കുറഞ്ഞ വരുമാനക്കാര്‍ക്കായി എസ്ബിടിയുടെ നൂതന ഭവനവായ്പ
Sunday, November 29, 2015 11:39 PM IST
തിരുവനന്തപുരം: രാജ്യത്തെ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കുമായി എസ്ബിടി നൂതന ഭവനവായ്പാ പദ്ധതിക്കു രൂപം നല്‍കി.

ഹൌസിംഗ് ഫോര്‍ ഓള്‍ (അര്‍ബന്‍): മിഷന്‍ 2022 എന്നാണ് പദ്ധതിയുടെ പേര്. 2022 ആകുമ്പോഴേക്കും ഇന്ത്യയിലെ നഗരങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും താമസയോഗ്യമായ വീടെന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ പങ്കാളികളാകുകയാണു പദ്ധതിയുടെ ലക്ഷ്യം. സ്വച്ഛ് ഭാരത് മിഷന്റെ ആശയവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2011ലെ സെന്‍സസ് അനുസരിച്ചു നഗരപദവിയുള്ള എല്ലായിടത്തും വായ്പ ലഭ്യമാകും.

മൂന്നു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വായ്പ നല്‍കുന്നത്. മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ രൂപ വാര്‍ഷിക വരുമാനമുള്ളവരെയാണു താഴ്ന്ന വരുമാനക്കാരായി പരിഗണിക്കുന്നത്. ഗുണഭോക്താക്കള്‍ക്കു പലിശയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 6.50 ശതമാനം സബ്സിഡി ലഭ്യമാകും. ലളിതമായ നടപടിക്രമങ്ങളും ചട്ടങ്ങളിലെ ഇളവുകളും ഗുണഭോക്താക്കള്‍ക്കു പെട്ടെന്നു വായ്പ ലഭ്യമാകാന്‍ ഉപകരിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ജീവിതനിലവാരവും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.