പുതിയ വാഹനത്തിന് സർക്കാർ ആനുകൂല്യം
Saturday, May 28, 2016 11:35 AM IST
ന്യൂഡൽഹി: പതിനൊന്നു വർഷം പഴക്കംചെന്ന വാഹനങ്ങൾ സർക്കാരിലേക്ക് നൽകുന്നവർക്ക് പുതിയവ വാങ്ങുമ്പോൾ എട്ടുമുതൽ 11 ശതമാനം വരെ മൊത്തം വിലയിൽ ആനുകൂല്യം ലഭിക്കും. 2005 മാർച്ച് 31നോ അതിനുമുമ്പോ വാങ്ങിയിട്ടുള്ള വാഹനങ്ങൾക്കാണ് ഈ സൗജന്യം. വാഹന കമ്പനികളുടെ ഭാഗത്തുനിന്നുള്ള പ്രത്യേക വിലക്കിഴിവ്, കുറവ് എക്സൈസ് തീരുവ, പഴയവാഹനത്തിന്റെ സ്ക്രാപ് വില കണക്കാക്കിയുള്ള ആനുകൂല്യം എന്നിങ്ങനെ മൂന്നുതരത്തിലാണ് ഗുണഭോക്‌താവിന് ലാഭം ലഭ്യമാക്കുക. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി പഴഞ്ചൻ വാഹനങ്ങളെ ഗതാഗതത്തിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യം നൽകാൻ വോളന്ററി വെഹിക്കിൾ ഫ്ളീറ്റ് മോഡണൈസേഷൻ പ്ലാൻ (വി–വിഎംപി) എന്ന പദ്ധതിപ്രകാരം സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കണക്ക് പ്രകാരം ഇത്തരത്തിൽ രണ്ടു കോടി 80 ലക്ഷം വാഹനങ്ങളാണുള്ളത്. വാങ്ങുന്ന പുതിയ വാഹനങ്ങൾ ബിഎസ്–4 ഗുണമേന്മയുള്ളതാവണമെന്ന് വ്യവസ്‌ഥയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.