ഐടി കമ്പനികൾ ഈ വർഷം റിക്രൂട്ട്മെന്റ് കുറച്ചേക്കും
Friday, April 22, 2016 12:22 PM IST
ഹൈദരാബാദ്: രാജ്യത്തെ ഐടി കമ്പനികൾ ഈ വർഷം പുതിയ റിക്രൂട്ട്മെന്റുകൾ കുറച്ചേക്കും. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവ് ജീവനക്കാരയേ കമ്പനികൾ എടുക്കൂ. ടിസിഎസ്, ഇൻഫോസിസ് പോലുള്ള പ്രമുഖ കമ്പനികളും പുതിയ ജീവനക്കാരെ എടുക്കുന്നതു കുറയ്ക്കും. യന്ത്രവത്കരണത്തിന് കൂടുതൽ പ്രാധാന്യം നല്കുന്നതുമൂലമാണ് പുതിയ ജീവനക്കാരുടെ എണ്ണം കമ്പനികൾ വെട്ടിക്കുറയ്ക്കാൻ കാരണമെന്നാണ് നാസ്കോമിന്റെ റിപ്പോർട്ട്.

2016–17ൽ രാജ്യത്തെ പ്രമുഖ ഐടി കമ്പനികൾ 2.75 ലക്ഷം ജീവനക്കാരെ പുതിയതായി നിയമിക്കുമെന്ന് കഴിഞ്ഞ ജൂണിൽ ഐടി വ്യവസായ സംഘടനയായ നാസ്കോം പ്രവചിച്ചിരുന്നു. തലേ വർഷം 2.3 ലക്ഷം ആളുകളെയാണ് ഐടി കമ്പനികൾ എടുത്തത്. എന്നാൽ, റിക്രൂട്ട്മെന്റിൽ കുറവു വരുമെങ്കിലും മൊത്തവരുമാനവളർച്ചയിൽ കുറവുണ്ടാവില്ലെന്ന് നാസ്കോം ചെയർമാൻ സി.പി. ഗുർണാനി പറഞ്ഞു. ടെക് മഹീന്ദ്രയുടെ മേധാവികൂടിയാണ് അദ്ദേഹം. കടന്നുപോയ സാമ്പത്തികവർഷം 10–11 ശതമാനം അധികവളർച്ചയാണ് ഐടി കമ്പനികൾക്കുണ്ടായിട്ടുള്ളത്. മുൻവർഷങ്ങളെപ്പോലെ അധിക തൊഴിലവസരങ്ങൾ എല്ലാക്കാലത്തും സൃഷ്‌ടിക്കാൻ കഴിയില്ല. ഡിജിറ്റൽ ലോകം യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു; അത് തൊഴിലവസരങ്ങൾ കുറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ, കോഗ്നിസാന്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനികൾ 2015ൽ 77,265 പേരെയാണ് പുതുതായി നിയമിച്ചത്. തലേ വർഷം ഈ കമ്പനികൾ നിയമിച്ചതിനേക്കാളും 24 ശതമാനം കുറവാണിത്. എന്നാൽ, ഈ കമ്പനികളുടെ വരുമാനത്തിൽ 9.8 ശതമാനം വർധനയുണ്ടായി.


പുതിയ റിക്രൂട്ട്മെന്റുകളിൽ കുറവു വരുത്തുമെന്ന് ഈ വാരാദ്യം ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് എൻ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ചിരുന്നു. 2015–16 വർഷത്തിന്റെ നാലാം പാദത്തിൽ 22,576 പുതിയ ജീവനക്കാരെയാണ് ടിസിഎസ് നിയമിച്ചത്. 3.53 ലക്ഷമാണ് ടിസിഎസിലെ ജീവനക്കാരുടെ എണ്ണം. തൊഴിലാളികളുടെ എണ്ണം കുറച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അതേസമയം, ഇൻഫോസിസിന്റെ അംഗബലം ഇപ്പോൾ 1,94,044 ആണ്. തലേ വർഷം ഇത് 1,76,187 ആയിരുന്നു. കഴിഞ്ഞ ധനവർഷത്തിന്റെ അവസാനപാദത്തിൽ 661 പേരെ പുതുതായി എടുത്തു. എന്നാൽ, കമ്പനിയുടെ പുതിയ റിക്രൂട്ട്മെന്റ് നയം പുറത്തുവിട്ടിട്ടില്ല.

എണ്ണവിലയിലെ ഇടിവ് രാജ്യത്തെ ചില കമ്പനികൾക്ക് പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാൽ, ഇതു ഗുരുതരമല്ലെന്നാണു വിലയിരുത്തൽ. കാരണം, ഐടി കമ്പനികളുടെ വരുമാനത്തിൽ 60 ശതമാനവും അമേരിക്കയിൽനിന്നാണ്. 25 ശതമാനം യൂറോപ്പിൽനിന്നും. അതിനാൽ എണ്ണയധിഷ്ഠിത രാജ്യങ്ങളിലെ പ്രതിസന്ധി വലിയ ആഘാതം സൃഷ്‌ടിക്കാനിടയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.