നിര്‍ണായക പ്രഖ്യാപനങ്ങള്‍ വരുന്നു
Sunday, November 29, 2015 11:37 PM IST
മുംബൈ: വര്‍ഷത്തിലെ അവസാനമാസത്തിന്റെ ആദ്യ ആഴ്ച സാമ്പത്തികമേഖലയ്ക്കു നിര്‍ണായകമാകും. ഒരു സുപ്രധാന തീരുമാനം, ഒരു സുപ്രധാന വിവരം, ചരക്കുസേവന നികുതി (ജിഎസ്ടി) ബില്ലിന്റെ ബാവി - എല്ലാം അറിയുന്നത് ഈ ആഴ്ചയാണ്.

തിങ്കളാഴ്ച ഇന്ത്യയുടെ രണ്ടാംപാദ (ജൂലൈ-സെപ്റ്റംബര്‍) സാമ്പത്തിക (ജിഡിപി) വളര്‍ച്ചയുടെ കണക്ക് പുറത്തുവരും. ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ച വന്നോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ദ്വൈമാസ പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമോ എന്ന് എല്ലാവരും ശ്രദ്ധിക്കുന്നു.

ഇതിനിടെ ഗവണ്‍മെന്റും പ്രതിപക്ഷവുമായി ജിഎസ്ടി ബില്‍ സംബന്ധിച്ചു വ്യക്തമായ ധാരണ ഉണ്ടാകും എന്നാണു സൂചന. ധാരണ ഉണ്ടായാല്‍ ജിഎസ്ടി അടുത്ത ഏപ്രില്‍ ഒന്നിനു നടപ്പാകും. ജിഡിപി വളര്‍ച്ചയില്‍ അര മുതല്‍ ഒന്നു വരെ ശതമാനം വര്‍ധനയ്ക്കു സഹായിക്കുന്നതാണു ജിഎസ്ടി എന്നു കരുതപ്പെടുന്നു.

രണ്ടാംപാദത്തില്‍ വളര്‍ച്ച ഏഴു ശതമാനത്തിലധികം ഉണ്ടാകുമന്നാണു പരക്കെ കരുതുന്നത്. റോയിട്ടേഴ്സ് 45 ധനശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ നിഗമനം 7.3 ശതമാനം എന്നാണ്. 6.9 മുതല്‍ 7.6 വരെ ശതമാനം വളര്‍ച്ചയാണ് വിവിധ വ്യക്തികള്‍ കണക്കാക്കുന്നത്. ഇന്ത്യാ റേറ്റിംഗ്സ് എന്ന ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനം കണക്കാക്കുന്നത് 7.6 ശതമാനം വളര്‍ച്ചയാണ്.


2015-16ല്‍ എട്ട്, എട്ടര ശതമാനം വളര്‍ച്ചയാണു ബജറ്റില്‍ പ്രതീക്ഷിച്ചത്. പക്ഷേ, റിസര്‍വ് ബാങ്ക് സെപ്റ്റംബറില്‍ കണക്കാക്കിയത് 7.4 ശതമാനം വളര്‍ച്ചയാണ്. നേരത്തേ 7.6 ശതമാനം വളര്‍ച്ചയായിരുന്നു ബാങ്കിന്റെ പ്രതീക്ഷ.

ഒന്നാംപാദത്തില്‍ ഏഴു ശതമാനമേ വളര്‍ച്ചയുള്ളൂ. 2014-15ല്‍ ഓരോ പാദത്തിലെയും വളര്‍ച്ച ശതമാനം ഇപ്രകാരമായിരുന്നു. ഒന്ന്- 6.5, രണ്ട് - 8.2, മൂന്ന്- 6.7, നാല് - 7.5.

വളര്‍ച്ചനിരക്ക് എന്തായാലും ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പലിശനിരക്കു മാറ്റില്ലെന്നാണു പരക്കെ കരുതപ്പെടുന്നത്. ഇപ്പോള്‍ 6.75 ശതമാനമാണു റീപോ നിരക്ക്. റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരെല്ലാം നിരക്കു മാറ്റില്ലെന്നാണു അഭിപ്രായപ്പെട്ടത്.

വ്യാഴാഴ്ച യൂറോപ്യന്‍ കേന്ദ്രബാങ്ക് (ഇസിബി) പണനയ അവലോകനത്തിനു ചേരുന്നുണ്ട്. അവര്‍ സാമ്പത്തിക ഉത്തേജന പദ്ധതി വ്യാപിപ്പിക്കുമെന്നാണു സൂചന.

ഡിസംബര്‍ 16ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) പലിശ കൂട്ടല്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. അതു പ്രതീക്ഷിച്ചു ഡോളറിന്റെ വില കൂടിവരുകയാണ്. യുഎസ് പലിശ കൂടുമ്പോള്‍ ഇന്ത്യയിലെ ഓഹരികളിലും കടപ്പത്രങ്ങളിലുംനിന്നു നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്നാണ് ആശങ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.