അമേരിക്കന്‍ വളര്‍ച്ച കുറഞ്ഞു; ലോകകമ്പോളങ്ങള്‍ കൂപ്പുകുത്തി
അമേരിക്കന്‍ വളര്‍ച്ച കുറഞ്ഞു; ലോകകമ്പോളങ്ങള്‍ കൂപ്പുകുത്തി
Friday, February 12, 2016 12:07 AM IST
വാഷിംഗ്ടണ്‍/മുംബൈ: അമേരിക്കയുടെ സാമ്പത്തികവളര്‍ച്ച പ്രതീക്ഷിച്ചയത്ര നേട്ടം കൈവരിച്ചില്ലെന്ന് ഫെഡറല്‍ റിസേര്‍വ് (ഫെഡ്) ചെയര്‍പേഴ്സണ്‍ ജാനറ്റ് എലന്‍ വെളിപ്പെടുത്തി. പിന്നാലെ ലോകകമ്പോളങ്ങള്‍ കൂപ്പുകുത്തി. ഹോങ്കോംഗ് സൂചിക ഹാങ്സെങ് 3.8 ശതമാനം തകര്‍ന്നു. ഇന്ത്യന്‍ വിപണികളും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് മൂന്നു ശതമാനം ഇടിഞ്ഞു.

സാമ്പത്തികഭദ്രത മെച്ചമല്ലെന്നുള്ള എല്ലന്റെ വെളിപ്പെടുത്തല്‍ വൈകാതെതന്നെ ഫെഡ് പലിശനിരക്കില്‍ മാറ്റം വരുത്താനിടയുണ്െടന്ന സൂചനയാണ് നല്കുന്നത്. ഈ അഭ്യൂഹം പരന്നതോടെയാണ് ആഗോള കമ്പോളങ്ങള്‍ തകര്‍ന്നത്. ചൈനീസ് ചാന്ദ്രവര്‍ഷം പ്രമാണിച്ച് മൂന്നു ദിവസം അവധിയായിരുന്ന ഹോങ്കോംഗ് വിപണി തകര്‍ച്ചയോടെയാണു തുടങ്ങിയത്. ഹോങ്കോംഗ് സൂചിക ഹാങ്സെങ് 3.85 ശതമാനം തകര്‍ന്നു. 2012 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഓഹരിവിപണികളിലെ തകര്‍ച്ച ഹോങ്കോംഗില്‍ പ്രതിഷേധത്തിനു വഴിയൊരുക്കി. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചിലര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഓഹരിത്തകര്‍ച്ച ഹോങ്കോംഗിലെ ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണകൊറിയ മൂന്നു ശതമാനം തകര്‍ച്ചയിലും സിങ്കപ്പൂര്‍ 0.8 ശതമാനം തകര്‍ച്ചയിലും ക്ളോസ് ചെയ്തു.

നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ മത്സരിച്ചത് യൂറോപ്യന്‍ വിപണികളെയും തകര്‍ച്ചയുടെ കയ്പുനീര്‍ കുടിപ്പിച്ചു. യൂറോപ്യന്‍ സൂചികകളില്‍ ലണ്ടന്റെ എഫ്ടിഎസ്ഇ 1.2 ശതമാനവും ജര്‍മനിയുടെ ഡാക്സ് 2.09 ശതമാനവും ഫ്രാന്‍സിന്റെ കാക് 3.39 ശതമാനവും തകര്‍ന്നു. ജാപ്പനീസ്, ചൈനീസ്, തായ്വാന്‍ സൂചികകള്‍ ചാന്ദ്രവര്‍ഷം പ്രമാണിച്ച് പൊതു അവധിയിലായതിനാല്‍ തകര്‍ച്ച ബാധിച്ചിട്ടില്ല.

ഇന്ത്യന്‍ സൂചികകള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 807.07 പോയിന്റ് ഇടിഞ്ഞ് 22,951.83ലും നിഫ്റ്റി 239.35 പോയിന്റ് ഇടിഞ്ഞ് 6,976.35ലും ക്ളോസ് ചെയ്തു. ബുധനാഴ്ച സെന്‍സെക്സ് 262 പോയിന്റും നിഫ്റ്റി 82.50 പോയിന്റും ഇടിഞ്ഞിരുന്നു. സെന്‍സെക്സിന്റേത് 2014 മേയ് ഏട്ടിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ്. ഇന്ത്യന്‍ വിപണികളില്‍ മൂന്നു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെ മാത്രമുണ്ടായത്. ഈ ആഴ്ചയിലെ നഷ്ടം ഏഴു കോടി വരും.


ആറ് ആഴ്ചകൊണ്ടു വര്‍ധിച്ചത് 2,000 രൂപ

കൊച്ചി/മുംബൈ: സ്വര്‍ണവില കുതിക്കുന്നു. ഡോളറിന്റെ വിനിമയനിരക്കു താണതാണു കാരണം. ഇന്നലെ കേരളത്തില്‍ പവനു 120 രൂപ കയറി 20920 രൂപയായി. ഡിസംബര്‍ 31ന് 18920 രൂപയായിരുന്നു വില. ആറ് ആഴ്ചകൊണ്ടു പവനു രണ്ടായിരം രൂപ കൂടി. വില ഇന്നും വര്‍ധിക്കുമെന്നാണു സൂചന. 2015-ല്‍ പവന് 1160 രൂപ കുറഞ്ഞ സ്ഥാനത്താണ് ഒന്നരമാസം കൊണ്ട് 2000 രൂപ (10.6 ശതമാനം) വര്‍ധിച്ചത്. ഇന്നലെ അവധി വിപണികളില്‍ വില കുത്തനെ കൂടി.


ഇന്നലെ ലണ്ടനിലും ന്യൂയോര്‍ക്കിലും സ്വര്‍ണവില ഔണ്‍സിന് (31.1 ഗ്രാം) 1225 ഡോളറിലെത്തി. ഇന്നലെ ഉച്ചവരെ രണ്ടര ശതമാനമാണു വര്‍ധന. ഡിസംബര്‍ 31-നു ലണ്ടനില്‍ ഔണ്‍സിന് 1061 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 16 ശതമാനം വര്‍ധിച്ചു. ഇനിയും വില കൂടുമെന്നാണു സൂചന.

അമേരിക്ക പലിശനിരക്ക് ഉടനേ കൂട്ടില്ല എന്ന് ഉറപ്പായതാണു കാരണം. അമേരിക്കന്‍ സെനറ്റ് കമ്മിറ്റിയില്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) അധ്യക്ഷ ജാനറ്റ് എലന്‍ പറഞ്ഞ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായതിനാല്‍ പലിശ കൂടുതല്‍ സാവധാനമാകും എന്നാണ്. ഇതോടെ ഡോളര്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു മാറി.

മുംബൈയില്‍ സ്റാന്‍ഡാര്‍ഡ് സ്വര്‍ണം 10 ഗ്രാം 945 രൂപ കയറി 28,835 രൂപയിലെത്തി. അവധിവിപണികളില്‍ സ്വര്‍ണം 10 ഗ്രാം 29,000 രൂപ കടന്നു. വെള്ളി കിലോ ഗ്രാമിന് 1,215 രൂപ കയറി 38,000ലെത്തി.

രൂപയും ഇടിഞ്ഞു

മുംബൈ: ലോകകമ്പോളങ്ങളുടെ തകര്‍ച്ചയ്ക്കൊപ്പം രൂപയുടെ മൂല്യവും തകര്‍ന്നു. ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് 45 പൈസ ഇടിഞ്ഞ് 68.30 രൂപയായി. ബുധനാഴ്ച രൂപയുടെ വിനിമയനിരക്ക് ആറു പൈസ ഉയര്‍ന്നിരുന്നു.

2016-ലെ നഷ്ടം 12 ശതമാനം

ഇന്നലെ 807.07 പോയിന്റ് താണ് സെന്‍സെക്സ് 22951.83 ആയതോടെ ഈ വര്‍ഷത്തെ സെന്‍സെക്സ് നഷ്ടം 3165.71 പോയിന്റ്. ഡിസംബര്‍ 31-നു ക്ളോസ് ചെയ്തത് 26117.54-ല്‍ ഇന്നലെ വരെ നഷ്ടം 12.12 ശതമാനം.

സെന്‍സെക്സ് ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡായ 30025-ല്‍നിന്ന് 23.55 ശതമാനം താഴെയാണ്.

നിഫ്റ്റി സൂചികയാകട്ടെ ജനുവരി ഒന്നു മുതല്‍ 970 പോയിന്റ് നഷ്ടപ്പെടുത്തി. 7946.35ല്‍നിന്ന് 6976.35ല്‍ എത്തിയപ്പോള്‍ 12.2 ശതമാനം ഇടിവ്. സര്‍വകാല റിക്കാര്‍ഡായ 9119-ല്‍നിന്ന് 23.5 ശതമാനം താഴെയാണ് ഇന്നലെത്തെ ക്ളോസിംഗ്.

ഇന്നലത്തെ ക്ളോസിംഗ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പുള്ള നിലയിലേക്ക് ഇന്ത്യന്‍ ഓഹരി സൂചികകളെ എത്തിച്ചു.

സൂചികകള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് 20 ശതമാനത്തിലധികം താണിരിക്കുന്നതിനാല്‍ ഇനി കുറേ മാസത്തേക്കു താഴ്ന്ന നിലയിലായിരിക്കും എന്നു കരുതപ്പെടുന്നു. ഒരു കരടിവലയത്തിലേക്ക് ഇന്ത്യന്‍ ഓഹരിവിപണിയും വീണിരിക്കുകയാണ്. സെന്‍സെക്സ് 20,000വും നിഫ്റ്റി 6000 ഉം കടന്നു താഴോട്ടു പോകുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.