റബർ കുതിപ്പ് തുടരുന്നു
റബർ കുതിപ്പ് തുടരുന്നു
Thursday, April 21, 2016 12:08 PM IST
കോട്ടയം: റബർവിലയിലെ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഉയർച്ചയ്ക്ക് ആനുപാതികമായാണ് ഇവിടെയും വില കയറുന്നത്. റബർ കാര്യമായി വിപണിയിൽ എത്താത്തതും കയറ്റത്തെ സഹായിക്കുന്നു.

ഇന്നലെ റബർബോർഡ് നല്കിയ നിരക്ക് പ്രകാരം ആർഎസ്എസ് നാല് ഇനം വില 139 രൂപയായി. ഇന്നലെ മാത്രം നാലു രൂപയാണു കിലോഗ്രാമിനു വർധിച്ചത്. ഈ മാസം ഒന്നാം തീയതി 115 രൂപയായിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു ഈ വർഷം ഏറ്റവും താണവിലയായ 91 രൂപയിൽ വ്യാപാരം നടന്നത്. അതിനേക്കാൾ 48 രൂപ (52.75 ശതമാനം) കൂടുതലാണ് ഇന്നലത്തെ വില.

ആർഎസ്എസ് അഞ്ച് ഫെബ്രുവരിയിലെ 87 രൂപയിൽനിന്ന് ഇന്നലെ 136 രൂപയിലെത്തി. 49 രൂപ (56.32 ശതമാനം) യാണു വർധന. ഇന്നലെ മാത്രം നാലു രൂപ വർധിച്ചു.


ഐഎസ്എൻആർ 20 126 രൂപയിലെത്തിയപ്പോൾ ഈ വർഷത്തെ താണ നിലയിൽനിന്ന് 50.9 ശതമാനം ഉയരത്തിലായി. ലാറ്റക്സ് 78.2 രൂപയിൽനിന്ന് 110.95 രൂപയിലേക്കു കയറി. 42 ശതമാനം ഉയർച്ച മാത്രം.

ക്രൂഡ് ഓയിൽ വിലയുടെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയിലും വില കയറുകയാണ്. ബാങ്കോക്കിൽ ആർഎസ്എസ്–3 ന്റെ വില ഇന്നലെ 118.76 രൂപയായി. ജനുവരിയിലെ താണ നിലയിൽനിന്ന് 54.8 ശതമാനം കൂടുതലാണിത്. ടോക്കിയോ അവധി വിപണി (ടോകോം)യിൽ നാലുമാസ കോൺട്രാക്റ്റുകൾ 200 യെന്നിനു മുകളിലായി.

രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 46.1 ഡോളർ വരെ കയറിയിട്ട് അല്പം താണു. ഡബ്ള്യുടിഐ ഇനം 44 ഡോളറിനു മുകളിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.