ദേശീയ ഹരിത ട്രൈബ്യൂണൽ വിധി: വാഹന ഉടമകൾ സുപ്രീംകോടതിയിലേക്ക്
ദേശീയ ഹരിത ട്രൈബ്യൂണൽ വിധി: വാഹന ഉടമകൾ സുപ്രീംകോടതിയിലേക്ക്
Saturday, May 28, 2016 11:35 AM IST
കൊച്ചി: പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധി പുനഃപരിശോധിക്കണമെന്നു വാഹന ഉടമകളുടെ സംയുക്‌തസമിതി ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ട്രൈബ്യൂണൽ വിധിക്കെതിരെ വാഹന ഉടമകൾ സ്വന്തം നിലയിൽ സുപ്രീം കോടതിയെ സമീപിക്കുന്നതടക്കമുള്ള തീരുമാനങ്ങളും ഇന്നലെ കൊച്ചിയിൽ ചേർന്ന വാഹന ഉടമകളുടെ സംയുക്‌തയോഗം കൈക്കൊണ്ടു.

സംസ്‌ഥാനത്തെ ആറു നഗരങ്ങളിൽ പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചും സംസ്‌ഥാനമൊട്ടാകെ 2000 സിസിയിൽ കൂടുതലുള്ള പുതിയ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തടഞ്ഞുമാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. ട്രൈബ്യൂണലിന്റെ ഈ വിധി അപ്രായോഗികവും ശാസ്ത്രീയ വസ്തുതകൾ പഠിക്കാതെയുള്ളതുമാണെന്നു യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സമിതി ഭാരവാഹികൾ പറഞ്ഞു.

ഈ വിധി കേരളത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിക്കും. കൂടാതെ സംസ്‌ഥാനത്തൊട്ടാകെ കടുത്ത യാത്രാക്ലേശവും ഉണ്ടാക്കും. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതാവുന്നതോടെ 15 ലക്ഷത്തോളം ബസ് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും. ഡൽഹിയിൽ നടപ്പിലാക്കിയ സമാനമായ വിധിയിൽ വാഹനങ്ങളുടെ ഇന്ധനം സിഎൻജിയിലേക്കു മാറാൻ കൂടുതൽ സമയം അനുവദിച്ചിരുന്നു. എന്നാൽ, കേരളത്തിൽ 15 ദിവസം സമയപരിധി മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലൊന്നും ഏർപ്പെടുത്താത്ത നിയന്ത്രണം കേരളത്തിലെ കോർപറേഷനുകളിൽ നടപ്പാക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ രണ്ടു ലക്ഷത്തിലധികം ലോറികൾ സർവീസ് അവസാനിപ്പിക്കേണ്ടിവരും. 75,000 വലിയ ട്രക്കുകളും ഇതിൽ ഉൾപ്പെടും. കൂടാതെ അന്യസംസ്‌ഥാനത്തുനിന്നുള്ള പത്തുവർഷം കഴിഞ്ഞ ട്രക്കുകളും സംസ്‌ഥാനത്തു പ്രവേശിക്കുന്നതു തടയപ്പെടും.


ഇത് അവശ്യസാധനങ്ങൾ, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാ ചരക്കുകളുടെയും നീക്കം നിലയ്ക്കുന്നതിനും വിലക്കയറ്റത്തിനും വഴിവയ്ക്കും. സംസ്‌ഥാനത്ത് മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ബാധിച്ചിട്ടുണ്ടെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലാത്ത നിലയ്ക്കു തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളെ ഡൽഹിയെപ്പോലെ ട്രൈബ്യൂണൽ വിലയിരുത്തിയതു ശരിയായില്ല.

നിലവിൽ പ്രതിമാസം 130 കോടി രൂപ നഷ്‌ടം സഹിച്ചു സർവീസ് നടത്തുന്ന കെഎസ്ആർടിസി ഈ വിധിയോടു കൂടി അടച്ചുപൂട്ടേണ്ടി വരും. നിലവിൽ ഒരു പുതിയ ബസ് നിരത്തിലിറക്കുന്നതിനായി 27 ലക്ഷം രൂപയോളം ചെലവ് വരും. ഇത് 10 വർഷംകൊണ്ട് എങ്ങനെ വസൂലാക്കാനാകുമെന്നും ഭാരവാഹികൾ ചോദിച്ചു.

വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറയ്ക്കാൻ കമ്പനികൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ കാര്യക്ഷമത കൂട്ടാൻ നടപടിയെടുക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്. ഹരിത ട്രൈബ്യൂണലിന്റെ വിധിപ്പകർപ്പു ലഭിച്ചതിനു ശേഷം സുപ്രീം കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള ഭാവിപരിപാടികൾക്കു രൂപം നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ സംയുക്‌ത സമിതി ചെയർമാൻ ലോറൻസ് ബാബു, വിവിധ സംഘടനാ ഭാരവാഹികളായ കെ.ആർ രവി, സെബാസ്റ്റ്യൻ കുറ്റിക്കാട്ട്, സി.വി. അജിത് കുമാർ, ടി.ജെ രാജു, വസന്തകുമാർ,വി.ജെ. സെബാസ്റ്റ്യൻ, എം.ബി സത്യൻ, കെ.പി വത്സലൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.