണ്ട്. ഭവനനിർമാണത്തിന് എടുത്ത വായ്പയുടെ പലിശക്കു കിഴിവ് ലഭിക്കുന്നതിന് വായ്പ ധനകാര്യസ്‌ഥാപനത്തിൽനിന്നോ ബാങ്കിൽനിന്നോ സൊസൈറ്റികളിൽനിന്നോ മാത്രം എടുക്കണമെന്ന് ഒരിടത്തും വ്യവസ്‌ഥ ചെയ്തിട്ടില്ല. എന്നാൽ, സ്നേഹിതരിൽനിന്നും ബന്ധുക്കളുടെ കൈയിൽനിന്നും വാങ്ങിയ വായ്പയ്ക്കും അതിന്റെ പലിശയ്ക്കും നിയമാനുസൃതമുള്ള തെളിവുകൾ ഉണ്ടായിരിക്കണം. എന്നു മാത്രവുമല്ല ഈ പണം ഭവനനിർമാണത്തിനായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സ്‌ഥാപിക്കുകയും ചെയ്യേണ്ടി വരും. എന്നാൽ, തിരിച്ചടവു തുകയ്ക്ക് ആദായനികുതി നിയമം 80 സിയിൽ ലഭിക്കുന്ന ആനുകൂല്യം മുകളിൽ പറഞ്ഞ സ്വകാര്യലോണുകൾക്ക് ലഭിക്കില്ല. അത് ബാങ്കിലേക്കും ധനകാര്യസ്‌ഥാപനങ്ങളിലേക്കും സൊസൈറ്റികളിലേക്കും ഉള്ള തിരിച്ചടവിനു മാത്രമാണ് ലഭിക്കുന്നത്.

ഭവനനിർമാണം പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷമാണ് പലിശയ്ക്കു കിഴിവു ലഭിക്കുന്നത്. നിർമാണ സമയത്തുണ്ടായ പലിശ ആകെ കണക്കാക്കി അതിനെ അഞ്ചു വർഷങ്ങളിലേക്ക് തുല്യമായി വീതിച്ച് കിഴിവായി അവകാശപ്പെടുത്താവുന്നതാണ്. എന്നാൽ, ഇത് മൊത്തം പരിധിയായ രണ്ടു ലക്ഷം രൂപയിൽ കൂടുതലാകരുത്. ഇവിടെയും ഭവനം അഞ്ചു വർഷം എങ്കിലും വിൽക്കാതെ കൈവശം സൂക്ഷിച്ചിരിക്കണം. വിൽക്കുകയാണെങ്കിൽ പലിശയുടെ ആനുകൂല്യം അവകാശപ്പെടാൻ സാധിക്കാതെ പാഴായിപ്പോകും.


4) ഇഎംഐക്ക് മുടക്കു വന്നാൽ പലിശയ്ക്ക് ആനുകൂല്യം ലഭിക്കുമോ?

പലിശക്ക് ആനുകൂല്യം ലഭിക്കും. ബാങ്കുകളും ധനകാര്യസ്‌ഥാപനങ്ങളും ചാർജ് ചെയ്യുന്ന പലിശയ്ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പലിശ ബാങ്കിലേക്ക് ആ വർഷംതന്നെ അടയ്ക്കണമെന്ന് ഒരിടത്തും വ്യവസ്‌ഥ ചെയ്തിട്ടില്ല. എന്നാൽ, മുതലിലേക്കുള്ള തിരിച്ചടവിനു തീർച്ചയായും തിരിച്ചടച്ച തുകയ്ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ബാങ്കിൽനിന്നു പലിശയ്ക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ അടച്ച പലിശയ്ക്കുള്ള സർട്ടിഫിക്കറ്റല്ല വാങ്ങേണ്ടത്, മറിച്ച് വായ്പയിന്മേൽ മൊത്തം ചാർജ് ചെയ്ത പലിശയ്ക്കുള്ള സർട്ടിഫിക്കറ്റാണ് ബാങ്കിൽനിന്നു ആദായനികുതി റിട്ടേൺ സമർപ്പണത്തിന്റെ ആവശ്യത്തിലേക്കു ലഭ്യമാക്കേണ്ടത്.

5) വായ്പ നല്കുന്ന സമയത്ത് ബാങ്കുകൾ എടുക്കുന്ന പ്രോസസിംഗ് ഫീസിനു കിഴിവ് ലഭിക്കുമോ?

വായ്പയ്ക്ക് ബാങ്കുകൾ ചാർജ് ചെയ്യുന്ന പ്രോസസിംഗ് ഫീസ് പലിശപോലെതന്നെ കിഴിവിനർഹമാണ്. ആദായനികുതി നിയമം അനുസരിച്ച് വായ്പ എടുക്കുന്നതിനുവേണ്ടി ചെലവായ എല്ലാ തുകയും പലിശ പോലെ തന്നെ ചെലവായി കണക്കാക്കുന്നതാണ്. എന്നു മാത്രമല്ല വെറെ ഏതു പേരിൽ എന്തു തുക ബാങ്കുകൾ ചാർജ് ചെയ്താലും അതും പലിശപോലെതന്നെ കണക്കാക്കും. എന്നാൽ, പിഴ പലിശയ്ക്ക് കിഴിവ് ലഭിക്കുന്നതല്ല.

6) സ്‌ഥലവും വായ്പയും സ്വന്തം പേരിൽ

ലോണിന്റെയും പലിശയുടെയും ആനുകൂല്യം ലഭിക്കണമെങ്കിൽ ലോണും സ്‌ഥലവും സ്വന്തം പേരിൽ ആയിരിക്കണം. സ്‌ഥലം ഭാര്യയുടെയോ പിതാവിന്റെയോ പേരിൽ ആയിരിക്കുകയും വായ്പ സ്വന്തം പേരിൽ എടുക്കുകയും (സ്‌ഥലമുടമ ഗ്യാരന്റർ മാത്രമാവും) ചെയ്യുന്ന സാഹചര്യത്തിൽ യാതൊരു വിധ ആനുകൂല്യത്തിനും വായ്പക്കാരൻ യോഗ്യനല്ല. സ്‌ഥലം ജോയിന്റ് പേരിലാണെങ്കിൽപോലും ആനുകൂല്യം ലഭിക്കും. ആനുകൂല്യം ലഭിക്കണമെങ്കിൽ ഉടമസ്‌ഥതയും ലോണും സ്വന്തം പേരിൽ ആയിരിക്കണം. ഏതെങ്കിലും ഒന്നു മാത്രം ഉണ്ടെങ്കിൽ ആ അർഹത ഉണ്ടാവില്ല.

7) പലിശയ്ക്ക് അധിക കിഴിവ്

പുതിയ ബജറ്റ് അനുസരിച്ച് ഈ സാമ്പത്തിക വർഷം മുതൽ എടുക്കുന്ന 35 ലക്ഷം രൂപയിൽ കവിയാത്ത ഭവനവായ്പയ്ക്ക് ആദായനികുതി നിയമം 80 ഇഇ അനുസരിച്ച് 50,000/– രൂപ വരെ പലിശയ്ക്ക് അധികം ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ വീടിന്റെ വില 50 ലക്ഷം രൂപയിൽ കൂടുതൽ ആകാൻ പാടില്ല, വായ്പ ബാങ്കിൽനിന്നോ ധനകാര്യ സ്‌ഥാപനങ്ങളിൽനിന്നോ എടുത്തിരിക്കണം, കടം എടുക്കുന്ന സമയത്ത് വായ്പക്കാരന് വേറെ വീട് ഉണ്ടായിരിക്കരുത്.

8) ദീർഘകാല മൂലധനനേട്ടത്തിനും കിഴിവ്

ആദായ നികുതി നിയമം 54ഉം 54 എഫ്ഉം അനുസരിച്ച് ദീർഘകാല മൂലധനനേട്ടം വീട് വയ്ക്കുന്നതിനോ വാങ്ങുന്നതിനോ ഉപയോഗിക്കുകയാണെങ്കിൽ നികുതിയിൽനിന്നു ഒഴിവ് ലഭിക്കുന്നതാണ്. മൂന്നു വർഷത്തിൽ കുറയാത്ത കാലം കൈവശം വച്ച വീട് വില്ക്കുകയാണെങ്കിൽ ഇൻഡക്സേഷനു ശേഷം ലഭിച്ച മൂലധനനേട്ടം വീടുവയ്ക്കുന്നതിനോ വാങ്ങുന്നതിനോ ഉപയോഗിച്ചാൽ മൂലധനനേട്ടത്തിനുള്ള നികുതിയിൽനിന്നു കിഴിവ് നേടാവുന്നതാണ്. കൂടാതെ വീട് ഒഴികെയുള്ള ദീർഘകാല സ്‌ഥാവര സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന തുക ഭവനം വാങ്ങുന്നതിനോ നിർമിക്കുന്നതിനോ ഉപയോഗിച്ചാൽ ദീർഘകാല മൂലധനനേട്ടത്തിനുള്ള നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതാണ്. എന്നാൽ, ഒന്നിൽ കൂടുതൽ ഭവനങ്ങൾ പ്രസ്തുത നികുതിദായകനുണ്ടെങ്കിൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

9) നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് വായ്പാത്തുക തിരിച്ചടച്ചാൽ

ഭവനനിർമാണം പൂർത്തിയാവുന്നതിനുമുമ്പ് ബാങ്കിൽനിന്നും ധനകാര്യസ്‌ഥാപനങ്ങളിൽനിന്നും എടുത്ത ഭവനവായ്പ തിരിച്ചടച്ചാൽ പ്രസ്തുത തുകയ്ക്ക് ആദായനികുതി നിയമം 80 സി അനുസരിച്ചുള്ള നികുതി ആനുകൂല്യത്തിനർഹത ഉണ്ടാവില്ല. മുതലിന്റെ തിരിച്ചടവിന്റെ ആനുകൂല്യം മാത്രമേ നഷ്ടമാവുകയുള്ളു. ഭവനനിർമാണം പൂർത്തിയാക്കിയശേഷം മൊത്തം പലിശ കണക്കാക്കി അഞ്ചു വർഷത്തേക്കായിട്ട് വീതിച്ച് പലിശയുടെ ആനുകൂല്യം അവകാശപ്പെടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.