പ്രതാപമൊഴിയുന്ന ഡീസൽ...
പ്രതാപമൊഴിയുന്ന ഡീസൽ...
Friday, May 27, 2016 11:53 AM IST
<ആ>ഐബിൻ കാണ്ടാവനം

മൂന്നു വർഷം മുമ്പ് വാഹനങ്ങളുടെമേൽ ഏകാധിപതിയായി നിലനിന്നിരുന്ന ഇന്ധനമായിരുന്നു ഡീസൽ. ഡീസലിന്റെ വിലക്കുറവ് ഉപയോക്‌താക്കളെയും കാർനിർമാതാക്കളെയും വളരെയധികം ഹരംകൊള്ളിച്ചു. രാജ്യത്ത് ഡീസൽ വാഹനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തിയത് ഈ വിലക്കുറവാണ്. ഡിസലിലുള്ള കേന്ദ്രസർക്കാരിന്റെ സബ്സിഡി പിൻവലിച്ചതോടെ ഡീസൽ പൊള്ളുന്ന ഇന്ധനമാണെന്ന് ജനങ്ങൾ അറിഞ്ഞു. ഏറ്റവും പുതിയതായി 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഡൽഹിക്കു പിന്നാലെ കേരളത്തിലും എത്തിയപ്പോൾ അമ്പരന്നത് ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിരത്തൊഴിയുന്നത് പതിനായിരക്കണക്കിനു വാഹനങ്ങളാകും.

ഏറ്റവും തിരിച്ചടി നേരിടുക വാഹനനിർമാതാക്കൾക്കാകും. ആകെ 75,000 കോടി രൂപയുടെ നിക്ഷേപമാണ് നിർമാതാക്കൾ ഡീസൽ വാഹനങ്ങൾക്കായി നടത്തിയിട്ടുള്ളത്. നിയമം നടപ്പിലായാൽ ജനങ്ങൾ സ്വാഭാവികമായും പെട്രോൾ വാഹനങ്ങളിലേക്കും ചുവടുമാറ്റും. ആയിരക്കണക്കിനു ഭാഗങ്ങൾ ഉപയോഗിച്ചാണ് ഒരു വാഹനം നിർമിക്കുന്നത്. വിതരണശൃംഖലയാകട്ടെ അതീവ സങ്കീർണവും. മാറ്റം നടപ്പിലാക്കാൻ സമയം അനിവാര്യമാണെന്നാണ് ഹോണ്ട കാർ ഇന്ത്യ മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജ്‌ഞാനേശ്വർ സെനിന്റെ അഭിപ്രായം.

ഹോണ്ടയ്ക്ക് 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ വിരളമായതിനാൽ വിലക്ക് കാര്യമായി ബാധിക്കില്ല. എന്നാൽ, ഇത് കാര്യമായി ബാധിക്കുക ടൊയോട്ടയെയും മെഴ്സിഡസിനെയുമായിരിക്കും. യാത്രാവാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ കമ്പനികളുടെ വാഹനങ്ങളാണ്. ഡിസംബറിൽ ഡൽഹിയിൽ വിലക്ക് വന്നതോടെ വിപണിയിൽ മികച്ച പ്രതികരണമുള്ള ഹോണ്ട സിറ്റിയുടെ ഡീസൽ മോഡലിന്റെ ഉത്പാദനം കുറച്ച് പെട്രോൾ മോഡൽ വർധിപ്പിക്കുകയാണ് ഹോണ്ട ചെയ്തത്. അതായത്, 60 ശതമാനമായിരുന്ന പെട്രോൾ മോഡലിന്റെ ഉത്പാദനം 72 ശതമാനമാക്കി ഉയർത്തി. 40 ശതമാനമായിരുന്ന ഡീസൽ കാർ ഉത്പാദനം 28 ആയി ചുരുക്കി.


<ആ>പ്രതിസന്ധിയിലായത് പ്രമുഖ കമ്പനികൾ

2015–16 സാമ്പത്തികവർഷത്തിന്റെ അവസാനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ, ജനറൽ മോട്ടോഴ്സ്, മെഴ്സിഡസ് ബെൻസ് ഇന്ത്യ, ബിഎംഡബ്ല്യു, ഫോർഡ് ഇന്ത്യ എന്നിവരുടെ നടപ്പിലാകാ നുള്ള പദ്ധതികളിലുള്ള മൊത്തം നിക്ഷേപം 9,500 കോടിയാണ്. നിരോധനം ഈ കമ്പനികൾക്ക് വൻ തിരിച്ചടിയാകും.

2000 സിസിക്കു താഴേയുള്ള ഡീസൽ വാഹനങ്ങൾ പുറംതള്ളുന്നതും ഒരേ പുകതന്നെയല്ലേ എന്നാണ് നിർമാതാക്കളുടെ ചോദ്യം.

നിരോധനം നടപ്പിലായാൽ പുതിയ തീരുമാനമെടുക്കാനായിരിക്കും ടാറ്റാ മോട്ടോഴ്സും മഹീന്ദ്രയും ശ്രമിക്കുക. നിലവിലുള്ള പ്രധാന ഡീസൽ വാഹനങ്ങളുടെ എൻജിൻ മാറ്റി പകരം 2000 സിസിക്കു താഴെയുള്ള എൻജിൻ ഘടിപ്പിക്കാൻ ഇരുകമ്പനികളും ആലോചിക്കുന്നുണ്ട്. മാത്രമല്ല വിപണിയിൽ പിടിച്ചുനിൽക്കാൻ പെട്രോൾ വേർഷനുകൾ ഇറക്കാനും സാധ്യതയുണ്ട്.

അതേസമയം, ആയിരക്കണക്കിന് എസ്യുവി പ്രേമികളെ നിരോധനം വിഷമിപ്പിക്കുന്നുണ്ട്. വലിയ വാഹനങ്ങൾക്ക് ശക്‌തി കുറഞ്ഞ എൻജിനുകൾ ഘടിപ്പിക്കുന്നതിൽ നേട്ടമില്ലെന്നാണ് അവരുടെ വാദം. മാത്രമല്ല ഇന്നത്തെ സാഹചര്യത്തിൽ വലിയ യാത്രകൾക്കും എസ്യുവി മോഡലുകൾക്കും പെട്രോൾ ഉപയോഗിക്കുന്നത് വളരെ പണച്ചെലവുണ്ടാക്കുന്നതാണ്. അതായത്, പെട്രോൾ എൻജിനെ അപേക്ഷിച്ച് ഡീസൽ എൻജിൻ 25–30 ശതമാനം അധികം മൈലേജ് നല്കുന്നുണ്ട്. ദൂരെയാത്രകൾക്ക് ജനങ്ങൾ ഡീസൽ വാഹനങ്ങൾ ഇഷ്‌ടപ്പെടാൻ ഇതാണു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.